നെയ്യാറ്റിന്‍കരയിലെ ദമ്പതികളുടെ മരണം: റൂറല്‍ എസ് പി അന്വേഷിക്കും
Neyyattinkara couple's death: Rural SP to probe
തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ തര്‍ക്കഭൂമി ഒഴിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് ദേഹത്ത് പെട്രോളൊഴിച്ച ദമ്പതികള്‍ മരിച്ച സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ട് ഡിജിപി ലോക്‌നാഥ് ബെഹ്‌റ. റൂറല്‍ എസ്പിയാണ് അന്വേഷിക്കുക. ഭൂമി ഒഴിപ്പിക്കലുമായി ബന്ധപ്പെട്ട് പോലീസിന്റെ ഭാഗത്ത് നിന്ന് വീഴ്ച പറ്റിയോ എന്നതാണ് അന്വേഷിക്കുക.
ദമ്പതികളുടെ മരണത്തില്‍ പോലീസിന് വീഴ്ച പറ്റിയോ എന്ന കാര്യമാണ് അന്വേഷിക്കാന്‍ നിര്‍ദേശിച്ചിരിക്കുന്നത്. ദമ്പതികളോട് മോശമായി പോലീസ് പെരുമാറിയോ എന്നതുള്‍പ്പെടെ അന്വേഷിക്കും.
പോലീസ് ഒഴിപ്പിക്കാനെത്തിയപ്പോള്‍ ദേഹത്ത് പെട്രോളൊഴിച്ച നെയ്യാറ്റിന്‍കര സ്വദേശി രാജനും ഭാര്യ അമ്പിളിയും ലൈറ്റെടുത്ത് കയ്യില്‍ പിടിച്ച് കത്തിച്ചപ്പോള്‍ അത് മാറ്റാന്‍ പോലീസ് ആവശ്യപ്പെടുകയായിരുന്നു എന്നാണ് ഉദ്യോഗസ്ഥ തലത്തില്‍ നിന്ന് വരുന്ന പ്രതികരണം. ലൈറ്റര്‍ തട്ടിമാറ്റാന്‍ ശ്രമിക്കുന്നതിനിടെ തീയാളി പിടിച്ചെന്നാണ് പോലീസ് പറയുന്നത്.
മൂന്ന് സെന്റ് ഭൂമി ഒഴിപ്പിക്കുന്നത് പോലുള്ള ഇത്തരം ചെറിയ കേസുകള്‍ സംയമനത്തോടെയും സഹാനുഭൂതിയോടെയും പോലീസ് കൈകാര്യം ചെയ്യേണ്ടതായിരുന്നെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉള്‍പ്പെടെയുള്ളവര്‍ പറഞ്ഞു. പോലീസും വീട് ഒഴിപ്പിക്കാന്‍ ഹര്‍ജി നല്‍കിയ അയല്‍ക്കാരും തമ്മില്‍ ഒത്തുകളിച്ചെന്നാണ് രാജന്റെ മക്കളുടെ ആരോപണം.