മാങ്ങ സീസണല്‍ ഫലമാണ്. ആരോഗ്യത്തിന് ഏറെ ഗുണങ്ങളുള്ള, സ്വാദിഷ്ഠമായ ഒന്നുമാണ്. പച്ച മാങ്ങയ്ക്കും പഴുത്ത മാങ്ങയ്ക്കുമെല്ലാം ആരോഗ്യപരമായ ഗുണങ്ങള്‍ പലതാണ്. വൈററമിന്‍ എ, സി, കെ, ഫോളേറ്റ്, പൊട്ടാസ്യം എന്നിങ്ങനെ ഏറെ പോഷകങ്ങള്‍ അടങ്ങിയതാണിത്. എന്നാല്‍ മാങ്ങ പോലെ തന്നെ ഗുണങ്ങളുള്ളതാണ് മാവിലയെന്നറിയാമോ. പല അസുഖങ്ങള്‍ക്കുമുള്ള സ്വാഭാവിക പരിഹാരമാണിത്. മാവില കൊണ്ട് പല അസുഖങ്ങള്‍ക്കും മരുന്നാക്കാമെന്നു മാത്രമല്ല, ആരോഗ്യപരമായ ഗുണങ്ങള്‍ ഇതിനേറെയുണ്ട്. മാവിലയിട്ടു തിളപ്പിച്ച വെള്ളമായും മാവില ഉണക്കിപ്പൊടിച്ചതായുമെല്ലാം പല തരത്തിലും ഉപയോഗിയ്ക്കാം.
പ്രമേഹത്തിനുള്ള നാട്ടുവൈദ്യങ്ങളിലുള്ള ഒന്നാണ് മാവില. ഇതിലെ പെക്ടിന്‍, ഫൈബര്‍, വൈറ്റമിന്‍ സി എന്നിവ പ്രമേഹത്തിനുളള മരുന്നാണ്. ഇത് രക്തത്തിലെ ഗ്ലൂക്കോസ് തോത് കുറയ്ക്കാന്‍ ഏറെ നല്ലതാണ്. ഇവ ഗ്ലൂക്കോസിനെ രക്തത്തില്‍ നിന്ന് പുറന്തളളാന്‍ ഏറെ നല്ലതാണ്. ഇതിന്റെ തളിരിലകള്‍ പ്രമേഹത്തിന് ഏറെ ഗുണകരമാണ്. ഇതിട്ടു തിളപ്പിച്ച വെള്ളം കുടിയ്ക്കാം. പ്രത്യേകിച്ചും പ്രമേഹത്തിന്റെ തുടക്കത്തില്‍. ഡയബെറ്റിക് ആന്‍ജിയോപതി, ഡയബെറ്റിക് റെററിനോപതി തുടങ്ങിയ അവസ്ഥകള്‍ക്ക് ഇതു നല്ല മരുന്നാണ്.
കൊളസ്‌ട്രോള്‍ പ്രശ്‌നങ്ങള്‍ക്കും ഇത് മരുന്നായി ഉപയോഗിയ്ക്കാം. ഇതിലെ വൈറ്റമിന്‍ സി, ഫൈബര്‍, പെക്ടിന്‍ എന്നിവയെല്ലാം തന്നെ നല്ല മരുന്നായി കൊളസ്‌ട്രോളിനെതിരെ പ്രവര്‍ത്തിയ്ക്കുന്നു. ഈ ഇലകള്‍ക്ക് ബിപി കുറയ്ക്കാനും ബ്ലഡ് വെസലുകളെ ശക്തിപ്പെടുത്താനും വെരിക്കോസ് വെയിന് പരിഹാരമായി പ്രവര്‍ത്തിയ്ക്കാനുമെല്ലാം കഴിയും. ഇതിന്റെ ഹൈപ്പോടെന്‍സീവ് ഗുണങ്ങളാണ് ഇതിനായി സഹായിക്കുന്നത്. കിഡ്‌നി, ശ്വാസകോശ സംബന്ധമായ പ്രശ്‌നങ്ങള്‍ക്കുള്ള പരിഹാരമായി പ്രവര്‍ത്തിയ്ക്കുന്ന ഒന്നു കൂടിയാണ് മാവിലകള്‍.
ദഹന പ്രശ്‌നങ്ങള്‍ക്കുള്ള നല്ലൊരു മരുന്നു കൂടിയാണ് മാവില. ഇതിന്റെ ഇല ഉണക്കിപ്പൊടിച്ച് മൂന്നു നേരം വെള്ളത്തിലോ കരിക്കിന്‍ വെള്ളത്തിലോ കലക്കി കുടിയ്ക്കാം. തണലില്‍ വച്ചു വേണം, ഇല ഉണക്കാന്‍. വയറിളക്കം പോലുള്ള രോഗങ്ങള്‍ക്ക് ഇത് മരുന്നാണ്. മൂത്ര, പിത്താശയ സംബന്ധമായ രോഗങ്ങള്‍ക്ക് ഈ പൊടി തലേന്ന് വെള്ളത്തില്‍ ഇട്ടു വച്ച് പിറ്റേന്ന് ഊറ്റിയെടുത്ത് കുടിയ്ക്കാം.തൊണ്ടയിലുണ്ടാകുന്ന അണുബാധകള്‍ക്കും ഇത് നല്ല മരുന്നാണ്. ചര്‍മത്തിലുണ്ടാകുന്ന അലര്‍ജി പ്രശ്‌നങ്ങള്‍ക്ക് മാവിലയുടെ നീര് പുരട്ടിയാല്‍ മതിയാകും.
ഇവ തയ്യാറാക്കാനും ഏറെ എളുപ്പമാണ്. മാവിന്റെ 10-15 ഇലകള്‍ എടുത്ത് 200-250 മില്ലി വെള്ളത്തില്‍ ഇട്ട് തിളപ്പിയ്ക്കണം. ഈ വെളളം ഊററിയെടുത്ത് രാവിലെ വെറും വയറ്റില്‍ കുടിയ്ക്കുന്നതാണ് കൂടുതല്‍ നല്ലത്. മാവിന്റെ തളിരിലയിട്ടു തിളപ്പിച്ചതാണ് പ്രമേഹത്തിന് നല്ലത്. മറ്റ് രോഗാവസ്ഥകള്‍ക്ക് സാധാരണ ഇലയായാലും മതിയാകും. മാവിന്റെ തളിലിര തലേന്ന് വെള്ളത്തിലിട്ടു വച്ച് പിറ്റേന്ന് രാവിലെ വെറും വയറ്റില്‍ പിഴിഞ്ഞ് കുടിയ്ക്കുന്നതും നല്ലതാണ്. പല്ലു തേയ്ക്കുന്നതിന് പണ്ടു കാലം മുതല്‍ പരീക്ഷിച്ചു വരുന്ന ഒന്നായിരുന്നു മാവില. ഇത് പല്ലിനും മോണയ്ക്കും ആരോഗ്യം നല്‍കും. മോണ രോഗങ്ങള്‍ ഒഴിവാക്കാം.