കേന്ദ്രമന്ത്രി ഉദ്ദേശിച്ചത് കേരളം മറ്റുള്ളവർക്ക് പാഠമാകണമെന്നാണ് മന്ത്രി ശൈലജ
Minister Shailaja said that the Union Minister meant that Kerala should be a lesson to others
തിരുവനന്തപുരം: ഓണാഘോഷത്തെ തുടർന്ന് കേരളത്തിൽ കേസുകൾ വർധിച്ച സാഹചര്യം ചൂണ്ടിക്കാട്ടി കൂടിച്ചേരലുകൾ ഉണ്ടായാൽ രോഗവ്യാപനം ഉണ്ടാകുമെന്നും മറ്റു സംസ്ഥാനങ്ങൾ ഇതൊരു പാഠമായി സ്വീകരിക്കണമെന്നുമാണ് കേന്ദ്രമന്ത്രി ഹർഷ വർധൻ പറഞ്ഞതെന്ന്.
ആരോഗ്യമന്ത്രി കെ.കെ.ശൈലജ. കേരളത്തിൽ കോവിഡ് കേസുകൾ വർധിച്ചതിന്റെ പശ്ചാത്തലത്തിൽ ഏറ്റവും മോശമായ പ്രതിരോധപ്രവർത്തനങ്ങളാണ് കേരളത്തിൽ നടക്കുന്നതെന്ന് കേന്ദ്ര ആരോഗ്യമന്ത്രി അഭിപ്രായപ്പെട്ടെന്ന വാർത്തയെ നിരാകരിച്ചുകൊണ്ട് കെ.കെ.ശൈലജ പറഞ്ഞു.
”കോവിഡ് ബാധ ഉണ്ടായ നാൾ മുതൽ കേരളത്തിലെ പ്രവർത്തനങ്ങൾ ഏറ്റവും ശാസ്ത്രീയമാണെന്നും ശരിയായ രീതിയിൽ കാര്യങ്ങൾ നടത്തുന്നുണ്ടെന്നും പറഞ്ഞ് കേന്ദ്രമന്ത്രി പതിവായി അഭിനന്ദിച്ചിരുന്നു. നല്ല പിന്തുണയാണ് അദ്ദേഹത്തിൽ നിന്ന് ലഭിച്ചത്. രാഷ്ട്രീയം നോക്കാതെയാണ് കേരളത്തെ അദ്ദേഹം അഭിനന്ദിച്ചിരുന്നത്. ഏറ്റവും മോശമായ പ്രതിരോധ പ്രവർത്തനങ്ങളാണ് കേരളത്തിൽ നടക്കുന്നതെന്ന് മന്ത്രി പറഞ്ഞു എന്ന രീതിയിൽ ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ഞാൻ ഇക്കാര്യം മന്ത്രിയോട് നേരിട്ട് ചോദിച്ചു. എന്നാൽ അങ്ങനെ ഉദ്ദേശിച്ചിട്ടില്ല എന്നാണ് അദ്ദേഹം പറഞ്ഞത്.
”കോവിഡ് നിയന്ത്രണത്തിൽ ശ്രദ്ധിക്കേണ്ടത് ആൾക്കൂട്ടങ്ങൾ ഒഴിവാക്കാനാണ്. എന്നാൽ ഓണാഘോഷത്തിന്റെ ഭാഗമായി നിർദേശിച്ചതിൽ നിന്നും വ്യത്യസ്തമായി ചില കൂടിച്ചേരലുകൾ ഉണ്ടായി. അതിനുശേഷം കേരളത്തിൽ കേസുകളുടെ എണ്ണം വർധിച്ചു. മറ്റുസംസ്ഥാനങ്ങളിൽ ഉത്സവങ്ങളും കേസുകളുടെ എണ്ണം വർധിച്ചു. മറ്റുസംസ്ഥാനങ്ങളിൽ ഉത്സവങ്ങളും ആഘോഷങ്ങളും നടക്കാനിരിക്കുന്നതിനാൽ ആളുകളുടെ കൂട്ടായ്മയും മറ്റും ഇല്ലാതിരിക്കാൻ ശ്രദ്ധിക്കണമെന്ന അർഥത്തിലാണ് അത് സൂചിപ്പിച്ചത് എന്നാണ് അദ്ദേഹം പറഞ്ഞത് ” . മന്ത്രിയുടെ ഈ പ്രസ്താവനയോട് താൻ പൂർണമായും യോജിക്കുന്നുവെന്നും കെ.കെ.ശൈലജ പറഞ്ഞു.
രാജ്യത്തെ മറ്റുസംസ്ഥാനങ്ങളെ അപേക്ഷിച്ച് കോവിഡ് ബാധിച്ചുളള മരണനിരക്ക് കേരളത്തിലാണ് ഏറ്റവും കുറവെന്നുളള കാര്യം കേന്ദ്രമന്ത്രിയുടെ ശ്രദ്ധയിൽ പെടുത്തിയെന്നും ആരോഗ്യമന്ത്രി പറഞ്ഞു. കേരളത്തെ സംബന്ധിച്ച് ട്വീറ്റിലുണ്ടായ തെറ്റിദ്ധാരണ പരിഹരിക്കാമെന്ന് കേന്ദ്രമന്ത്രി പറഞ്ഞതായും അവർ കൂട്ടിച്ചേർത്തു.