ചെറുതുരുത്തി: ആറ് വർഷമായി ആറംങ്ങോട്ടുകര വയലി – വിമ കൊണ്ടാടുന്ന മഴോത്സവം 2022 ജൂലൈ 10 ന് ചെറുതുരുത്തിയിൽ വെച്ച് നടക്കും. മഴയെ അറിയുക എന്ന ലക്ഷ്യത്തോടെ 2017ൽ ചെറുതുരുത്തിയിൽ തുടക്കം കുറിച്ച മഴോത്സവം പുതിയ തലമുറക്ക് അന്യമായി കൊണ്ടിരിക്കുന്ന ഞാറ്റുവേലയും ,നാടോടി സംസ്കാരവും പരിചയപ്പെടുത്തുന്നതിനും ഇന്നത്തെ ജീവിത സാഹചര്യവുമായി ചേർത്ത് വായിക്കുന്നതിനുമാണ് ലക്ഷ്യമിടുന്നത്.
മഴയെ ആശ്രയിച്ച് ജീവിതക്രമം ചിട്ടപ്പെടുത്തിയ മലയാളിയുടെ ജീവിതത്തിന്റെ ഉള്ളറകളിലേക്ക് വെളിച്ചം വീശുവാനും നാട്ടറിവ് പഠനം ഒരു തിരിച്ചു പോക്കല്ല മറിച്ച് തിരിച്ചറിവാണെന്നും കഴിഞ്ഞകാലങ്ങളിലെ മഴോത്സവം നമ്മെ ഓർമ്മപ്പെടുത്തുന്നു. 2022 ജൂലൈ 10 ഞായറാഴ്ച വൈകുന്നേരം 4 മണിക്ക് ചെറുതുരുത്തി ഗവ: ഗസ്റ്റ് ഹൗസിൽ പ്രശസ്ത കവിയും കേരള ചീഫ് സെക്രട്ടറിയുമായ ശ്രീ : ജോയ് വാഴയിലാണ് ഉത്ഘാടനം ചെയ്യുന്നത്.
സാഹിത്യ രംഗത്തെ പ്രമുഖർ പങ്കെടുക്കുന്ന ചടങ്ങിൽ വിമ പബ്ലിക്കേഷന്റെ ആദ്യ പുസ്തകം ‘പെണ്ണെഴുത്തുകൾ ‘ പ്രകാശന കർമ്മവും നടക്കുന്നു ,അന്താരാഷ്ട്ര സ്ത്രീദിനത്തോട് അനുബന്ധിച്ച് വയലി – വിമ നടത്തിയ രചനാമത്സരത്തിലെ തിരഞ്ഞെടുക്കപ്പെട്ട കൃതികളാണ് പുസ്തകത്തിൽ ഉൾകൊള്ളിച്ചിരിക്കുന്നത്.
മഴ ,പുഴ കവിതകളുടെ ആലാപനം ,പെൺ രചനാ ലോകം എന്ന വിഷയത്തിൽ ചർച്ച ,പാട്ടും കവിതയും ,ചിത്ര രചനാ ക്യാമ്പ് ,മഴയുടെ ചരിത്ര സാമൂഹ്യ പാരിസ്ഥിതിക വിഷയങ്ങളെ കുറിച്ചുള്ള ചർച്ചകൾ ,മഴക്കാല ഭക്ഷണം ,ഫോട്ടോഗ്രാഫി മത്സരം തുടങ്ങി വ്യത്യസ്ഥമായി വിവിധ പരിപാടികളോടെ വിവിധ സ്ഥലങ്ങളിൽ ഒരു മാസത്തോളം നീണ്ടു നിൽക്കുന്ന ഞാറ്റുവേല ഉത്സവമായി ആഘോഷിക്കുവാനാണ് തീരുമാനമെന്നും 2022 ആഗസ്റ്റ് 13 ,14 തിയ്യതികളിൽ നിളയോരത്ത് ഒരു വലിയ ഞാറ്റുവേല ആഘോഷിക്കുവാനുമുള്ള ശ്രമത്തിലുമാണ് വയലി എന്ന് സംഘാടകരായ പി.എസ്.വിശ്വനാഥ് , വയലി ഡയറക്ടർ വിനോദ് നമ്പ്യാർ ,ഡോ :ആർദ്രവിനോദ് ,ശ്രീജ ആർ .നാഥ് എന്നിവർ പറഞ്ഞു.
റിപ്പോർട്ട്: ബാബു കാങ്കലാത്ത്