ഓണം മലയാളികൾക്ക് കൂട്ടായ്മയുടെ ഉത്സവമാണ്. ഇക്കുറി കൂട്ടം കൂടുവാൻ കഴിയാത്ത കോവിഡ് പ്രതിസന്ധി ള്ളതിനാൽ നാട്ടിൻ പുറങ്ങളിലെ കൂട്ടായ്മകൾ വരെ ഓൺലൈനിലേക്ക് ചേക്കേറിയിരിക്കുന്നു. നാടെങ്ങും ഓണ്‍ലൈനില്‍ ഓണം ആഘോഷിക്കുമ്പോൾ ഷൊർണൂർ മുണ്ടമുക നേരറിവ് വാട്ട്സ്ആപ്പ് കൂട്ടായ്മ അതിന് ഒരു മാതൃകയാകുന്നു. പ്രദേശത്തെ നേര് അറിയുവാൻ താത്പര്യമുള്ള കുടുംബ അംഗങ്ങളെ ഉൾപ്പെടുത്തി രൂപീകരിച്ച ഒരു കൂട്ടായ്മയാണ് നേരറിവ്.
സർക്കാർ പുറപ്പെടുവിച്ചിട്ടുള്ള ചട്ടങ്ങൾ പാലിക്കുന്നതിന്റെ ഭാഗമായി വന്നിട്ടുള്ള നിയന്ത്രണങ്ങൾ കൊണ്ടാണ് ഇത്തവണ ഓണാഘോഷത്തിന് ആളുകൾ ഓൺലൈൻ പ്ലേറ്റ്ഫോം സ്വീകരിക്കുന്നത്. നേരറിവിന്റെ നാല് ദിവസങ്ങളിലായി നടത്തുന്ന ഓണാഘോഷ മത്സരങ്ങൾ ആഗസ്റ്റ് 28 ന് രാവിലെ പത്ത് മണിക്ക് പുരോഗമന കലാസാഹിത്യ സംഘം തൃശൂർ ജില്ലാ സെക്രട്ടറി ഡോ. എം. എൻ. വിനയകുമാർ ഓൺ ലൈനിൽ ഉദ്ഘാടനം നിർവ്വഹിച്ചു. കോറോണ നിലനിൽക്കുന്ന സാഹചര്യത്തിൽ അംഗങ്ങൾ സ്വവസതിയിൽ നിന്ന് കൊണ്ട് തന്നെ ആഘോഷത്തിൽ പങ്കെടുക്കുവാനാണ് ക്രമീകരണങ്ങൾ സജമാക്കിയിരിക്കുന്നത് എന്ന് പറയുന്നു നേരറിവ് കൂട്ടായ്മയുടെ ചെയർമാൻ ടി. ആർ. സന്തോഷ് കുമാർ.
ഒന്നാം ദിവസം ചിത്രരചന, പ്രസംഗ മത്സരം രണ്ടാം ദിവസം മിമിക്രി, മോണോആക്ട്, പ്രഛനവേഷം, ലളിതഗാനം, ശാസ്ത്രീയ സംഗീതം, നാടൻപാട്ട് മൂന്നാം ദിവസം ഭരതനാട്യം, മോഹിനിയാട്ടം, ഫോക്ക്, സിനിമാറ്റക്ക് ഡാൻസുകൾ നാലാം ദിവസം പൂക്കള മത്സരം എന്നിവയാണ് ഒരുപാട് നാടൻ കലാകാരൻമാർക്ക് ജന്മം കൊടുത്ത മുണ്ടമുകയിൽ രൂപീകൃതമായ നേരറിവ് കൂട്ടായ്മുടെ കോറോണ കാലത്തെ ഓണാഘോഷ പരിപാടികൾ.
രാജ്യത്ത് ലോക്ക് ഡൗൺ പുറപ്പെടുവിച്ച സമയം മുതൽ തുടങ്ങിയ ഓൺലൈൻ കൂട്ടായ്മകൾ തന്നെയാണ് ഇത്തവണ നാട്ടിൻപുറങ്ങളിലെയും ഓണാഘോഷ പരിപാടികൾ ഏറ്റെടുത്ത് ഹൈടെക്കാക്കിയിരിക്കുന്നത്. കൃത്യമായ കരുതലോടെ കോറോണ വ്യാപനം ഉണ്ടാകുവാൻ ഇടയുള്ള കാര്യങ്ങളൊന്നും സംഭവിക്കാതെ രോഗകാലത്തെ മുറിച്ചു കടക്കുവാൻ നമുക്ക് കഴിയുമെന്ന പ്രത്യാശ പകർന്ന് ഒത്ത് ചേരലുകളെല്ലാം ഓൺലൈനായി മതിയെന്ന നിർദ്ദേശമാണ് മുഖ്യമന്ത്രി പിണറായി വിജയൻ നൽകുന്നത്.
തെയ്യാറാക്കിയത്
പ്രസാദ് കെ ഷൊർണൂർ