
റിപ്പോർട്ട്
പ്രസാദ് കെ ഷൊർണൂർ
മലയാള സിനിമ ആസ്വാദകരുടെ ഹൃദയത്തിൽ ജീവിത യാഥാർത്ഥ്യങ്ങളെയും മനുഷ്യ ബന്ധങ്ങളെയും ഹൃദയ വികാരത്തോടെ നിവേദിച്ച തിരക്കഥാകൃത്താണ് എ. കെ. ലോഹിതദാസ്. രണ്ട് പതിറ്റാണ്ടിലേറെ കാലം മലയാള ചലച്ചിത്ര വേദിയെ തന്റെ പ്രതിഭാ സ്പർശം കൊണ്ട് ധന്യമാക്കിയ കലാകാരൻ. ശൂന്യതയിൽ നിന്ന് ഒരു കഥാപാത്രത്തെയും അതിലുടെ മന്യഷ്യ ബന്ധങ്ങളിലെ ജീവിത യാഥാർത്ഥ്യങ്ങളുടെ പശ്ചാത്തലവും അഭ്രപാളിയിലേക്ക് വിന്യസിപ്പിച്ച ലോഹിയുടെ എണ്ണമറ്റ തിരക്കഥകളാണ് മലയാളി രണ്ട് കൈയ്യും നീട്ടി സ്വീകരിച്ചത്.
1955 മേയ് 10 ന് തൃശൂർ ജില്ലയിലെ ചാലക്കുടിയിലുള്ള മുരിങ്ങൂരിലെ അമ്പഴത്തു പറമ്പിൽ വീട്ടിൽ കരുണാകരൻ മായിയമ്മ ദമ്പതികൾക്ക് പിറന്ന സന്തതിയാണ് ലോഹിതദാസ്. എറണാകുളം മഹാരാജാസില്‍ നിന്ന് ബിരുദ പഠനം പൂർത്തീകരിച്ച ലോഹി തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ നിന്നു ലബോറട്ടറി ടെക്നീഷ്യന്‍ കോഴ്സും പൂര്‍ത്തിയാക്കി വൈദ്യ മേഖലയിൽ തൊഴിൽ ചെയ്തു വരികയായിരുന്നു. ചെറുകഥകൾ എഴുതി കൊണ്ട് എഴുത്തിന്റെ ലോകത്തേക്ക് കടന്ന് വന്ന ലോഹിയുടെ ഏകാദശി നോറ്റ കാക്ക എന്ന ചെറുകഥ പ്രശംസനീയമായിരുന്നു.
മലയാള നാടക പ്രസ്ഥാനത്തിന് മൗലിക സംഭാവന നൽകിയ നാടകകൃത്തും ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാർട്ടി നേതാവും നിയമസഭാ സാമാജികനും കൂടിയായിരുന്ന തോപ്പിൽ ഭാസിയുടെ ആശീർവാദത്തോടെ നാടക ലോകത്തേക്ക് കടന്ന് വന്നു ലോഹിതദാസ്. തന്റെ ഏകാദശി നോറ്റ കാക്ക എന്ന ചെറുകഥ സിന്ധു ശാന്തമായി ഒഴുകുന്നു എന്ന പേരിൽ അരങ്ങത്ത് എത്തിയപ്പോൾ, വളരെയികം നിരൂപക ശ്രദ്ധയും അതിലേറെ സാമ്പത്തിക ലാഭവും നേടി. 1986-ലെ സംസ്ഥാന സർക്കാരിന്റെ മികച്ച നാടകകൃത്തിനുള്ള അവാർഡ് ഈ നാടകത്തിലൂടെ ലോഹിതദാസ് കരസ്ഥമാക്കി.
ജീവിത അനുഭവങ്ങളെ സൂക്ഷ്മമായി വിലയിരുത്തുവർക്ക് മാത്രമേ നന്നായി എഴുതുവാൻ കഴിയൂ അത്തരത്തിൽ ഉള്ളവരുടെ സൃഷ്ടികളാണ് എക്കാലത്തും ജനങ്ങളുടെ നെഞ്ചിലേറുന്നത്. എം.ടി. പത്മരാജൻ ജോൺപോൾ എന്നിങ്ങനെ പ്രമുഖർ മലയാള സിനിമയുടെ തിരക്കഥാ രംഗത്ത് മാറ്റുരച്ച് അരങ്ങ് വാഴുമ്പോഴാണ്, അഭിനയ പെരുന്തച്ചന്റെ വാത്സല്യവുമായ് നാടക രംഗത്ത് നിന്നും എ. കെ. ലോഹിതദാസ് കടന്ന് വരുന്നത്. തുടർന്ന് രണ്ട് ദശാബ്ദകാലം മലയാള സിനിമയുടെ സെല്ലുലോയിഡിൽ നിറഞ്ഞാടിയ ലോഹിതദാസ് അന്നുവരെ കണ്ട് പരിചിതമല്ലാത്ത പല ജന വിഭാഗങ്ങളെയും മലയാള സിനിമയുടെ വെളളി വെളിച്ചത്തിലേക്ക് സന്നിവേശിപ്പിച്ചു.
