ഒക്ടോബർ 9 ലോക തപാൽ ദിനം. ഒക്ടോബർ 10 ദേശീയ തപാൽ ദിനം. നമ്മുടെ രാജ്യത്ത് ആശയ വിനിമയ സംവിധാനത്തിൽ വിപ്ലവകരമായ ഒരുപാട് വലിയ മാറ്റങ്ങൾ സംഭവിച്ചു എങ്കിലും, ഇന്നും ഒളിമങ്ങാതെ കാലത്തിനൊത്ത് നൂതന മാറ്റങ്ങൾ വരുത്തി പ്രവർത്തിച്ച് വരുന്ന ഒന്നാണ് ഇന്ത്യൻ തപാൽ. ലോകത്തിലെ ഏറ്റവും വലിയ തപാല്‍ സംവിധാനമുള്ള രാജ്യമാണ് ഇന്ത്യ. 1764 ൽ ലോർഡ് ക്ലൈവിന്റെ കാലത്ത് ബ്രിട്ടിഷ് സർക്കാർ കൊൽക്കത്തയിൽ തുറന്ന രാജ്യത്തെ ആദ്യത്തെ പോസ്റ്റ് ഓഫീസിൽ ഇന്ത്യക്കാർക്ക് പ്രവേശനം നിഷിദ്ധമായിരുന്നു, ഒരു ദശാബ്ദത്തിന് ശേഷം 1774 ലാണ് വാറൻ ഹേസ്റ്റിംഗ്സ് ഇത് നാട്ടുകാർക്ക് തുറന്ന് കൊടുക്കുന്നത്.
സ്വാതന്ത്രം ലഭിക്കുന്നതിന് മുമ്പ് നാട്ടിൽ ഉണ്ടായിരുന്ന നിരവധി തപാൽ ശൃംഖലകളെ ഏകോപിച്ച് ഉണ്ടാക്കിയ ഒന്നാണ്, ഭാരത സർക്കാർ കമ്മ്യൂണിക്കേഷൻസ് ആൻഡ് ഇൻഫർഷേൻ ടെക്നോളോജി മന്ത്രാലയത്തിന് കീഴിൽ ഇന്ന് പ്രവർത്തിക്കുന്ന ഇന്ത്യൻ തപാൽ വകുപ്പ്. ലോകത്തിലെ ഏറ്റവും ഉയരത്തിൽ സ്ഥിതി ചെയ്യുന്ന പോസ്റ്റ് ഓഫീസ്, ഇന്ത്യയിലെ ഹിമാചൽപ്രദേശിൽ സമുദ്ര നിരപ്പിൽ നിന്നും 4,440 മീറ്റർ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഹിക്കീമിൽ, 1983 നവംബർ 5 ന് പ്രവർത്തനം തുടങ്ങിയ ഒന്നാണ്. വിമാനം മാർഗ്ഗം തപാലുകള്‍ മേല്‍വിലാസക്കാരന് എത്തിച്ച് കൊടുക്കാമെന്ന് ലോകത്തിന് ആദ്യമായി കാണിച്ച് കൊടുത്ത രാജ്യമായ ഇന്ത്യക്ക്, ഭൂഗോളത്തിലെ ഏറ്റവും തണുപ്പേറിയ പ്രദേശമായ അന്റാർട്ടിക്കയിലും പോസ്റ്റ് ഓഫീസ് ഉണ്ട്.
ഭാരതത്തിൽ നിലവിലുള്ള തപാല്‍ സംവിധാനം വരുന്നതിന്റെ എത്രയോ വർഷം മുമ്പ് തന്നെ, കേരളത്തിലെ നാട്ടുരാജ്യങ്ങളായ കൊച്ചി, തിരുവിതാംകൂര്‍ പ്രദേശങ്ങളിൽ ഉണ്ടായിരുന്ന ഒരു സംവിധാനമാണ്, 1951 ൽ ഇന്ത്യൻ തപാൽ വകുപ്പിൽ ലയിച്ച അഞ്ചൽ തപാല്‍. ഇൻറർനെറ്റും, ഇ മെയിലും, സോഷ്യൽ മീഡിയയും, വാട്സ് ആപ്പും, സജീവമായെങ്കിലും, സ്വന്തമായി തപാൽ ആഫീസ് തുടങ്ങുവാൻ കഴിയുന്ന ഇന്നത്തെ കാലത്ത്, പുതിയ തലമുറക്ക് പരിചിതമില്ലാത്ത പ്രതാപം മങ്ങിയെങ്കിലും ഒരുപാട് സ്മരണകൾ ഉണർത്തുന്ന ഒരു പോസ്റ്റ് ഓഫീസ് ഉണ്ട്, നിളയുടെ തീരത്തെ റെയിവേ നഗരമായ ഷൊർണൂരിൽ.
