Kerala

ഓണത്തിന് കൊവിഡ് നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവ്; രാത്രി 9വരെ കടകൾ തുറക്കാം

More relaxation of Covid restrictions on Onam; Shops are open until 9 p.m.

തിരുവനന്തപുരം: ഓണം പ്രമാണിച്ച് സംസ്ഥാനത്ത വ്യാപാര സ്ഥാപനങ്ങളുടെ പ്രവർത്തന സമയം നീട്ടി നൽകി. കണ്ടെയ്ൻമെന്‍റ് സോണിന് പുറത്തുള്ള കടകളുടെ പ്രവർത്തനസമയമാണ് നീട്ടീ നൽകിയിരിക്കുന്നത്. സംസ്ഥാന ചീഫ് സെക്രട്ടറി ബിശ്വാസ് മേത്തയാണ് ഇതുസംബന്ധിച്ച തീരുമാനം പുറത്തുവിട്ടത്.

ഓഗസ്റ്റ് 26 ബുധനാഴ്ച മുതല്‍ സെപ്റ്റംബര്‍ രണ്ടുവരെ കണ്ടെയ്ൻമെന്‍റ് സോണ്‍ ഒഴികെയുള്ള പ്രദേശങ്ങളില്‍ കച്ചവടസ്ഥാപനങ്ങള്‍ക്കും കടകള്‍ക്കും രാത്രി ഒൻപതുമണിവരെ തുറന്നുപ്രവര്‍ത്തിക്കാമെന്നാണ് തീരുമാനം. കണ്ടെയ്ൻമെന്‍റ് സോണിലെ കടകളും കച്ചവടസ്ഥാപനങ്ങൾ നിലവിലെ മാര്‍ഗനിര്‍ദേശപ്രകാരം പ്രവര്‍ത്തിക്കണമെന്നും ചീഫ് സെക്രട്ടറിയുടെ നിർദേശത്തിലുണ്ട്.

കൊവിഡ് മാനദണ്ഡങ്ങൾ പ്രകാരമാണ് സംസ്ഥാനത്ത് നിലവിൽ വ്യാപാര സ്ഥാപനങ്ങളെല്ലാം പ്രവർത്തിക്കുന്നത്. നേരത്തെ ഓണക്കാലത്തെ തിരക്ക് പരിഗണിച്ച് വ്യാപാര സ്ഥാപനങ്ങളുടെ പ്രവർത്തനസമയം നീട്ടിനൽകണമെന്ന് വ്യാപാര സംഘടനകൾ ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യം ഉന്നയിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കഴിഞ്ഞദിവസം മുഖ്യമന്ത്രിക്ക് കത്തും നൽകിയിരുന്നു. നേരത്തെ വൈകീട്ട് ഏഴുമണിവരെയായിരുന്നു വ്യാപാര സ്ഥാപനങ്ങൾക്ക് തുറന്ന് പ്രവർത്തിക്കാൻ അനുമതിയുണ്ടായത്.

ഓണം അടുക്കുന്നതോടെ കടകളിലെ തിരക്ക് വർധിക്കുമെന്നും ഇത് കൊവിഡ് വ്യാപനം വര്‍ധിപ്പിക്കുമെന്ന ആശങ്കയും നിലനില്‍ക്കുന്നതിനാൽ പ്രവർത്തന സമയം വർധിപ്പിച്ച് തിരക്കും ആൾക്കൂട്ടവും കുറയ്ക്കണമെന്നായിരുന്നു ഉയർന്ന് വന്ന ആവശ്യം.

അതിവേഗ വാർത്തകൾക്ക് ടെലഗ്രാം ചാനലിൽ അംഗമാവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Leave a Reply

Your email address will not be published. Required fields are marked *

Back to top button