1987ല്‍ സിബി മലയില്‍ സംവിധാനം ചെയ്ത ‘തനിയാവര്‍ത്തനം’ എന്ന ചലചിത്രത്തിന് തിരക്കഥ എഴുതിയാണ് ലോഹിതദാസ് മലയാള സിനിമാ രംഗത്ത് ചുവടുറപ്പിക്കുന്നത്. ” എല്ലാരും പറയ്യാ മാഷേ… മാഷ്ക്ക് ഭ്രാന്താണ് ” ക്ലാസ്സ് റൂമിൽ വെച്ച് ഒരു പെൺകുട്ടി ബാലൻ മാഷോട് ഇങ്ങനെ ചോദിക്കുമ്പോൾ കാണികൾ നെഞ്ചുരുകി വീർപ്പടക്കിയാണ് ആ രംഗം കണ്ടത്. ഒരു പെട്ടിയും കുട്ടിയുമായി വഴി തെറ്റി സഞ്ചരിച്ചിരുന്ന മമ്മൂട്ടിയിലെ പ്രതിഭയെ തിരിച്ച് കൊണ്ട് വന്നത്, ലോഹി ജന്മം നൽകിയ ഭ്രാന്തിന്റെ വിഹ്വലതകളിൽ ഉഴലുന്ന ബാലൻ മാഷായിരുന്നു. മമ്മുട്ടി എന്ന അഭിനേതാവിൽ തുടർന്ന് ഉണ്ടായ അമരത്വം പിന്നീട് ഇറങ്ങിയ സിനിമകളിലൂടെ ഏറെ കണ്ടതാണ് നമ്മൾ.
സംസ്ഥാന സർക്കാറിന്റെ ഏറ്റവും നല്ല തിരക്കഥാകൃത്തിനുള്ള ബഹുമതി തന്റെ പ്രഥമ തിരക്കഥയിലൂടെ കരസ്ഥമാക്കിയ ലോഹിയുടെ തുടർന്നുള്ള ജൈത്രയാത്രയിൽ പിറന്നത് 45 ൽപരം തനി ആവർത്തനങ്ങളില്ലാത്ത തിരക്കഥകൾ. ഒരു നടൻ എന്ന വാക്കിന് പരിപൂർണത കൈവരിക്കുന്ന മലയാളികളുടെ സ്വന്തം അഹങ്കാരമായ വിശ്വോത്തര പ്രതിഭ മോഹൻലാലിന്, ആദ്യമായ് ദേശീയ അംഗീകാരം ലഭിച്ച കിരീടത്തിന്റെ സൃഷ്ടാവ് എ. കെ. ലോഹിതദാസായിരുന്നു.1997 ൽ ഭൂതകണ്ണാടി എന്ന സിനിമയിലൂടെ സംവിധാന രംഗത്തേക്ക് പ്രവേശിച്ച ലോഹി തന്റെ പ്രഥമ സംവിധാനത്തിന് സംസ്ഥാന ദേശീയ പുരസ്കാരങ്ങൾ സ്വന്തമാക്കി.
വള്ളുവനാടൻ ഗ്രാമങ്ങളെയും ഇവിടത്തെ മനുഷ്യരെയും അവരുടെ ജീവിതത്തെയും ഹൃദയം കൊണ്ട് ആവാഹിച്ച ലോഹിതദാസ് ആധാരം എന്ന സിനിമയുടെ ഘട്ടത്തിലാണ് നിളയുടെ തീരത്ത് എത്തുന്നത്. പിന്നീട് മലയാള സിനിമയുടെ എഴുതാപുറങ്ങളിലേക്ക് ഒരു പുതിയ ഊർജവുമായി ഇഴുകി ചേരുകയായിരുന്ന ലോഹിയുടെ പ്രധാന എഴുത്തുപുര, ഷൊർണൂരിലെ പി. ഡബ്ല്യൂ ഡി റസ്റ്റ് ഹൗസും നെടുങ്ങോട്ടുരിലെ സ്കന്ദ വിഷ്ണു ക്ഷേത്രത്തിനു മുൻവശത്തെ വസതിയുമായിരുന്നു. ഇവിടെ നിന്നും പിറന്ന ജൂനിയർ യേശുദാസും രാധ എന്ന പെൺകുട്ടിയുമാണ് പിന്നീട് മലയാള സിനിമ കീഴടക്കിയ ഇന്നത്തെ ദിലീപും മഞ്ജു വാര്യരും.
