കേരളം ബൂത്തിലെത്താൻ ഇനി മണിക്കൂറുകൾ മാത്രം; ഇന്ന് നിശബ്ദ പ്രചാരണം; നാല് ജില്ലകളിൽ നിരോധനാജ്ഞ
Lok Sabha Election 2024 Malayalam News
Lok Sabha Election 2024 Malayalam News
തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പിന്റെ വിധിയെഴുതാൻ കേരളത്തിന് ഇനി മണിക്കൂറുകൾക്കു മാത്രം. 40 ദിവസം നീണ്ട പരസ്യപ്രചാരണം ഇന്നലെ വൈകിട്ട് ആറുമണിക്ക് കലാശക്കൊട്ടോടെ അവസാനിച്ചു. ഇനിയങ്ങോട്ടുള്ള മണിക്കൂറുകൾ നിശബ്ദ പ്രചാരണത്തിന്റേതാണ്. അവസാന മണിക്കൂറുകളിലും പരമാവധി വോട്ട് നേടാനുള്ള പ്രവർത്തനങ്ങളിലാണ് വിവിധ മുന്നണികളും സ്ഥാനാർത്ഥികളും. വോട്ടർമാരെ സംബന്ധിച്ച് ഇനി ആര് നയിക്കണം എന്ന് ആലോചിച്ചു തീരുമാനമെടുക്കാനുള്ള സമയമാണ് ഇനിയുള്ള മണിക്കൂറുകൾ.
കേരളത്തിൽ 20 മണ്ഡലങ്ങളിലായി 194 സ്ഥാനാർത്ഥികളാണ് മത്സരിക്കുന്നത്. 25231 ബൂത്തുകളിലായി വോട്ട് രേഖപ്പെടുത്താൻ 2.77 കോടി വോട്ടർമാരാണ് ഉള്ളത്. ലോക്സഭ തിരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ടത്തിൽ രാജ്യത്ത് 88 മണ്ഡലങ്ങളാണ് നാളെ വിധിയെഴുതാൻ പോകുന്നത്. കേരളത്തിന് പുറമെ 12 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും നാളെ വോട്ടെടുപ്പ് നടക്കും. തെരഞ്ഞെടുപ്പ് പോളിംഗ് സാമഗ്രികളുടെ വിതരണം രാവിലെ എട്ടു മണിമുതൽ ആരംഭിക്കും. നാളെ രാവിലെ 7 മണി മുതൽ വൈകിട്ട് 6 മണി വരെയാണ് വോട്ടെടുപ്പ് നടക്കുന്നത്.
സംഘർഷ സാധ്യത കണക്കിലെടുത്ത് തിരുവനന്തപുരം, പത്തനംതിട്ട, തൃശ്ശൂർ, കാസർഗോഡ് എന്നീ ജില്ലകളിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്.
സംസ്ഥാനത്തെ സുരക്ഷ ഉറപ്പിക്കുന്നതിനു വേണ്ടി 66,33 പോലീസുകാരെയും അധിക സുരക്ഷയ്ക്കായി 62 കമ്പനി കേന്ദ്രസേനയെയും നിയോഗിച്ചിട്ടുണ്ട്. തിരഞ്ഞെടുപ്പ് ഡ്യൂട്ടിയിൽ ഉള്ള ഉദ്യോഗസ്ഥർക്ക് ഇന്നുകൂടി പോസ്റ്റൽ വോട്ട് ചെയ്യാൻ സാധിക്കും. ഇതിനായുള്ള വോട്ടിംഗ് കേന്ദ്രങ്ങൾ ഇന്നുകൂടി പ്രവർത്തിക്കും.
അതേസമയം ഉത്തർപ്രദേശിലെ കനൗജിൽ നിന്നും മത്സരിക്കുമെന്ന് ഇന്നലെ പ്രഖ്യാപിച്ച സമാജ്വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ് ഇന്ന് പത്രിക സമർപ്പിക്കും. ഉച്ചക്ക് 12 മണിക്കാണ് അഖിലേഷ് പാത്രിക സമർപ്പിക്കുക. വോട്ടെടുപ്പ് നടക്കാനിരിക്കെ മണിപ്പൂരിൽ സംഘർഷം കണക്കിലെടുത്ത് അതീവ ജാഗ്രത നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്. ജൂൺ 4 നാണ് വോട്ടെണ്ണൽ നടക്കുക.