Kerala

മങ്കി പോക്സ് മരണം അത്യപൂർവം; രാജ്യത്തെ ആദ്യ സംഭവം കേരളത്തിൽ

Monkey pox death is rare; The first incident in the country is in Kerala

കൊച്ചി: രാജ്യത്ത് തന്നെ ആദ്യമായി മങ്കി പോക്സ് സ്ഥിരീകരിച്ചത് കേരളത്തിലായിരുന്നു. ഇതിനു പിന്നാലെ കേരളത്തിൽ തന്നെ മറ്റിടങ്ങളിലും ഡൽഹിയിലും കേസുകൾ റിപ്പോ‍ര്‍ട്ട് ചെയ്തു. എന്നാൽ മങ്കി പോക്സിനെതിരെ ലോകാരോഗ്യ സംഘടന അടക്കം കനത്ത ജാഗ്രത തുടരുന്നതിനിടെയാണ് രാജ്യത്തെ ആദ്യ മങ്കി പോക്സ് മരണവും കേരളത്തിൽ റിപ്പോര്‍ട്ട് ചെയ്യുന്നത്. ആരോഗ്യവകുപ്പ് അറിയാതെ കേരളത്തിലെത്തിയ മങ്കി പോക്സ് രോഗി മരിച്ച സംഭവത്തിൽ അന്വേഷണവുമായി മുന്നോട്ടു പോകുകയാണ് സംസ്ഥാന സര്‍ക്കാര്‍.

കഴിഞ്ഞ ദിവസം തൃശൂരിൽ മരിച്ച യുവാവിന് വിദേശത്തു വെച്ച് മങ്കി പോക്സ് സ്ഥിരീകരിച്ചിരുന്നതായി ആരോഗ്യമന്ത്രി വീണ ജോര്‍ജ് ഞായറാഴ്ച വ്യക്തമാക്കിയിരുന്നു. എന്നാൽ ഇയാളുടെ മരണകാരണം മങ്കി പോക്സ് തന്നെയാണോ എന്നു സ്ഥിരീകരിക്കാനായി പൂനെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ പരിശോധന നടത്തുകയായിരുന്നു. ഈ ഫലമാണ് പോസിറ്റീവായത്. ലോകത്ത് ഇതുവരെ 20,000ത്തോളം മങ്കി പോക്സ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെങ്കിലും രോഗം ബാധിച്ചുള്ള മരണം അപൂര്‍വമാണ്. തൃശൂരിൽ മരിച്ച യുവാവിന് മറ്റ് ആരോഗ്യപ്രശ്നങ്ങളും ഉണ്ടായിരുന്നു എന്നാണ് ആരോഗ്യവകുപ്പ് പറയുന്നത്.

കഴിഞ്ഞ ജൂലൈ 21ന് യുഎഇയിൽ നിന്ന് മടങ്ങിയെത്തിയ പുന്നയൂര്‍ സ്വദേശിയായ 21കാരനാണ് മങ്കി പോക്സ് ബാധിച്ച് ജീവൻ നഷ്ടപ്പെട്ടത്. ചെറിയ രോഗലക്ഷണങ്ങൾ ഉണ്ടായിരുന്നതിനാൽ എറണാകുളത്തെ ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. പിന്നീട് വീട്ടിലേയ്ക്ക് മടങ്ങി. ഇതിനു ശേഷം 27ന് തൃശൂരിലെ സ്വകാര്യ ആശുപത്രിയിലും എത്തി. എന്നാൽ നില വഷളായതോടെ വെള്ളിയാഴ്ച ഇയാള്‍ മരണത്തിന് കീഴടങ്ങുകയായിരുന്നു.

യുവാവിൻ്റെ സമ്പര്‍ക്കപ്പട്ടികയിലുള്ള 15 പേരെയും നിരീക്ഷണത്തിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. വിമാനത്താവളത്തിൽ നിന്നു കൂട്ടിക്കൊണ്ടു വന്നവരും സുഹൃത്തുക്കളും ബന്ധുക്കളുമാണ് പട്ടികയിലുള്ളത്. കൂടാതെ ഇയാളോടൊപ്പം പന്തു കളിച്ചവരും നിരീക്ഷണത്തിലാണ്.

മുൻപ് ആഫ്രിക്കയിലും യൂറോപ്പിലും മങ്കി പോക്സ് ബാധിച്ചുള്ള മരണങ്ങള്‍ സ്ഥിരീകരിച്ചിട്ടുണ്ടെങ്കിലും ഇന്ത്യയിൽ ഇതാദ്യമാണ്. കൊവിഡിനെ അപേക്ഷിച്ച് രോഗബാധാ നിരക്കും മരണനിരക്കും മങ്കി പോക്സിനു തീരെ കുറവാണ്. മുൻവര്‍ഷങ്ങളിൽ ആഫ്രിക്കൻ രാജ്യങ്ങളിൽ സ്ഥിരീകരിച്ചിട്ടുണ്ടെങ്കിലും ഇതാദ്യമായാണ് രോഗം ലോകവ്യാപകമായി പരക്കുന്നത്. ഈ സാഹചര്യത്തിൽ ആശങ്കപ്പെടേണ്ട ആഗോള അടിയന്തരാവസ്ഥയായി മങ്കി പോക്സിനെ ലോകാരോഗ്യ സംഘടന പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.

രോഗം സ്ഥിരീകരിച്ചത് മരണശേഷം

വിദേശത്തു വെച്ച് പരിശോധന നടത്തിയിരുന്നെങ്കിലും യുവാവിൻ്റെ മരണശേഷം മാത്രമാണ് മങ്കി പോക്സ് ബാധിച്ചിരുന്നു എന്ന വിവരമറിയുന്നത്. ഫുട്ബോള്‍ കളിയ്ക്കിടെ തളര്‍ന്നു വീണ യുവാവിനെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. കൊവിഡ് പ്രോട്ടോകോള്‍ പാലിച്ചാണ് യുവാവിൻ്റെ സംസ്കാരം നടത്തിയത്. അതേസമയം, മങ്കി പോക്സിനു വലിയ വ്യാപനശേഷി ഇല്ലാത്തതിനാൽ ആശങ്കപ്പെടാനില്ലെന്ന് ആരോഗ്യമന്ത്രി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

Source link

അതിവേഗ വാർത്തകൾക്ക് ടെലഗ്രാം ചാനലിൽ അംഗമാവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Leave a Reply

Your email address will not be published. Required fields are marked *

Back to top button