മുഖ്യമന്ത്രി രാജി ആവശ്യപ്പെട്ട് മുല്ലപ്പള്ളി രാമചന്ദ്രൻ ഉപവാസ സമരം തുടങ്ങി
Mullappally Ramachandran started a fast demanding the resignation of the Chief Minister
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ രാജി ആവശ്യപ്പെട്ട് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്റെ ഉപവാസ സമരം തുടങ്ങി. ഇന്ദിരാഭവനില്‍ രാവിലെ 9 മുതല്‍ വൈകുന്നേരം 5 വരെയാണ് ഉപവാസം നടത്തുക.
വൈകിട്ട് ഏഴിന് കെപിസിസി രാഷ്ട്രീയകാര്യ സമിതി ചേര്‍ന്ന് സര്‍ക്കാരിനെതിരായ തുടര്‍ സമര പരിപാടികള്‍ തീരുമാനിക്കും.
കെപിസിസി അധ്യക്ഷന്‍ നയിക്കുന്ന ഉപവാസ സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് കെപിസിസി ഭാരവാഹികളും ഡിസിസി പ്രസിഡന്റുമാരും സത്യാഗ്രഹം നടത്തും. കൂടാതെ, കേരള കോണ്‍ഗ്രസ് ജോസ് വിഭാഗത്തിനെതിരെ നടപടിയെടുക്കുന്ന കാര്യവും ചര്‍ച്ചയാകും. എന്നാല്‍, ഒപ്പം നില്‍ക്കാത്ത ജോസ് വിഭാഗത്തിനെതിരെ നടപടിയെടുക്കണമെന്ന ആവശ്യം യുഡിഎഫില്‍ ശക്തമായി.
അതേസമയം, കോണ്‍ഗ്രസ് അവതരിപ്പിച്ച അവിശ്വാസ പ്രമേയം പരാജയപ്പെട്ടു. 40 നെതിരെ 87 വോട്ടുകള്‍ക്കാണ് അവിശ്വാസപ്രമേയം തള്ളപ്പെട്ടത്. വിഡി സതീശന്‍ എംഎല്‍എ അവതരിപ്പിച്ച അവിശ്വാസ പ്രമേയം 11 മണിക്കൂറിലേറെ ചര്‍ച്ച നീണ്ടു.
സ്വര്‍ണക്കടത്ത്, കണ്‍സള്‍ട്ടന്‍സി വിവാദം, തിരുവനന്തപുരം വിമാനത്താവളം, ലൈഫ് മിഷന്‍, പിഎസ്‌സി നിയമനം, വികസനം തുടങ്ങിയ വിഷയങ്ങളില്‍ ഭരണപക്ഷവും പ്രതിപക്ഷവും കയര്‍ത്തു. തിങ്കളാഴ്ച രാത്രി 9.30 യ്ക്കു ശേഷമാണ് വോട്ടെടുപ്പ് നടന്നത്. രാവിലെ പത്ത് മുതല്‍ വൈകീട്ട് മൂന്ന് വരെയാണ് ചര്‍ച്ച നിശ്ചയിച്ചിരുന്നതെങ്കിലും രാത്രി 9.30 വരെ നീണ്ടു. കേരള കോണ്‍ഗ്രസ് ജോസ് കെ മാണി വിഭാഗം എംഎല്‍എമാര്‍ വോട്ടെടുപ്പില്‍ പങ്കെടുത്തില്ല. നിയമസഭാ ചരിത്രത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ പ്രസംഗത്തിനാണ് തിങ്കളാഴ്ച സാക്ഷ്യം വഹിച്ചത്.