Mobile Charger Blast: ഉത്തർപ്രദേശ്: മീററ്റിൽ മൊബൈൽഫോണിന്റെ ചാർജർ പൊട്ടിത്തെറിച്ച് 4 കുട്ടികൾ വെന്തുമരിച്ചു. മൊബൈൽഫോൺ ചാർജ് ചെയ്യുന്നതിനിടെ ഉണ്ടായ ഷോർട്ട് സെർക്യൂട്ട് ആണ് അപകടത്തിന് കാരണമെന്നാണ് ലഭിക്കുന്ന സൂചന. കുട്ടികളുടെ മാതാപിതാക്കൾക്കും ഗുരുതരമായ പരിക്ക് പറ്റിയിട്ടുണ്ടെന്നാണ് ലഭിക്കുന്ന സൂചന. മീററ്റിലെ ജനത കോളനിയിൽ രാത്രിയിലാണ് സംഭവം നടക്കുന്നത്. ജോണി എന്നയാളുടെ വീട്ടിലാണ് അപകടം ഉണ്ടായത്.
സംഭവത്തിൽ ഇയാളുടെ മക്കളായ സരിക (10), നിഹാരിക (8), സൻസ്കാർ എന്ന ഗോലു (6), കാലു (4) എന്നിവരാണ് മരിച്ചത്. ഭാര്യ ബബിത ഗുരുതരമായ പൊള്ളലേറ്റതിനെ തുടർന്ന് ഡൽഹി എയിംസ് ആശുപത്രിയിൽ ചികിത്സയിലാണ്. മൊബൈൽഫോൺ ചാർജിൽ കുത്തിവെച്ചുകൊണ്ട് 4 കുട്ടികളും ഫോണിൽ ഗെയിം കളിക്കുകയായിരുന്നുവെന്നാണ് പിതാവ് പറയുന്നത്. ഈ സമയം ചാർജർ പൊട്ടിത്തെറിക്കുകയും കട്ടിലിലേക്ക് തീ പടരുകയും പെട്ടെന്ന് തീ വലിയ രീതിയിൽ പടർന്നു പിടിച്ചെന്നും അദ്ദേഹം പറയുന്നു.
സംഭവത്തിന് പിന്നാലെ എല്ലാവരേയും മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. നിഹാരികയും ഗോലുവും രാത്രി വൈകിയും സരികയും കാലുവും ഞായറാഴ്ച രാവിലെയും മരിച്ചു. ജോണിഅപകടനില തരണം ചെയ്തിട്ടുണ്ടെന്നാണ് ലഭിക്കുന്ന സൂചന. അതേസമയം ബബിതയുടെ നില ഗുരുതരമായി തുടരുന്നതിനലാണ് എയിംസിലേക്ക് മാറ്റിയത്.