ഇന്ത്യൻ റെയിൽവേ വർഷങ്ങൾക്ക് മുമ്പ് 1950 കളിൽ ഷൊർണൂരിലെ പ്രശസ്‌തമായ മുതുകുറുശ്ശി മനയുടെ ഉടമസ്ഥതയിലുള്ള മുതുകുറുശ്ശി കുന്നിൽ, റെയിൽവേ ക്വാർട്ടേഴ്‌സ് നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ച വേളയിൽ വാട്ടർ ടാങ്കിന് വേണ്ടി കുഴി എടുക്കുമ്പോൾ, അവിടെ നിന്നും ഒരു ഗണപതി വിഗ്രഹം ലഭിക്കുയുണ്ടായി. 1955 ൽ റെയിൽവേ ടെലിഗ്രാഫിസ്റ്റ് ആയിരുന്ന പ്രദേശവാസി ശിവരാമ കൃഷ്ണ അയ്യരും, അദ്ദേഹത്തിൻറെ വസതിയിൽ വാടകക്ക് താമസിച്ചിരുന്ന അന്നത്തെ എ. ഡി. എൻ. സുബ്രമണ്യ അയ്യരും ചേർന്ന്, നാട്ടുകാരുടെ പങ്കാളിത്തത്തോടെ 1001 നാളികേരം ഉടച്ച് കൊണ്ട് പ്രതിഷ്ഠ നടത്തുകയായിരുന്നു. അങ്ങനെ മുതുകുറുശ്ശി കുന്ന് പിന്നീട് ഗണേശൻ കുടികൊള്ളുന്ന കുന്നായി മാറുകയും ശേഷം ലോപിച്ച് ഗണേശഗിരിയായി മാറുകയും ചെയ്തു.
റെയിൽവേ ക്വാർട്ടേഴ്‌സ് നിർമ്മാണത്തിന് ശേഷം അഞ്ച് ദശാബ്ദത്തോളം കാലം ഷൊർണൂർ ഗണേശഗിരിയിൽ ചെന്നാൽ ഇന്ത്യയെ കാണാമായിരുന്നു. അങ്ങനെ ഒരു ചൊല്ല് തന്നെ ഉണ്ടായിരുന്നു അന്നാട്ടിൽ, കാരണം ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലെയും വിവിധ ഭാഷകൾ സംസാരിക്കുന്ന ജനങ്ങൾ ജോലി സംബന്ധമായി ഇവിടെ ഷൊർണൂരിലെ റെയിൽവേ ക്വാർട്ടേഴ്‌സുകളിൽ താമസിച്ചിരുന്നു. ഇത്തരം ഒരു സാഹചര്യത്തിലാണ് 1957 ആഗസ്റ്റ് 21 ന് റെയിൽവേ സ്ഥലത്ത് വാടകക്ക് ഒരു പോസ്റ്റ് ഓഫീസ് ബ്രാഞ്ച് സെന്റർ ആരംഭിക്കുന്നത്. പിന്നീട് 1972 ഒക്‌ടോബർ 25 ന് സബ് സെന്റർ ആയി ഉയർത്തപ്പെട്ടു. അതാണ് ഇന്നത്തെ 679123 ഗണേശഗിരി ഷൊർണുർ ത്രീ.1972 ൽ തന്നെയാണ് ഇന്ത്യയിൽ ആറക്ക കോഡ് നമ്പറുള്ള പിൻ കോഡ് എന്ന പോസ്റ്റൽ ഇൻഡക്സ് നമ്പർ സമ്പ്രദായം നിലവിൽ വന്നത്.
ഇപ്പോൾ വി. സഫിയയാണ് ഇവിടത്തെ സബ് പോസ്റ്റ് മാസ്റ്റർ. ഒരു മെയിൽ ക്യാരിയർ ആൻഡ് പേക്കിങ് ഗ്രാമീണ ഡെക് സേവകും, രണ്ട് മെയിൽ ഡെലിവറി ഗ്രാമീണ ഡെക് സേവകുമാണ് ഇവിടത്തെ പ്രവർത്തനങ്ങൾ നിർവഹിക്കുന്നത്. ഇതിൻറെ കീഴിൽ ഒരു ബ്രാഞ്ച് സെന്റർ കൂടി ഉണ്ട്, കെ. എ. സമാജം എന്ന പേരിൽ. കേരളീയ ആയുർവേദ സമാജത്തിന് മുമ്പിൽ അത് പ്രവർത്തിക്കുന്നു. നിലവിൽ ഓൺലൈൻ സംവിധാനങ്ങളടക്കമുള്ള ഈ ഗണേശഗിരി പോസ്റ്റ് ഓഫീസ് സബ് സെന്റർ, കാലപ്പഴക്കം ചെന്ന കെട്ടിടത്തിന്റെ അസൗകര്യങ്ങളാൽ വീർപ്പുമുട്ടുകയാണ്. ചുറ്റുപാടുമുള്ള റെയിൽവേ സ്ഥലങ്ങളെല്ലാം കാടു പിടിച്ചു കിടക്കുകയാണ്. അത് കൊണ്ട് ഇഴ ജന്തുക്കളുടെ ശല്യവും ഇടക്ക് നേരിടേണ്ടി വരുന്നു.
ഇന്ത്യൻ റെയിൽവേയിൽ നിന്നും റിട്ടയർ ചെയ്ത് വിശ്രമ ജീവിതം നയിക്കുന്ന പഴയകാല ഒട്ടുമിക്ക ജിവനക്കാരുടെയും ഹൃദയ വികാരമായ സ്മരണകൾ ഉണർത്തുന്ന, ഷൊർണൂർ ഗണേശഗിരി സബ് പോസ്റ്റ് ഓഫീസ് സെൻറർ അത്യാധുനിക സൗകര്യങ്ങളിലേക്ക് ഉയർത്തി കൊണ്ട് വരേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ്.