മോഹൻലാൽ ബോളിവുഡിലേക്ക്! ശ്രീകുമാർ മേനോനോടൊപ്പം ‘മാപ്പിള ഖലാസി’യിൽ
Mohanlal to Bollywood! In 'Mappila Khalasi' with Sreekumar Menon
കമ്പനി, ആഗ്, തേസ് എന്നീ സിനിമകൾക്ക് ശേഷം മലയാളം സൂപ്പർ താരം വീണ്ടും ബോളിവുഡിലേക്കെന്ന് റിപ്പോര്‍ട്ട്. ഒടിയൻ സിനിമയൊരുക്കിയ വിഎ ശ്രീകുമാർ മേനോൻ സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെയാണ് ലാൽ വീണ്ടും ബോളിവുഡിലേക്കെത്താനൊരുങ്ങുന്നത്. ഫോക്സ് സ്റ്റാർ സ്റ്റുഡിയോസ് നിര്‍മ്മിക്കുന്ന ചിത്രം മാപ്പിള ഖലാസികളുടെ കഥ പറയുന്നതാണെന്നാണ് ലഭിച്ചിരിക്കുന്ന റിപ്പോര്‍ട്ട്. ചിത്രത്തിൽ ഖലാസിയുടെ വേഷമാണ് മോഹൻലാലിനെന്നാണറിയാനാകുന്നത്.
പണ്ട് കപ്പൽ നിർമ്മാണശാലകളിലും തുറമുഖങ്ങളിലും പണ്ടകശാലകളിലുമൊക്കെ പണിയെടുത്തിരുന്ന കരുത്തരായ മനുഷ്യരെ ഖലാസികളെന്നാണ് വിളിച്ചിരുന്നത്. അറബി വാക്കാണിത്. മാപ്പിള ഖലാസികളുടെ വീരേതിഹാസ കഥ പറയുന്ന സിനിമ കഴിഞ്ഞ സെപ്തംബറിലാണ് ശ്രീകുമാർ മേനോൻ പ്രഖ്യാപിച്ചിരുന്നത്. ചിത്രത്തിൽ ലാൽ കേന്ദ്ര കഥാപാത്രമാകുമെന്ന റിപ്പോര്‍ട്ടാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. രൺദീപ് ഹൂഡയും പ്രധാന വേഷത്തിൽ ചിത്രത്തിലുണ്ടാകുമെന്നും സൂചനയുണ്ട്.
2002-ൽ രാംഗോപാൽ വർമ്മ സംവിധാനം ചെയ്ത കമ്പനി എന്ന ചിത്രത്തിലൂടെ ബോളിവുഡിൽ അരങ്ങേറിയ ലാൽ പിന്നീട് ആഗ്, തേസ് എന്നീ സിനിമകളുടേയും ഭാഗമായിരുന്നു. പൃഥ്വിരാജ് സുകുമാരൻ ഒരുക്കുന്നബ്രോ ഡാഡിയും ജീത്തു ജോസഫിന്‍റെ 12ത് മാനും പൂർത്തിയാക്കിയ ശേഷമായിരിക്കും മോഹൻലാൽ മാപ്പിള ഖലാസിയിൽ ജോയിൻ ചെയ്യുന്നതെന്നാണ് സിനിമാവൃത്തങ്ങളിൽ നിന്ന് ലഭിച്ചിരിക്കുന്ന വിവരം.
നിരവധി സിനിമകളാണ് മോഹൻലാൽ നായകനായി ഇറങ്ങാനിരിക്കുന്നതും. മലയാളത്തിലെ 200 കോടി ക്ലബ്ബിലിടം നേടിയ ആദ്യ സിനിമയായ ലൂസിഫറിൻറെ രണ്ടാം ഭാഗമായ എമ്പുരാൻ, ജീത്തു ജോസഫ് ഒരുക്കുന്ന റാം തുടങ്ങിയ സിനിമകളും പുറത്തിറങ്ങാനായി ഒരുങ്ങുന്നുമുണ്ട്. എമ്പുരാൻ ചിത്രീകരണം 2022-ൽ നടക്കുമെന്നാണ് സൂചനകൾ. മോഹൻലാലും ശ്രീകുമാർ മേനോനും ആദ്യമായി ഒന്നിച്ച ഒടിയൻ വലിയ പ്രതീക്ഷയോടെ എത്തിയ സിനിമയായിരുന്നുവെങ്കിലും തീയേറ്ററുകളിൽ വലിയ വിജയം നേടിയിരുന്നില്ല.