India

മിഗ് 21 യുദ്ധവിമാനം തകര്‍ന്നുവീണു; 2 പൈലറ്റുമാർ മരിച്ചു

MiG 21 fighter jet crashes; 2 pilots died

ജയ്പൂർ: ഇന്ത്യൻ വ്യോമസേനയുടെ യുദ്ധവിമാനമായ മിഗ് 21 തകർന്നുവീണു രണ്ടു പൈലറ്റുമാർ മരിച്ചു. രാജസ്ഥാനിലെ ബാർമർ ജില്ലയിൽ വ്യാഴാഴ്ച രാത്രി 9.10 ഓടെയാണ് സംഭവം. ഉതർലായ് എയർ ബേസിൽ നിന്ന് പരിശീലനത്തിനായി പുറപ്പെട്ട ഇരട്ട സീറ്റുള്ള മിഗ് 21 ട്രെയിനർ വിമാനം ആണ് ഭീംദ ഗ്രാമത്തിനു സമീപം തകർന്നുവീണത്. വിമാന അവശിഷ്ടങ്ങൾ അരക്കിലോമീറ്റർ ചുറ്റളവിൽ ചിതറി തീപടർന്ന നിലയിലായിരുന്നു. അപകട കാരണം അവ്യക്തമാണ്. മരിച്ച പൈലറ്റുമാരുടെ വിവരങ്ങൾ വ്യോമസേന പുറത്തുവിട്ടിട്ടില്ല.

സംഭവത്തിൽ ഖേദം പ്രകടിപ്പിപ്പിച്ച വ്യോമസേന മരിച്ച പൈലറ്റുമാരുടെ കുടുംബാംഗങ്ങളുടെ ദുഖത്തിൽ പങ്കുചേരുന്നുവെന്ന് പ്രസ്താവനയിൽ പറഞ്ഞു. അപകടത്തിൽ വ്യോമസേനാ കോടതി അന്വേഷണത്തിനു ഉത്തരവിട്ടു. സംഭവത്തെ തുടർന്ന് പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് എയർ ചീഫ് മാർഷൽ വി ആർ ചൗധരിയുമായി സംസാരിച്ചു. പൈലറ്റുമാരുടെ ജീവൻ നഷ്ടപ്പെട്ടതിൽ അതിയായ വേദനയുണ്ടെന്ന് പ്രതിരോധ മന്ത്രി ട്വീറ്റ് ചെയ്തു. രാജ്യത്തിനായുള്ള ഇവരുടെ സേവനം ഒരിക്കലും മറക്കാനാവില്ല. കുടുംബാംഗങ്ങളുടെ ദുഖത്തിൽ പങ്കുചേരുന്നുവെന്നും രാജ്നാഥ് സിങ് കുറിച്ചു. സംഭവത്തിൽ അഗാധമായ ദുഖമുണ്ടെന്നും പൈലറ്റുമാരുടെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തുന്നുവെന്നും രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ട് പറഞ്ഞു.

അതേസമയം മിഗ് 21 യുദ്ധവിമാനങ്ങൾ അപകടത്തിൽ പെടുന്നത് തുടർച്ചയാകുകയാണ്. കഴിഞ്ഞവർഷം ജനുവരി മുതലുള്ള കണക്കുകൾ പ്രകാരം ആറു മിഗ് വിമാനങ്ങൾ തകർന്ന് അഞ്ചു പൈലറ്റുമാർക്ക് ജീവൻ നഷ്ടമായി. വിവിധ സേനയുടെ വിമാനങ്ങൾ തകർന്ന് കഴിഞ്ഞ അഞ്ചുവർഷത്തിനിടെ 44 സൈനികരാണ് വീരമൃത്യു വരിച്ചത്. സോവിയറ്റ് യൂണിയൻ്റെ നിർമിതിയായ ശബ്ദാധിവേഗ പോർവിമാനമാണ് മിഖായോൻ-ഗുരേവിച്ച് എന്ന മിഗ് 21. 1963 ലാണ് ഇവ ഇന്ത്യൻ വ്യോമസേനയുടെ ഭാഗമാകുന്നത്.

Source link

അതിവേഗ വാർത്തകൾക്ക് ടെലഗ്രാം ചാനലിൽ അംഗമാവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Leave a Reply

Your email address will not be published. Required fields are marked *

Back to top button