News in Malayalam Malayalam News
റിയാദ്: സൗദി അറേബ്യയുടെ ദക്ഷിണ പ്രവിശ്യയായ അസീറിലെ മഹായിലില്‍ പിക്കപ്പും വാട്ടര്‍ ടാങ്കറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യാത്രക്കാരായ രണ്ടു വിദ്യാര്‍ത്ഥികളും മൂന്നു വിദേശികളും മരണപ്പെട്ടു. മരിച്ച വിദ്യാര്‍ത്ഥികള്‍ സഹോദരങ്ങളാണ്.
ഇക്കൂട്ടത്തില്‍ ഒരാള്‍ ഇന്റര്‍മീഡിയറ്റ് രണ്ടാം ക്ലാസിലും രണ്ടാമന്‍ ഇന്റര്‍മീഡിയറ്റ് മൂന്നാം ക്ലാസിലുമാണ് പഠിക്കുന്നത്. അപകടത്തില്‍ പിക്കപ്പ് പൂര്‍ണമായും തകര്‍ന്നിരുന്നു. അസീര്‍ പ്രവിശ്യയിലെ തന്നെ രിജാല്‍ അല്‍മഇലുണ്ടായ മറ്റൊരു അപകടത്തില്‍ ഒരു അധ്യാപകന്‍ മരണപ്പെട്ടു. സൗദി പടിഞ്ഞാറൻ പ്രവിശ്യയിലെ തായിഫിൽ വാഹനങ്ങൾ കൂട്ടിയിടിച്ച് മലയാളി ഉൾപ്പടെ മൂന്ന് മരണം. തായിഫിൽ നിന്ന് റാനിയയിലേക്കുള്ള യാത്രക്കിടെയുണ്ടായ അപകടത്തിൽ എറണാകുളം ആലുവ വെളിയത്തുനാട് സ്വദേശി കണ്ണചാരുപറമ്പിൽ അബ്ദുൽ ഖാദർ, പശ്ചിമ ബംഗാൾ മുർഷിദാബാദ് സ്വദേശി ബാരുൺ ഭാഗ്ദി എന്നിവും ഒരു സൗദി പൗരനുമാണ് മരിച്ചത്.
മലയാളിയും ബംഗാൾ സ്വദേശിയും സഞ്ചരിച്ച പിക്കപ്പ് വാനും സൗദി പൗരൻ സഞ്ചരിച്ച കാറുമാണ് കൂട്ടിയിടിച്ചത്. മൃതദേഹങ്ങൾ തായിഫ് കിംഗ് ഫൈസൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. നടപടിക്രമങ്ങൾക്ക് സാമൂഹിക പ്രവർത്തകൻ പന്തളം ഷാജിയുടെ നേതൃത്വത്തിൽ നവോദയ തായിഫ് കമ്മിറ്റി രംഗത്തുണ്ട്.
<https://zeenews.india.com/malayalam/nri/five-people-died-in-saudi-accident-198497