വയനാട്ടിൽ ത്രികോണ മത്സരത്തിന് കളമൊരുങ്ങുന്നു; രാഹുല്‍ ഗാന്ധിയും ആനി രാജയും ഇന്ന് നാമനിർദേശ പത്രിക സമർപ്പിക്കും
Lok Sabha Election 2024

Lok Sabha Election 2024 News
കൽപ്പറ്റ: വയനാട് ലോക്സഭാ മണ്ഡലം യുഡി എഫ് സ്ഥാനാർഥി രാഹുല്‍ ഗാന്ധിയും എൽഡിഎഫ് സ്ഥാനാർഥി ആനി രാജയും ഇന്ന് നാമനിർദേശ പത്രിക സമർപ്പിക്കും. രാവിലെ 10 മണിയോടെ മൂപ്പൈനാട് റിപ്പൺ തലക്കൽ ഗ്രൗണ്ടിൽ ഹെലികോപ്റ്ററിലെത്തുന്ന രാഹുൽ ഗാന്ധി അവിടെ നിന്ന് റോഡ് മാർഗം കൽപറ്റ പുതിയ ബസ് സ്റ്റാൻഡ് പരിസരത്തെത്തും. രാഹുൽ ഗാന്ധിക്ക് രാജ്യം കണ്ട ഏറ്റവും വലിയ സ്വീകരണമാണ് വയനാട് പാർലമന്റ് മണ്ഡലം നൽകുക എന്ന് പാര്‍ലമെന്റ് മണ്ഡലം തെരഞ്ഞെടുപ്പ് കമ്മിറ്റി ഭാരവാഹികള്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
11 മണിയോടെ കൽപറ്റ പുതിയ ബസ് സ്റ്റാൻഡ് പരിസരത്ത് നിന്ന് ആരംഭിക്കുന്ന റോഡ് ഷോയിൽ മാനന്തവാടി, സുല്‍ത്താന്‍ബത്തേരി, കല്‍പ്പറ്റ, ഏറനാട്, വണ്ടൂര്‍ നിലമ്പൂര്‍, തിരുവമ്പാടി എന്നീ ഏഴ് നിയോജകമണ്ഡലങ്ങളിലെ ആയിരക്കണക്കിന് പ്രവര്‍ത്തകരാണ് പങ്കെടുക്കുക. രാഹുലിനൊപ്പം എ ഐ സി സി ജനറൽ സെക്രട്ടറിമാരായ പ്രിയങ്കാ ഗാന്ധി, കെ സി വേണുഗോപാൽ, ദീപദാസ് മുൻഷി, കനയ്യ കുമാർ, പ്രതിപക്ഷ നേതാവ് വിഡി സതീശൻ, ഉൾപ്പെടെയുള്ള നേതാക്കൾ അണിനിരക്കും.
കേരളത്തിലെ 20 മണ്ഡലങ്ങളിലേക്കുമുള്ള മാസ് ക്യാമ്പയിന്റെ തുടക്കമായിരിക്കും രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ കല്‍പ്പറ്റയില്‍ നടക്കുന്ന റോഡ് ഷോ എന്ന് നേതാക്കള്‍ വ്യക്തമാക്കിയിട്ടുണ്ട്. റോഡ് ഷോ സിവിൽ സ്റ്റേഷൻ പരിസരത്ത് സമാപിച്ചതിന് ശേഷം ഉച്ചക്ക് 12 മണിയോടെ ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസർ കൂടിയായ ജില്ലാ കലക്ടർ ഡോ. രേണു രാജിന് രാഹുൽ ഗാന്ധി പത്രിക സമർപ്പിക്കും. എല്‍ഡിഎഫ് സ്ഥാനാര്‍ഥി ആനി രാജ ഇന്ന് കല്‍പ്പറ്റയില്‍ നടത്തുന്ന റോഡ് ഷോയോടെ രാവിലെ 10 മണിക്ക് കലക്ടറേറ്റിലെത്തി പത്രിക നല്‍കും.