ന്യൂഡൽഹി: ഡൽഹിയിൽ വീണ്ടും മങ്കി പോക്സ് രോഗബാധ സ്ഥിരീകരിച്ചു. വിദേശ യാത്രാ പശ്ചാത്തലമില്ലാത്ത 35 വയസുള്ള നൈജീരിയൻ യുവാവിനാണ് രോഗം ബാധിച്ചത്. ഇതോടെ ഡൽഹിയിലെ മങ്കി പോക്സ് കേസുകളുടെ എണ്ണം മൂന്നായി. രാജ്യത്തെയാകെ കേസുകൾ എട്ടായി ഉയർന്നു.
ഡൽഹിയിൽ താമസിക്കുന്ന മറ്റൊരു നൈജീരിയക്കാരനും ഇന്നലെ മങ്കി പോക്സ് സ്ഥിരീകരിച്ചിരുന്നു. ഇയാൾക്കും വിദേശ യാത്രാ പശ്ചാത്തലം ഉണ്ടായിരുന്നില്ല. 35 കാരനായ ഇയാൾ നിലവിൽ ഡൽഹിയിലെ എൽഎൻജെപി ആശുപത്രിയിൽ ചികിത്സയിലാണ്. മങ്കി പോക്സ് രോഗബാധ സംശയിക്കുന്ന രണ്ടുപേരെ കൂടി എൽഎൻജെപി ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.
ഇന്ത്യയിൽ ഇതുവരെ എട്ട് മങ്കി പോക്സ് കേസുകൾ റിപ്പോർട്ടു ചെയ്തുവെന്ന് ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ പറഞ്ഞു. രോഗനിർണയത്തിന്റെയും വാക്‌സിനുകളുടെയും വികസനം നിരീക്ഷിക്കാൻ ടാസ്‌ക് ഫോഴ്‌സിനു രൂപം നൽകി. രോഗവ്യാപനം തടയാനും പരിശോധനാ കിറ്റുകളും വാക്‌സിനുകളും വികസിപ്പിക്കുന്നതിനുമുള്ള വിവിധ നടപടികളെക്കുറിച്ചും രാജ്യസഭയിലെ ചോദ്യോത്തര വേളയിൽ മന്ത്രി വിശദമാക്കി. ഇന്ത്യയിൽ ഇതുവരെ രോഗം സ്ഥിരീകരിച്ച എട്ടുപേരിൽ അഞ്ചു പേർക്ക് വിദേശ യാത്രാ പശ്ചാത്തലമുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു.
അതേസമയം മങ്കി പോക്‌സ് പ്രതിരോധ വാക്‌സിൻ വികസിപ്പിക്കുന്നതിനുള്ള ഗവേഷണം തുടങ്ങിയതായി സിറം ഇൻസ്റ്റിറ്റ്യൂട്ട് സിഇഒ അധർ പുനെവാല അറിയിച്ചു. കേന്ദ്ര ആരോഗ്യ മന്ത്രിയുമായി പുനെവാല കൂടിക്കാഴ്ച നടത്തി. രാജ്യത്ത് കേരളത്തിലാണ് ആദ്യ മങ്കി പോക്സ് കേസ് റിപ്പോർട്ട് ചെയ്തത്. കേരളത്തിലാണ് ആദ്യ മങ്കി പോക്സ് മരണവും ഉണ്ടായത്. ജൂലൈ 21 ന് യുഎഇയിൽ നിന്നെത്തിയ തൃശൂർ പുന്നയൂർ സ്വദേശിയായ 21 കാരനാണ് മങ്കി പോക്സ് ബാധയെ തുടർന്ന് മരണപ്പെട്ടത്.