ലോക്സഭ തിരഞ്ഞെടുപ്പ്: കർണാടകയിൽ പിടികൂടിയത് കോടിക്കണക്കിന് പണം; കിലോ കണക്കിന് സ്വര്‍ണവും വെള്ളിയും
Money and Gold seized in Karnataka Malayalam News
Malayalam News
കർണാടക: ലോക്സഭാ ഇലക്ഷന്റെ ഭാഗമായി നടത്തിയ പരിശോധനയിൽ കർണാടകയിൽ അനധികൃതമായി സൂക്ഷിച്ച പണവും, സ്വർണ്ണവും വെള്ളിയും കണ്ടെത്തി. ബെല്ലാരിയിലെ രണ്ട് ജ്വല്ലറി ഉടമകളുടെ വീടുകളിൽ നിന്നാണ് രേഖകൾ ഇല്ലാതെ സൂക്ഷിച്ച സ്വർണ്ണവും പണവും പിടികൂടിയത്. 5.60 കോടി രൂപ 3 കിലോ സ്വർണം 103 കിലോ വെള്ളി ആഭരണങ്ങൾ 68 വെള്ളി ബാറുകൾ എന്നിവയാണ് പരിശോധനയിലൂടെ കണ്ടെത്തിയത്. 7.60 കോടി രൂപയാണ് ഇവയുടെ ആകെ മൂല്യം എന്നാണ് ലഭിക്കുന്ന സൂചന.
അതേസമയം സംഭവത്തിൽ ഹവാലാ ബന്ധം സംശയിക്കുന്നതായി പോലീസ് അറിയിച്ചു. കർണാടക പോലീസ് 98ാം വകുപ്പ് പ്രകാരം പോലീസ് കേസ് രജിസ്റ്റർ ചെയ്തു അന്വേഷണം ആരംഭിച്ചിട്ടുണ്ട് കേസിലെ തുടർ അന്വേഷണത്തിന് വേണ്ടി കണ്ടെത്തുന്ന വിവരങ്ങൾ ആദായനികുതി വകുപ്പിന് കൈമാറും എന്നും പോലീസ് വ്യക്തമാക്കി. വരാനിരിക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പിന്റെ ഭാഗമായി ധാരാളം സ്വർണവും പണവും മറ്റും കൈമാറ്റം നടക്കുന്നതായുള്ള വിവരം പോലീസിന് നേരത്തെ ലഭിച്ചിരുന്നു.
ഇതേതുടർന്ന് നടത്തിയ പരിശോധനയിലാണ് പണവും സ്വർണവും പിടികൂടിയത്. കണ്ടെടുത്ത പണവും മറ്റു വസ്തുക്കളും ഏതെങ്കിലും വ്യക്തിക്കോ രാഷ്ട്രീയ പാർട്ടിക്കോ കൈമാറ്റം ചെയ്യാനാണോ സൂക്ഷിച്ചത് എന്ന കാര്യത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അതേസമയം കഴിഞ്ഞദിവസം ചെന്നൈയിൽ നിന്നും ട്രെയിനിൽ കടത്താൻ ശ്രമിക്കുന്നതിനിടയിൽ നാലു കോടി രൂപ പിടികൂടിയിരുന്നു. സംഭവവുമായി ബന്ധപ്പെട്ട ബിജെപി നേതാവിന്റെ ബന്ധു ഉൾപ്പെടെ മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തു.
ബിജെപിയുടെ തിരുനെൽവേലി സ്ഥാനാർത്ഥിയായ നൈനാർ നാഗേന്ദ്രന്റെ ബന്ധുവാണ് അറസ്റ്റിലായ ബിജെപി പ്രവർത്തകൻ. തിരുനെൽവേലി എക്സ്പ്രസ് ട്രെയിനിൽ നിന്നാണ് പടം പിടികൂടിയിരുന്നത്. ഇലക്ഷൻ ഫ്ലയിങ് സ്ക്വാഡ് ഉദ്യോഗസ്ഥർക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് പണം പിടികൂടിയത്. സംഭവത്തിൽ സതീഷ്, നവീൻ, പെരമാൾ എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇതിൽ സതീഷ് ബിജെപിയുടെ തിരുനെൽവേലി സ്ഥാനാർത്ഥിയുടെ ബന്ധുവാണ്.