പുതിയ അതിഥി; കൊച്ചുമകനെ ലോകത്തിന് പരിചയപ്പെടുത്തി മുകേഷ് അംബാനി
New guest; Mukesh Ambani introduces his grandson to the world
മുംബൈ: റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാന്‍ മുകേഷ് അബാനിയുടെയും ഭാര്യ നിത അംബാനിയുടെയും മൂത്ത മകൻ ആകാശ് അംബാനിക്കും ഭാര്യ ശ്ലോകയ്ക്കും ആൺകുഞ്ഞ് പിറന്നു. മുംബൈയിലെ ആശുപത്രിയിൽവച്ചായിരുന്നു പ്രസവം. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നുവെന്ന് റിലയൻസ് ഗ്രൂപ്പ് വാർത്താ കുറിപ്പിലൂടെ അറിയിച്ചു.
ധീരുഭായിയുടെയും കോക്കിലബെൻ അംബാനിയുടെയും പേരക്കുട്ടിയെ സ്വാഗതം ചെയ്ത നിതയും മുകേഷ് അംബാനിയും ആദ്യമായി മുത്തശ്ശീമുത്തച്ഛൻമാരായതിന്റെ സന്തോഷത്തിലാണെന്നും അംബാനി കുടുംബത്തിലും മേത്ത കുടുംബത്തിലും ആഘോഷങ്ങൾക്ക് തുടക്കമിട്ടതായും പ്രസ്താവനയിൽ പറഞ്ഞു. പേരക്കുട്ടിയെ എടുത്ത് നിൽക്കുന്ന ചിത്രം മുകേഷ് അംബാനി തന്റെ ട്വിറ്റർ അക്കൗണ്ടിലൂടെ പങ്കുവച്ചിട്ടുണ്ട്.
കുടുംബത്തിലേക്ക് പുതിയൊരു അംഗത്തെകൂടി സ്വാഗതം ചെയ്യുകയാണെന്നും ഈ വിവരം നിങ്ങളെ എല്ലാവരേയും അറിയിക്കുന്നതിൽ സന്തോഷമുണ്ടെന്നും അദ്ദേഹം ട്വിറ്ററിൽ കുറിച്ചു. 2019 മാർച്ച് 9-നായിരുന്നു ആകാശ് അംബാനിയും റോസി ബ്ലൂ ഡയമണ്ട്സ് ഉടമ റസൽ മേത്തയുടെയും മോണ മെഹ്തയുടെയും മകൾ ശ്ലോക മെഹ്തയും വിവാഹിതരായത്. ഇന്ത്യയിലെ ആഡംബര വിവാഹങ്ങളിൽ ഒന്നായിരുന്നു ഇത്. മുംബൈയിലെ ജിയോ വേള്‍ഡ് സെന്ററില്‍ നടന്ന വിവാഹചടങ്ങില്‍ ഇന്ത്യയിലെയും വിദേശത്തെയും രാഷ്ട്രീയ-വ്യവസായ-ചലച്ചിത്ര പ്രമുഖര്‍ പങ്കെടുത്തിരുന്നു.
മുന്‍ ബ്രിട്ടന്‍ പ്രധാനമന്ത്രി ടോണി ബ്ലെയര്‍, പത്‌നി ഷെറി ബ്ലെയര്‍, ബോളിവുഡ് നടന്മാരായ രണ്‍ബീര്‍ കപൂര്‍, ആമിര്‍ ഖാന്‍, ജാക്കി ഷ്‌റോഫ്, ശ്രീലങ്കന്‍ ക്രിക്കറ്റ് താരം മഹേള ജയവര്‍ധന തുടങ്ങിയവര്‍ വിവാഹചടങ്ങിനെത്തിയിരുന്നു. 63 കാരനായ അംബാനിക്കും ഭാര്യ നിതയ്ക്കും മൂന്ന് മക്കളാണുള്ളത്. ആകാശും ഇഷയും ഇരട്ട സഹോദരങ്ങളാണ്. ഇരുവർക്കും 29 വയസാണ്. ആനന്ദ് (25) ആണ് മുകേഷിന്റെ ഇളയമകൻ.