പുതിയ പാര്‍ലമെന്‍റ് മന്ദിരം; 971 കോടിയുടെ പദ്ധതിയ്ക്ക് സുപ്രീം കോടതി അനുമതി
New parliament building; Supreme Court approves Rs 971 crore project
ന്യൂഡൽഹി: രാജ്യതലസ്ഥാനത്ത് പുതിയ പാര്‍ലമെന്‍റ് മന്ദിരം ഉള്‍പ്പെടെ നിര്‍മിക്കാനുള്ള വൻ പദ്ധതിയ്ക്ക് കേന്ദ്രസര്‍ക്കാര്‍ അനുമതി. 971 കോടി രൂപയുടെ സെൻട്രൽ വിസ്ത പദ്ധതിയ്ക്കാണ് സുപ്രീം കോടതി അനുമതി നല്‍കിയത്. ലോക്സഭാ, രാജ്യസഭാ സമ്മേളനങ്ങള്‍ ചേരുന്നതിനു കൂടുതൽ സൗകര്യമൊരുക്കുന്നതിനും മന്ത്രിമാരുടെയും മറ്റു വിഭാഗങ്ങളുടെയും ഓഫീസുകളിലെ സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുന്നതിനുമാണ് കേന്ദ്രസര്‍ക്കാര്‍ പുതിയ പാര്‍ലമെൻ്റ് മന്ദിരം നിര്‍മിക്കുന്നത്.
ജസ്റ്റിസ് എ എം ഖാൻവിൽകാര്‍ അധ്യക്ഷനായ മൂന്നംഗ ബെഞ്ചിൻ്റെ ഭൂരിപക്ഷ വിധിയാണ് കേന്ദ്രസര്‍ക്കാരിന് അനുകൂലമായത്. കൊവിഡ് സാഹചര്യത്തിൽ സര്‍ക്കാര്‍ ആവശ്യത്തിനായി അടിസ്ഥാന സൗകര്യമേഖലയിൽ വൻ തുക മുടക്കുന്നതിനെതിരെ കോൺഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ രംഗത്തെത്തിയിരുന്നു. എന്നാൽ നിലവിലെ പാര്‍ലമെൻ്റ് മന്ദിരത്തിൽ സ്ഥലസൗകര്യം കുറവാണെന്നും ബ്രിട്ടീഷ് കാലത്തു നിര്‍മിച്ച കെട്ടിടത്തിന് അടിയന്തരമായി അറ്റകുറ്റപ്പണികള്‍ നടത്തേണ്ടതുണ്ടെന്നുമാണ് കേന്ദ്രം പറയുന്നത്.
പദ്ധതിയുടെ ആവശ്യം പുനഃപരിശോധിക്കണമെന്നുള്ള ഹര്‍ജിക്കാരുടെ ആവര്‍ത്തിച്ചുള്ള ആവശ്യങ്ങള്‍ കോടതി പരിഗണിച്ചില്ല. 93 വര്‍ഷം പഴക്കമുള്ള നിലവിലെ പാര്‍ലമെന്‍റ് മന്ദിരം വിശേഷാവസരങ്ങളിൽ ഉപയോഗിക്കാനായി സംരക്ഷിക്കാമെന്നും കോടതി നിരീക്ഷിച്ചു.
നിലവിലുള്ള പാര്‍ലമെന്‍റ് മന്ദിരത്തെ അപേക്ഷിച്ച് ത്രികോണാകൃതിയിലാണ് പുതിയ മന്ദിരം രൂപകൽപന ചെയ്തിരിക്കുന്നത്. കെട്ടിടത്തിൻ്റെ തറക്കല്ലിടാനും രൂപകൽപന സംബന്ധിച്ച ജോലികളുമായി മുന്നോട്ടു പോകാനും മുൻപ് കോടതി അനുമതി നല്‍കിയിരുന്നു. പുതിയ പാര്‍ലമെന്‍റ് മന്ദിരവും രാജ്പഥ് മേഖലയിലെ ചില പഴയ കെട്ടിടങ്ങള്‍ പൊളിച്ചു നീക്കി സര്‍ക്കാര്‍ ആവശ്യത്തിനായി പുതിയ കെട്ടിടങ്ങള്‍ നിര്‍മിക്കാനുമാണ് കേന്ദ്രസര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. കൂടാതെ രാജ് പഥ് മേഖല മോടിപിടിപ്പിക്കുകയും ചെയ്യും.