മോദി തന്നെ പ്രധാനമന്ത്രി; എന്‍ഡിഎ നേതാവായി നിര്‍ദ്ദേശിച്ച് രാജ്‌നാഥ് സിംഗ്
Narendra Modi Malayalam News
Narendra Modi Malayalam News 24
ന്യൂഡല്‍ഹി: എന്‍ഡിഎ പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ നരേന്ദ്ര മോദിയെ നേതാവായി നിര്‍ദ്ദേശിച്ചു. പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗാണ് മോദിയുടെ പേര് നിര്‍ദ്ദേശിച്ചത്. ബിജെപിയുടെ മുതിര്‍ന്ന നേതാക്കളായ അമിത് ഷാ, നിതിന്‍ ഗഡ്കരി എന്നിവര്‍ നിര്‍ദ്ദേശത്തെ പിന്തുണച്ചു. കയ്യടികളോടെയാണ് മോദിയെ നേതാവായി എന്‍ഡിഎ അംഗങ്ങള്‍ അംഗീകരിച്ചത്.
12 മണിയോടെ പാര്‍ലമെന്റിലെത്തിയ മോദിയെ നിറഞ്ഞ കയ്യടികളോടെയാണ് എന്‍ഡിഎയുടെ എംപിമാര്‍ സ്വീകരിച്ചത്. തുടര്‍ന്ന് എല്ലാവരെയും പതിവ് രീതിയില്‍ കൈകൂപ്പി അഭിവാദ്യം ചെയ്ത ശേഷം ഭരണഘടനയ്ക്ക് മുന്നിലെത്തിയ അദ്ദേഹം ഭരണഘടന തൊട്ടുതൊഴുത്തു. യോഗത്തില്‍ ടിഡിപി നേതാവ് ചന്ദ്രബാബു നായിഡു, നിതീഷ് കുമാര്‍ എന്നിവര്‍ക്കൊപ്പമായാണ് മോദി ഇരുന്നത് എന്നത് ശ്രദ്ധേയമായി.
നരേന്ദ്ര മോദിയെ വാനോളം പുകഴ്ത്തിയാണ് ചന്ദ്രബാബു നായിഡുവും നിതീഷ് കുമാറും സാംസാരിച്ചത്. കഴിഞ്ഞ മൂന്ന് മാസമായി നരേന്ദ്ര മോദി വിശ്രമിച്ചിട്ടില്ലെന്നും ശരിയായ സമയത്ത് ഇന്ത്യയ്ക്ക് ലഭിച്ച നേതാവാണ് അദ്ദേഹമെന്നും ചന്ദ്രബാബു നായിഡു പറഞ്ഞു. എപ്പോഴും എന്‍ഡിഎയ്ക്ക് ഒപ്പമാണെന്ന് നിതീഷ് കുമാര്‍ വ്യക്തമാക്കി. ഇത്തവണ അവിടെയും ഇവിടെയുമെല്ലാം ചിലര്‍ ജയിച്ചിട്ടുണ്ടെന്നും അവരെല്ലാം അടുത്ത തവണ പരാജയപ്പെടുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
യോഗം പൂര്‍ത്തിയായ ശേഷം നേതാക്കള്‍ രാഷ്ട്രപതിയെ കാണും. മോദിയെ എന്‍ഡിഎ നേതാവായി നിശ്ചയിച്ചെന്ന് കാണിച്ചുള്ള കത്ത് രാഷ്ട്രപതിയ്ക്ക് നല്‍കും. തുടര്‍ന്ന് ഞായറാഴ്ച മൂന്നാം നരേന്ദ്ര മോദി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങുകള്‍ നടക്കുമെന്നാണ് റിപ്പോര്‍ട്ട്. ഡല്‍ഹിയിലാണ് ചടങ്ങുകള്‍ നടക്കുക. അയല്‍ രാജ്യങ്ങളിലെ ഉള്‍പ്പെടെയുള്ള നേതാക്കള്‍ക്ക് ക്ഷണമുണ്ട്.