ഷൊർണൂരിൽ താമസിക്കുന്ന കാലത്ത് ജന്മം കൊണ്ട സിനിമകളാണ് ആധാരം മുതൽ തൂവൽകൊട്ടാരം വരെയുള്ള പന്ത്രണ്ടെണ്ണം. പിന്നീട് ഒറ്റപ്പാലത്തിനടുത്ത് പഴയ ലക്കിടിയിലെ അകലൂരിള്ള ഒരു പഴയ തറവാടും സ്ഥലവും വാങ്ങി അമരാവതി എന്ന പേരിട്ട് താമസമാരംഭിച്ചു. ഇവിടെ നിന്നാണ് ലോഹിതദാസിലെ സംവിധായകൻ ഇറങ്ങി വരുന്നതും, പിന്നീട് എഴുതിയ പന്ത്രണ്ട് തിരക്കഥകൾ സംവിധാനം ചെയ്തതും. ഷൊർണ്ണൂരിൽ നിന്ന് അഭിനയം തുടങ്ങിയ ലോഹി ആറ് സിനിമകളിൽ തന്റെ അഭിനയ മോഹം പ്രകടമാക്കിയപ്പോൾ, അമരാവതിയുടെ പഠിപ്പുരയിൽ ഇരുന്ന് എഴുതിയ നാല് പാട്ടുകൾ മലയാളിക്ക് ഇന്നും പ്രിയമാണ്.
മലയാളികളുടെ സാംസ്ക്കാരിക പ്രതീകമായ നമ്മുടെ രാജ്യത്തിന്റെ പേരിൽ അറിയപ്പെടുന്ന ഭാരതപുഴ അഥവാ നിള എന്ന നദിയുടെ തീരത്തെ സ്വവസതിയായ അമരാവതിയിൽ ഇരുന്ന് കൊണ്ട് ഒരിക്കൽ ലോഹി പറഞ്ഞു. മഴ ഒരു നൂലിഴ പോലെയാണ് ഇഴ അകലുമ്പോൾ ഒരു കാലം കൂടി മറയുന്നു. ഒരു പെരുമഴകാലം വരുന്നതിന് മുമ്പേ 2009 ജൂൺ 28ന് രാവിലെ ആലുവ പുഴയോരത്തെ വസതിയിൽ ചാറ്റൽ മഴയുടെ നൃത്ത ചുവടുകൾക്ക് കൂട്ടായി, തന്റെ സ്വപ്നമായ ഭീഷ്മരുടെ മിനുക്ക് പണിയിൽ ഏർപ്പെട്ട ലോഹിതദാസിന്റെ സർഗശേഷിയെ ഹൃദയാഘാതം കീഴ്പ്പെടുത്തുകയായിരുന്നു.
കൊച്ചി സ്വകാര്യ ആശുപത്രിയിൽ നിന്നും ലോഹി തന്റെ അമരാവതിയിൽ തിരിച്ചെത്തിയത് കലാകേരളത്തിന്റെ കണ്ണുനീർ കണങ്ങളിൽ കുതിർന്നായിരുന്നു. ജീവിച്ചിരിക്കുമ്പോൾ ബഹുമതികൾ നിഴലായ് ഒപ്പമുണ്ടായിരുന്ന ലോഹിതദാസിൽ നിന്നും, അവസരങ്ങൾക്കായി നിരവധിപേർ കാത്തിരുന്ന അമരാവതിയിലെ സ്മൃതി കുടീരത്തിൽ ഇന്ന് കുടുംബക്കാരും നാട്ടുകാരും ചേർന്ന് പുഷ്പാർച്ചന നടത്തുന്നു. മലയാള ഭാഷ സംസാരിക്കുന്ന സിനിമകളിലെ ശുദ്ധമലയാളത്തിന്റെ സിരാകേന്ദ്രമായ, വള്ളുവനാടിന്റെ മണ്ണിൽ അന്ത്യ വിശ്രമം കൊള്ളുന്ന തൂലിക കൊണ്ട് അഭ്രപാളികളിൽ വിസ്മയം തീർത്ത സൂത്രധാരന് പ്രണാമം…
റിപ്പോർട്ട്
പ്രസാദ് കെ ഷൊർണൂർ