Kerala

സംസ്ഥാനത്തെ എല്ലാ താലൂക്ക് ആശുപത്രികളിലും ദന്തൽ യൂണിറ്റ്: മന്ത്രി വീണാ ജോർജ്

Minister Veena George

സംസ്ഥാനത്തെ എല്ലാ താലൂക്ക് ആശുപത്രികളിലും ദന്തൽ യൂണിറ്റ് ഉടൻ യാഥാർത്ഥ്യമാകുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ആർദ്രം മാനദണ്ഡ പ്രകാരം സംസ്ഥാനത്തെ താലൂക്ക് ആശുപത്രികളിൽ ഒരു ദന്തൽ സർജൻ, ഒരു ദന്തൽ ഹൈജീനിസ്റ്റ്, ഒരു ദന്തൽ മെക്കാനിക്ക് എന്നീ തസ്തികകളോട് കൂടിയ ദന്തൽ യൂണിറ്റ് സജ്ജമാക്കാൻ തീരുമാനിച്ചിരുന്നു. ഇതിന്റെയടിസ്ഥാനത്തിൽ ദന്തൽ യൂണിറ്റ് നിലവിലില്ലാത്ത 5 താലൂക്ക് ആശുപത്രികളിലാണ് പുതുതായി ദന്തൽ യൂണിറ്റ് തുടങ്ങുന്നതിനുള്ള ഭരണാനുമതി നൽകിയിട്ടുള്ളതെന്നും മന്ത്രി പറഞ്ഞു.

കാസർഗോഡ് ബേഡഡുക്ക താലൂക്ക് ആശുപത്രി, മംഗൾപ്പാടി താലൂക്ക് ആശുപത്രി, മലപ്പുറം കൊണ്ടോട്ടി താലൂക്ക് ആശുപത്രി, ഇടുക്കി കട്ടപ്പന താലൂക്ക് ആശുപത്രി, കൊല്ലം പത്തനാപുരം താലൂക്ക് ആശുപത്രി എന്നിവിടങ്ങളിലാണ് ദന്തൽ യൂണിറ്റുകൾ ആരംഭിക്കുന്നത്. ദന്തൽ മേഖലയുടെ പുരോഗതിയ്ക്കായി ആരോഗ്യ വകുപ്പ് വലിയ പ്രാധാന്യമാണ് നൽകുന്നത്.

തെരഞ്ഞെടുക്കപ്പെട്ട കുടുംബാരോഗ്യ കേന്ദ്രം മുതൽ മെഡിക്കൽ കോളേജുകൾ വരെയുള്ള ആശുപത്രികളിൽ ദന്തൽ ചികിത്സ ലഭ്യമാണ്. ദേശീയ റാങ്കിംഗിൽ ആദ്യമായി തിരുവനന്തപുരം ദന്തൽ കോളേജ് ഇടംപിടിച്ചു. ദന്താരോഗ്യം ഉറപ്പ് വരുത്താനായി ആരോഗ്യ വകുപ്പ് വിവിധ വകുപ്പുകളുമായി ചേർന്ന് ദേശീയ ശ്രദ്ധയാകർഷിച്ച മന്ദഹാസം, പുഞ്ചിരി, വെളിച്ചം, ദീപ്തം എന്നീ പദ്ധതികളും നടപ്പിലാക്കി വരുന്നു.

സാമൂഹ്യ നീതി വകുപ്പുമായി സഹകരിച്ച് 60 വയസിന് മുകളിൽ പ്രായമായ ബിപിഎൽ വിഭാഗത്തിലെ വയോജനങ്ങൾക്ക് സൗജന്യമായി കൃത്രിമ പല്ല് വച്ച് കൊടുന്നതാണ് മന്ദഹാസം. ഇതുവരെ 7,000ലധികം വയോജനങ്ങൾക്ക് പല്ല് വച്ചു കൊടുത്തു. ആറിനും പതിനാറിനും ഇടയിൽ പ്രായമുള്ള സ്‌കൂൾ കുട്ടികൾക്ക് സമ്പൂർണ ദന്ത പരിരക്ഷ ഉറപ്പാക്കുന്ന സൗജന്യ പദ്ധതിയാണ് പുഞ്ചിരി. കേരളത്തിലെ എല്ലാ ആദിവാസി മേഖലകളിലേയും ഗോത്ര വിഭാഗക്കാർക്കും തീരദേശ മേഖലയിലെ പ്രായം ചെന്നവർക്കും സൗജന്യ ഓറൽ കാൻസർ സ്‌ക്രീനിംഗും ചികിത്സയും ഉറപ്പ് വരുത്തുന്നതാണ് വെളിച്ചം പദ്ധതി. ഭിന്നശേഷി കുട്ടികൾക്ക് എല്ലാത്തരം ദന്തപരിരക്ഷയും ദീപ്തം പദ്ധതി വഴി ഉറപ്പാക്കുന്നു.

Source link

അതിവേഗ വാർത്തകൾക്ക് ടെലഗ്രാം ചാനലിൽ അംഗമാവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Leave a Reply

Your email address will not be published. Required fields are marked *

Back to top button