തിരുവനന്തപുരം: മന്ത്രി എകെ ബാലന് കൊവിഡ് 19 സ്ഥിരീകരിച്ചു. മന്ത്രി നിലവിൽ പാലക്കാട് ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്. ശാരീരിക അസ്വസ്ഥതകളെ തുടർന്നാണ് അദ്ദേഹത്തെ രാവിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. താനുമായി സമ്പർക്കത്തിലുണ്ടായിരുന്നവർ മുൻകരുതലുകൾ സ്വീകരിക്കണമെന്ന് മന്ത്രി ആവശ്യപ്പെട്ടു.
‘ചെറിയ ശാരീരിക അസ്വസ്ഥതകളെ തുടർന്ന് ഇന്ന് രാവിലെ നടത്തിയ പരിശോധനയിൽ എനിക്ക് കൊവിഡ്-19 ആണെന്ന് സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസങ്ങളിൽ ഞാനുമായി സമ്പർക്കമുണ്ടായവർ കൊവിഡ് മാനദണ്ഡ പ്രകാരം ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കാൻ അഭ്യർഥിക്കുന്നു.’ മന്ത്രി എകെ ബാലൻ അറിയിച്ചു.
കേരളത്തിൽ ദിനംപ്രതി 5,000ത്തിലേറെ കൊവിഡ് കേസുകളാണ് നിലവിൽ റിപ്പോർട്ട് ചെയ്യുന്നത്. ഇതിനിടെയാണ് മറ്റൊരു മന്ത്രിക്കും രോഗം സ്ഥിരീകരിച്ചത്. നേരത്തെ ഇപി ജയരാജൻ, വിഎസ് സുനിൽ കുമാർ ഉൾപ്പെടെയുള്ള മന്ത്രിമാർക്കും രോഗം സ്ഥിരീകരിച്ചിരുന്നു.
സംസ്ഥാനത്ത് ഇന്നലെ 5615 പേർക്കായിരുന്നു കൊവിഡ്-19 സ്ഥിരീകരിച്ചത്. കൊവിഡ് സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 4922 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആവുകയും ചെയ്തിരുന്നു. 63,802 പേരാണ് കൊവിഡ് സ്ഥിരീകരിച്ച് ഇനി സംസ്ഥാനത്ത് ചികിത്സയിലുള്ളത്. 7,17,311 പേര്‍ ഇതുവരെ കൊവിഡില്‍ നിന്നും മുക്തി നേടിയിട്ടുണ്ട്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 24 മരണങ്ങളാണ് കൊവിഡ്-19 മൂലമാണെന്ന് ചൊവ്വാഴ്ച സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 3184 ആയി ഉയരുകയും ചെയ്തു.