മഹുവ മൊയ്ത്രയെ ലോക്‌സഭയില്‍നിന്ന് പുറത്താക്കി, എത്തിക്‌സ് കമ്മിറ്റിയുടെ ശുപാർശ അംഗീകരിച്ചു
Mahua Moitra Disqualified

“ചോദ്യത്തിന് കോഴ” ആരോപണം ഉയര്‍ന്ന TMC MP മഹുവ മൊയ്‌ത്രയുടെ ലോക്‌സഭാ അംഗത്വം റദ്ദാക്കി, എത്തിക്‌സ് കമ്മിറ്റിയുടെ ശുപാർശ അംഗീകരിച്ചു.
ആരോപണം അന്വേഷിച്ച എത്തിക്‌സ് കമ്മിറ്റി റിപ്പോര്‍ട്ടിന്‍മേല്‍, ലോക്‌സഭയില്‍ നടന്ന വോട്ടെടുപ്പിന് പിന്നാലെയാണ് സ്പീക്കറുടെ നിര്‍ണ്ണായക നടപടി. മഹുവ മോയ്ത്രയെ പാര്‍ലമെന്‍റില്‍ നിന്നു പുറത്താക്കണമെന്ന് റിപ്പോര്‍ട്ട് ശുപാര്‍ശ ചെയ്തിരുന്നു. ഉച്ചയ്ക്ക് 12 മണിക്ക് എത്തിക്‌സ് കമ്മിറ്റി അദ്ധ്യക്ഷന്‍ ബിജെപിയുടെ വിനോദ് കുമാര്‍ സോങ്കറാണ് റിപ്പോര്‍ട്ട് പാര്‍ലമെന്‍റില്‍ വച്ചത്.
തുടര്‍ന്ന് പ്രതിപക്ഷം പ്രതിഷേധവുമായി രംഗത്തെത്തി. വിഷയത്തില്‍ വിശദമായ ചര്‍ച്ച നടത്തിയ ശേഷം വോട്ടെടുപ്പ് നടത്തണം എന്നാവശ്യപ്പെട്ടാണ് പ്രതിപക്ഷം നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചത്. തുടര്‍ന്ന് രണ്ടുമണിവരെ ലോക്‌സഭ നിര്‍ത്തിവച്ചു.
മഹുവ മൊയ്‌ത്രയുടെ എംപിയെ റദ്ദാക്കാൻ ശുപാർശ ചെയ്യുന്ന എത്തിക്‌സ് കമ്മിറ്റി റിപ്പോർട്ട് ലോക്‌സഭയിൽ ചർച്ച ചെയ്യുന്നതിനിടെ, റിപ്പോർട്ട് വായിക്കാൻ 3-4 ദിവസമെങ്കിലും നൽകണമെന്ന് അധീർ രഞ്ജൻ ചൗധരി ആവശ്യപ്പെട്ടു. എന്നാല്‍, 2 മണിക്കൂറിനുള്ളിൽ ചർച്ച വീണ്ടും ആരംഭിച്ചു. അതേസമയം, റിപ്പോർട്ട് വായിക്കാതെയാണ് ചർച്ച ആരംഭിച്ചിരിക്കുന്നതെന്ന് മനീഷ് തിവാരി പറഞ്ഞു.
ഇപ്പോള്‍ നടക്കുന്നത് “വസ്ത്രഹരണം” ആണെന്നും ഇനി മഹാഭാരത യുദ്ധം കാണാമെന്നുമായിരുന്നു പാര്‍ലമെന്‍റിലേക്ക് പോകുന്നതിന് മുന്‍പ് മഹുവ മാധ്യമങ്ങളോട് പ്രതികരിച്ചത്.
അതേസമയം, അംഗങ്ങളെല്ലാം വെള്ളിയാഴ്ച സഭയില്‍ ഹാജരാകണമെന്ന് ബിജെപി കഴിഞ്ഞ ദിവസം വിപ്പ് നല്‍കിയിരുന്നു.
വിനോദ് കുമാര്‍ സോങ്കറിന്‍റെ നേതൃത്വത്തിലുള്ള എത്തിക്സ് കമ്മിറ്റി, മഹുവ മൊയ്ത്രയെ ലോക്സഭയില്‍ നിന്ന് പുറത്താക്കാനുള്ള ശുപാര്‍ശ സംബന്ധിച്ച റിപ്പോര്‍ട്ട് നവംബര്‍ ഒന്‍പതിന് അംഗീകരിച്ചിരുന്നു . 500 പേജുള്ള റിപ്പോര്‍ട്ടാണ് കമ്മിറ്റി മഹുവയ്ക്കെതിരെ സമര്‍പ്പിച്ചത്. നാലിനെതിരെ ആറ് വോട്ടിനാണ് റിപ്പോര്‍ട്ട് പാസായത്. കോണ്‍ഗ്രസില്‍നിന്ന് സസ്‌പെന്‍ഡ് ചെയ്യപ്പെട്ട പ്രണീത് കൗര്‍ മഹുവയ്ക്കെതിരെ വോട്ട് ചെയ്തു. എന്നാല്‍, ഡാനിഷ് അലിയും കോണ്‍ഗ്രസ് നേതാവ് അധീര്‍ രഞ്ജന്‍ ചൗധരിയും ഉള്‍പ്പെടെ നിരവധി പ്രതിപക്ഷ നേതാക്കള്‍ റിപ്പോര്‍ട്ടിനെ എതിര്‍ത്തു.
അദാനിക്കെതിരെ പാര്‍ലമെന്‍റില്‍ ചോദ്യങ്ങള്‍ ഉന്നയിക്കാന്‍ വ്യവസായി ദര്‍ശന്‍ ഹിരാനന്ദാനിയില്‍ നിന്ന് കോഴ വാങ്ങിയെന്നും ലോക്സഭയിലേക്ക് നേരിട്ട് ചോദ്യങ്ങള്‍ പോസ്റ്റ് ചെയ്യാനുള്ള എംപിയുടെ പാര്‍ലമെന്ററി ലോഗിന്‍ ഐഡി പങ്കുവച്ചെന്നുമുള്ള ആരോപണങ്ങളാണ് മഹുവയ്‌ക്കെതിരെ നിലനില്‍ക്കുന്നത്.
അതേസമയം, എത്തിക്‌സ് കമ്മിറ്റി ഹിയറിംഗില്‍ നിന്ന് മഹുവ ഇറങ്ങിപ്പോയിരുന്നു. കമ്മിറ്റി അംഗങ്ങള്‍ വ്യക്തിപരമായി അധിക്ഷേപിച്ചെന്ന് ചൂണ്ടിക്കാണിച്ചായിരുന്നു ഇറങ്ങിപ്പോക്ക്.