‘പലതും നന്നായി നടന്നില്ല’; ട്രംപിനെ തള്ളിപ്പറഞ്ഞ് ഇന്ത്യൻ സർക്കാർ
'Many things did not go well'; Indian government rejects Trump
ന്യൂഡൽഹി: യുഎസ് തെരഞ്ഞെടുപ്പിൽ ഡോണള്‍ഡ് ട്രംപ് തോൽക്കുകയും പുതിയ പ്രസിഡൻ്റായി ജോ ബൈഡൻ സ്ഥാനമേൽക്കാൻ ആഴ്ചകള്‍ മാത്രം ബാക്കി നിൽക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ ട്രംപിനെതിരെ പരാമര്‍ശങ്ങളുമായി വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍. ഇന്ത്യ – യുഎസ് വ്യാപാരക്കരാര്‍ ഉള്‍പ്പെടെയുള്ള വിഷയങ്ങളിൽ ട്രംപ് സര്‍ക്കാരുമായി വളരെ ബുദ്ധിമുട്ടിയാണ് ചര്‍ച്ചകള്‍ നടത്തിയതെന്ന് എസ് ജയശങ്കര്‍ പറഞ്ഞു. ഇതാദ്യമായാണ് ട്രംപിനെതിരെ തുറന്നടിച്ചു കൊണ്ട് കേന്ദ്രസര്‍ക്കാര്‍ രംഗത്തെത്തിയത്.
വിഷയം ജോ ബൈഡൻ സര്‍ക്കാരുമായി ചര്‍ച്ച ചെയ്യാൻ സാധിക്കുമെന്നാണ് പ്രതീക്ഷയെന്നും എസ് ജയശങ്കര്‍ വ്യക്തമാക്കി. 93-ാമത് ഫിക്കി കോൺഫറൻസിൽ വീഡിയോ കോൺഫറൻസിങ് വഴി സംസാരിക്കുമ്പോഴായിരുന്നു കേന്ദ്ര വിദേശകാര്യ മന്ത്രിയുടെ വാക്കുകള്‍.
“പല കാരണങ്ങള്‍ കൊണ്ടും അത് നന്നായി നടന്നില്ല. ഞങ്ങള്‍ ഇക്കാര്യങ്ങള്‍ വളരെ ഗൗരവത്തോടെയാണ് സമീപിച്ചത്. ഈ വിഷയങ്ങള്‍ പരിശോധിക്കണമെന്നായിരുന്നു ഞങ്ങളുടെ ആവശ്യം. കാരണം ഉഭയകക്ഷഇബന്ധം ഇതിലുമേറെ മെച്ചപ്പെടുത്താൻ കഴിയുമായിരുന്നു.” മന്ത്രി യോഗത്തിൽ പറഞ്ഞതായി ദേശീയ മാധ്യമമായ ലൈവ് മിൻ്റ് റിപ്പോര്‍ട്ട് ചെയ്തു. “ഗൗരവത്തോടെയും ലക്ഷ്യബോധത്തോടെയും ഞങ്ങള്‍ ശ്രമിച്ചു, പക്ഷെ അത് നടന്നില്ല.” അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വില വിഷയങ്ങളിലൊഴികെ ഇന്ത്യയുടെയും യുഎസിൻ്റെയും താത്പര്യങ്ങള്‍ തമ്മിൽ ചേര്‍ച്ചക്കുറവില്ലായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ജോ ബൈഡൻ അധികാരത്തിലെത്തുമ്പോള്‍ വലിയ ചര്‍ച്ചകള്‍ നടത്താൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും എസ് ജയശങ്കര്‍ വ്യക്തമാക്കി.
യുഎസ് തെരഞ്ഞെടുപ്പിനു മുന്നോടിയായി ഹൂസ്റ്റണിൽ ഡോണള്‍ഡ് ട്രംപിനു വേണ്ടി പ്രചാരണത്തിനു വരെ പ്രധാനമന്ത്രി നരേന്ദ്ര മോദി എത്തിയിരുന്നു. ഇരുവരും തമ്മിൽ മികച്ച സൗഹൃദമുണ്ടെന്ന വാദങ്ങള്‍ പലപ്പോഴും വാര്‍ത്തയാകുകയും ചെയ്തിരുന്നു. എന്നാൽ ഇതാദ്യമായാണ് ഒരു മന്ത്രി ട്രംപിനെ പൂര്‍ണമായി തള്ളിപ്പറയുന്നത്.