കാണുന്നതെല്ലാം തിരിച്ചറിയും ‘ലോബ്’; മൈക്രോസോഫ്റ്റിന്റെ സൗജന്യ മെഷീന്‍ ലേണിങ് ടൂള്‍
‘Lobe’ recognizes everything it sees; Microsoft's new free machine learning tool
ഡെവലപ്പര്‍മാര്‍ക്ക് അവര്‍ വികസിപ്പിച്ചുകൊണ്ടിരിക്കുന്ന ടൂളുകളില്‍ കോഡിങിന്റെ ആവശ്യമില്ലാതെ വളരെ പെട്ടെന്ന് ഡീപ്പ് ലേണിങ് എഐ മോഡലുകള്‍ സന്നിവേശിപ്പിക്കാന്‍ സഹായകമാവുന്ന ലോബ് എന്ന മെഷീങ് ലേണിങ് ടൂള്‍ അവതരിപ്പിച്ച് മൈക്രോസോഫ്റ്റ്. ചിത്രങ്ങളെ വേര്‍തിരിച്ചറിയാനുള്ള കഴിവോടു കൂടിയാണ് ലോബ് ഇപ്പോള്‍ അവതിരിപ്പിച്ചിരിക്കുന്നത്.
ചിത്രങ്ങളിലെ വസ്തുക്കളെ തിരിച്ചറിയാന്‍ ലോബ് ഉപയോഗിക്കാം. ഈ ആപ്ലിക്കേഷന്‍ സൗജന്യമായി ഉപയോഗിക്കാവുന്നതാണ്. വിന്‍ഡോസ് കംപ്യൂട്ടറിലും മാക്ക് കംപ്യൂട്ടറിലും ഒക്ടോബര്‍ 27 മുതല്‍ ഇത് സൗജന്യമായി ഡൗണ്‍ലോഡ് ചെയ്ത് ഉപയോഗിക്കാന്‍ സാധിക്കുമെന്ന് മൈക്രോസോഫ്റ്റ് പറഞ്ഞു.
നിലവില്‍ ചിത്രങ്ങള്‍ വേര്‍തിരിച്ചറിയാനുള്ള കഴിവാണ് ലോബിനുള്ളത് എന്നാല്‍ താമസിയാതെ തന്നെ മറ്റുള്ള വിവരങ്ങളും ലോബില്‍ ഉള്‍പ്പെടുത്തുമെന്നും മൈക്രോസോഫ്റ്റിന്റെ ഗവേഷണങ്ങളെ കുറിച്ചും കണ്ടെത്തലുകളെ കുറിച്ചും എഴുതുന്ന ജെനിഫര്‍ ലാങ്സ്റ്റണ്‍ ഒരു ബ്ലോഗില്‍ പറഞ്ഞു.
ലോബിലെ വിഷ്വല്‍ ഇന്റര്‍ഫെയ്‌സ് ഉപയോഗിച്ച് ഡെവലപ്പര്‍മാര്‍ക്ക് കയ്യെഴുത്തു വായിക്കുക, ആംഗ്യങ്ങള്‍ തിരിച്ചറിയുക, പാട്ട് കേള്‍ക്കുക തുടങ്ങിയ കഴിവുകളോടെയുള്ള ആപ്ലിക്കേഷനുകള്‍ വികസിപ്പിക്കാന്‍ സാധിക്കും. ലോബിന്റെ വെബ്‌സൈറ്റില്‍ നിന്നും ലോബ് ഡൗണ്‍ലോഡ് ചെയ്‌തെടുക്കാം.
2018 ലാണ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സ്ഥാപനമായ ലോബിനെ മൈക്രോസോഫ്റ്റ് ഏറ്റെടുക്കുന്നത്. മൈക്രോസോഫ്റ്റ് നിര്‍മിക്കുന്ന എല്ലാ ഉല്‍പന്നങ്ങളിലും നിര്‍മിതബുദ്ധി സന്നിവേശിപ്പിക്കുക എന്ന കമ്പനി സിഇഒ സത്യ നദെല്ലയുടെ പദ്ധതിയുടെ ഭാഗമായായിരുന്നു ഈ നീക്കം.
ഡാറ്റാ സയന്‍സില്‍ പരിചയമില്ലാത്ത ഡെവലപ്പര്‍മാര്‍ക്ക് ഡീപ്പ് ലേണിങ്, എഐ മോഡലുകള്‍ അവര്‍ വിവിധ ആവശ്യങ്ങള്‍ക്കായി വികസിപ്പിച്ചുകൊണ്ടിരിക്കുന്ന ടൂളുകളില്‍ സന്നിവേശിപ്പിക്കാന്‍ ലോബ് സഹായകമാണ്.
ഓപ്പണ്‍ സോഴ്‌സ് മെഷീന്‍ ലേണിങ് ആര്‍ക്കിടെക്ചര്‍ ഉപയോഗിക്കുന്ന ലോബ് ആര്‍ജിക്കുന്ന അറിവുകളെല്ലാം ഉപയോക്താവിന്റെ ടൂളിലെ മെഷീന്‍ ലേണിങ് മോഡലുകളെ പരിശീലിപ്പിക്കുന്നതിനായി കൈമാറ്റം ചെയ്യുമെന്ന് മൈക്രോസോഫ്റ്റ് പറഞ്ഞു. ഇതില്‍ വിവരങ്ങള്‍ സ്വകാര്യമായാണ് സൂക്ഷിക്കുകയെന്നും ഇന്റര്‍നെറ്റോ ലോഗിനോ ഇല്ലാതെ ഉപയോഗിക്കാനാവുമെന്നും കമ്പനി പറയുന്നു.