Kerala

കുഴൽപ്പണം: 20 പേർ അറസ്‌റ്റിൽ, 1.12 കോടിയുടെ സ്വർണം പിടിച്ചെടുത്തു, 96 സാക്ഷികളുടെ മൊഴി രേഖപ്പെടുത്തിയെന്ന് മുഖ്യമന്ത്രി

Money laundering: 20 arrested, Rs 1.12 crore worth of gold seized, says 96 witnesses

തിരുവനന്തപുരം: കൊടകര കുഴൽപ്പണ കേസ് അന്വേഷണത്തിലെ വിവരങ്ങൾ നിയമസഭയിൽ പങ്കുവച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. കേസിൽ ഇതുവരെ 20 പേരുടെ അറസ്‌റ്റ് രേഖപ്പെടുത്തി. 96 സാക്ഷികളുടെ മൊഴി രേഖപ്പെടുത്തി. 1.12 കോടി രൂപയുടെ സ്വർണം പിടികൂടിയെന്നും മുഖ്യമന്ത്രി സഭയിൽ വ്യക്തമാക്കി.

സ്വർണാഭരണങ്ങളും മൊബൈൽ ഫോണുകളും കണ്ടെത്തിയിട്ടുണ്ട്. കൊടകര കുഴൽപ്പണ കേസിൽ അന്വേഷണം തുടരുകയാണ്. തൃശൂർ റേഞ്ച് ഡിഐജിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത്. അറസ്‌റ്റിലായ പ്രതികൾ ജുഡീഷ്യൽ കസ്‌റ്റഡിയിൽ തുടരുകയാണ്. പാലക്കാട് ഡിവൈഎസ്‌പിയാണ് അന്വേഷണ ഉദ്യോഗസ്ഥനെന്നും പ്രതിപക്ഷം നൽകിയ നോട്ടീസിന് മറുപടിയായി മുഖ്യമന്ത്രി പറഞ്ഞു.

കേസുമായി ബന്ധപ്പെട്ട് ആവശ്യപ്പെട്ട രേഖകൾ കേരളാ പോലീസ് എൻഫോഴ്‌സ്‌മെൻ്റ് ഡയറക്‌ടറേറ്റിന് (ഇ.ഡി) കൈമാറി. കേസിൻ്റെ രേഖകൾ ആവശ്യപ്പെട്ട് ഇഡിയുടെ കൊച്ചിൻ സോണൽ ഓഫീസ് മെയ് 27 നു കത്ത് നൽകിയിരുന്നു. തുടർന്ന് ജൂൺ ഒന്നിനാണ് രേഖകൾ നൽകിയത്. കേസുമായി ബന്ധപ്പെട്ട അന്വേഷണം തുടരുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. അന്വേഷണം കൃത്യമായി മുന്നോട്ട് പോകുകയാണ്. ഒരു കുറ്റവാളിയും രക്ഷപ്പെടാൻ പോകുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. അതേസമയം, സഭ നിർത്തിവച്ച് വിഷയം ചർച്ച ചെയ്യണമെന്ന പ്രതിപക്ഷത്തിൻ്റെ ആവശ്യം അദ്ദേഹം തള്ളി.

കോഴിക്കോട് ചേളന്നൂർ സ്വദേശിയായ ഷംജീറിൻ്റെ ഉടമസ്ഥതയിലുള്ള കാറിൽ കോഴിക്കോട് നിന്നും ആലപ്പുഴയിലേക്ക് കൊണ്ടു പോയ 25 ലക്ഷം രൂപയും കാറും ഏപ്രിൽ മൂന്നിന് പുലർച്ചെ നാലരയോടെ തൃശൂർ കൊടകര ബൈപ്പാസിൽ വെച്ച് ഒരു സംഘം ആളുകൾ കവർച്ച ചെയ്‌തുവെന്നാണ് കേസ്. ഇതുമായി ബന്ധപ്പെട്ട അന്വേഷണമാണ് കോടിക്കണക്കിന് രൂപയുടെ കൊടകര കുഴൽപ്പണ കേസ് ഇടപാടിലേക്ക് എത്തിയത്.

Source link

അതിവേഗ വാർത്തകൾക്ക് ടെലഗ്രാം ചാനലിൽ അംഗമാവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Leave a Reply

Your email address will not be published. Required fields are marked *

Back to top button