ഇടുക്കിയിൽ മലേറിയ ബാധിച്ച് അതിഥി തൊഴിലാളി മരിച്ചു
Migrant worker died of malaria in Idukki Malayalam News

Migrant worker died of malaria in Idukki Malayalam News
നെടുങ്കണ്ടം: ഇടുക്കി നെടുങ്കണ്ടത്ത് മലേറിയ ബാധിച്ച് അതിഥി തൊഴിലാളി മരിച്ചു. അസം സ്വദേശിയായ സുമിത്രയാണ് മരിച്ചത്. 20 വയസായിരുന്നു. നെടുങ്കണ്ടം സന്യാസിയോടയിലെ എലത്തോട്ടത്തിൽ അഞ്ച് ദിവസം മുൻപ് ജോലിക്കായി ഭർത്താവിനൊപ്പം എത്തിയതായിരുന്നു സുമിത്ര.
പനിയെ തുടർന്ന് ചൊവ്വാഴ്ച ഉച്ചയോടെ തൂക്കുപാലത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച സുമിത്രയെ തുടർന്ന് നെടുങ്കണ്ടം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രാത്രിയോടെ മരിക്കുകയായിരുന്നു. പോസ്റ്റ്‌മോർട്ടത്തിനു ശേഷം മൃതദേഹം മുണ്ടിയെരുമയിലെ പൊതു സ്മശാനത്തിൽ സംസ്കരിക്കും. സുമിത്രയുടെ ഭർത്താവ് നിക്കോളാസിനും മലേറിയ സ്ഥിരീകരിച്ചിട്ടുണ്ട്. മരിച്ച യുവതി താമസിച്ചിരുന്ന സന്യാസിയോടയിൽ ജില്ലാ ആരോഗ്യ വിഭാഗത്തിന്റെ നേതൃത്വത്തിൽ പരിശോധന നടത്തി പ്രതിരോധ മാർഗങ്ങൾ സ്വീകരിച്ചിട്ടുണ്ട്. ഒപ്പം തൊഴിലാളികൾക്ക് കൊതുക് വലയും വിതരണം ചെയ്തിട്ടുണ്ട്.
ആരോഗ്യ വകുപ്പ് നടത്തിയ മെഡിക്കൽ ക്യാംപിൽ 56 അതിഥി തൊഴിലാളികൾ ഉൾപ്പെടെ നിരവധിയാളുകൾ പങ്കെടുത്തിരുന്നു. ഇവരുടെ സാംപിളുകൾ ശേഖരിച്ച് പരിശോധനക്കായി അയച്ചിട്ടുണ്ട്. അസമിൽ നിന്നെത്തിയ സുമിത്ര നാട്ടിൽ എത്തുന്നതിന് മുൻപ് തന്നെ അസുഖ ബാധിതയായിരുന്നുവെന്നും ആശങ്കപ്പേടേണ്ട സാഹചര്യമില്ലെന്നും ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചിട്ടുണ്ട്.
<https://zeenews.india.com/malayalam/kerala/migrant-worker-died-of-malaria-in-idukki-193393