‘അമ്മ സണ്ണി ലിയോൺ, അച്ഛൻ ഇമ്രാൻ ഹാഷ്‌മി’; വിദ്യാർഥിയുടെ പ്രവേശന കാർഡ് കണ്ട് അധികൃതർ ഞെട്ടി
'Mother Sunny Leone, father Imran Hashmi'; Authorities were shocked to see the student's admission card
പാട്‌ന: വിദ്യാർഥിയുടെ പ്രവേശന കാർഡിൽ ബോളിവുഡ് താരങ്ങളായ ഇമ്രാൻ ഹാഷ്‌മിയുടെയും സണ്ണി ലിയോണിൻ്റെയും പേരുകൾ. ബിഹാറിലെ മുസാഫർപുറിലെ രണ്ടാം വർഷ ബിഎ വിദ്യാർഥിയുടെ പ്രവേശന കാർഡിലാണ് സിനിമാ താരങ്ങളുടെ പേരുകൾ ഉൾപ്പെട്ടത്. സംഭവത്തിൽ സർവകലാശാല അന്വേഷണത്തിന് ഉത്തരവിട്ടു.
കുന്ദൻ കുമാർ വിദ്യാർഥിയുടെ അഡ്‌മിറ്റ് കാർഡിൽ അമ്മയുടെ പേരിൻ്റെ സ്ഥാനത്ത് സണ്ണി ലിയോണിൻ്റെയും പിതാവിൻ്റെ പേരിൻ്റെ സ്ഥാനത്ത് ഇമ്രാൻ ഹാഷ്‌മിയുടെയും പേരുകളാണ് തെറ്റായി ചേർത്തിരുന്നത്. വിദ്യാർഥി തന്നെയാണ് സിനിമാ താരങ്ങളുടെ പേരുകൾ എഴുതി ചേർത്തതെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്.
മാതാപിതാക്കളുടെ പേരിൻ്റെ സ്ഥാനത്ത് ഇമ്രാൻ ഹാഷ്‌മിയുടെയും സണ്ണി ലിയോണിൻ്റെയും പേരുകൾ ചേർത്ത വിദ്യാർഥി സ്വന്തം സ്ഥലത്തിൻ്റെ പേരായി ചേർത്തിരിക്കുന്നത് നഗരത്തിലെ കുപ്രസിദ്ധി നേടിയ ചുവന്ന തെരുവ് ചതുർഭുജൻ സ്‌താൻ ആണെന്നും പരിശോധനയിൽ നിന്ന് കണ്ടെത്തി.
സർവകലാശാല അന്വേഷണത്തിന് ഉത്തരവിട്ടതിന് പിന്നാലെ വിദ്യാർഥിക്കെതിരെ ആരോപണവുമായി അധികൃതർ രംഗത്തെത്തി. സംഭവത്തിൻ്റെ ഉത്തരവാദി വിദ്യാർഥിയാണ്. അന്വേഷണ റിപ്പോർട്ട് അനുസരിച്ച് നടപടി സ്വീകരിക്കുമെന്നും അധികൃതർ പറഞ്ഞു. പ്രവേശന കാർഡിൽ നൽകിയിരിക്കുന്ന ആധാർ, മൊബൈൽ നമ്പറുകളുടെ അടിസ്ഥാനത്തിൽ വിദ്യാർഥിയെ കണ്ടെത്താനുള്ള ശ്രമമാണ് നടക്കുന്നത്.