സിഗരറ്റ് വലിക്കുമ്പോൾ തുറിച്ച് നോക്കി; യുവാവിനെ കുത്തിക്കൊന്ന് യുവതി
Murder Case Malayalam News

Murder Case Malayalam News
നാഗ്പൂർ: സിഗരറ്റ് വലിക്കുന്നതിനിടെ തുറിച്ചു നോക്കിയതിന് യുവാവിനെ കുത്തിക്കൊന്ന് യുവതി. സംഭവം നടന്നത് നാഗ്‌പൂരിലാണ്. നാഗ്‌പൂർ സ്വദേശി രജിത്ത് റാത്തോഡാണ് കൊല്ലപ്പെട്ടത്.
സംഭവത്തിൽ പ്രതിയായ ജയശ്രീ പന്ഥാരെയേയും ഇവരുടെ സുഹൃത്തുക്കളായ സവിത ആകാശ് എന്നിവരേയും പോലീസ് അറസ്റ്റു ചെയ്തിട്ടുണ്ട്. നാഗ്‌പൂരിലെ ഒരു ഷോപ്പിൽ വച്ച് ശനിയാഴ്ച രാത്രിയായിരുന്നു സംഭവം നടന്നത്. പാൻഷോപ്പിൽ വച്ച് ജയശ്രീ സിഗരറ്റ് വലിച്ചപ്പോൾ അവിടെയെത്തിയ രഞ്ജിത്ത് ജയശ്രീയെ തുറിച്ചു നോക്കി എന്നാരോപിച്ചു കൊണ്ടാണ് സംഭവത്തിന്റെ തുടക്കം. ആ സമയം ജയശ്രീക്കൊപ്പം സുഹൃത്തായ സവിതയും ഉണ്ടായിരുന്നു.
സംഭവത്തിന് ശേഷം രഞ്ജിത്ത് വീട്ടിലേക്ക് മടങ്ങിയെങ്കിലും യുവതി വിടാൻ തയ്യാറായില്ല. ജയശ്രീ തന്റെ സുഹൃത്തുക്കളെ വിളിച്ചു വരുത്തുകയും തുടർന്ന് ബിയർ കുടിക്കാനായി എത്തിയ യുവാവിനെ ഇവർ തടയുകയുമായിരുന്നു. ഇവിടെ വച്ച് വീണ്ടും തർക്കമുണ്ടാകുകയും വഴക്ക് മൂത്തപ്പോൾ യുവതി യുവാവിനെ കത്തിയെടുത്ത് കുത്തിക്കൊല്ലുകയുമായിരുന്നു. ജയശ്രീ യുവാവിനെ നിരവധി തവണയാണ് കത്തികൊണ്ട് കുത്തിയത് സമീപത്തുള്ള സിസിടിവിയിൽ പതിഞ്ഞിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു.
ഇതിനിടയിൽ പാൻഷോപ്പിൽ വച്ചുണ്ടായ തർക്കത്തിന്റെ വീഡിയോ രഞ്ജിത്ത് സ്വന്തം ഫോണിൽ എടുത്തതും പോലീസ് കണ്ടെടുത്തു. വീഡിയോയിൽ വാക്കുതർക്കത്തിനിടെ യുവതി രഞ്ജിത്തിന്റെ മുഖത്തേക്ക് സിഗരറ്റ് വലിച്ചു പുക ഊതുന്നതും അസഭ്യം പറയുന്നതും കാണാമെന്നാണ് പോലീസ് പറയുന്നത്. അതുപോലെ രഞ്ജിത്ത് യുവതിയെ തിരിച്ചും അസഭ്യം പറയുന്നതും വീഡിയോയിൽ ഉണ്ടായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
കൊലപാതകം നടത്തിയ ഉടനെ ജയശ്രീയും സുഹൃത്തുക്കളും അവിടെനിന്നും രക്ഷപ്പെടുകയായിരുന്നു എന്നാണ് പോലീസ് പറഞ്ഞത്. ശേഷം പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഇവരെ പിടികൂടിയത്. കേസിൽ ഇനി നാലാം പ്രതിയെ കൂടി കിട്ടാനുണ്ട് അതിനുള്ള അന്വേഷണത്തിലാണെന്ന് പോലീസ് അറിയിച്ചു.