ആപ്പ് വഴി വായ്പ; തട്ടിപ്പിന് ഇരയായി ആത്മഹത്യ ചെയ്യുന്നവരുടെ എണ്ണം കൂടുന്നു
Loan through app; The number of people committing suicide as a result of fraud is increasing
ബെംഗളൂരു: മൊബൈൽ ആപ്ലിക്കേഷൻ വഴിയുള്ള തട്ടിപ്പിന് പിന്നിൽ ചൈന ബന്ധം സ്ഥിരീകരിച്ച് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ വകുപ്പ് (സിഐഡി). ആപ്പ് വഴിയുള്ള വായ്പ തട്ടിപ്പിന് ചൈനയ്ക്ക് ബന്ധമുണ്ടെന്നും ഇത് തെളിയിക്കുന്നതിനാവശ്യമായ ശാസ്ത്രീയ തെളിവുകൾ ശേഖരിച്ചിട്ടുണ്ടെന്നും സിഐഡി അറിയിച്ചു. ആപ്ലിക്കേഷൻ സെർവറും ആപ്ലിക്കേഷനിലൂടെ ആക്‌സസ്സ് ചെയ്‌ത ഡാഷ്‌ബോർഡും ചൈനയിൽനിന്നുള്ളതാണെന്ന് കണ്ടെത്തിയതായും തൽക്ഷണ വായ്പാ ആപ്ലിക്കേഷനുകൾ നടത്തിയ ഡാറ്റാ മോഷണം അന്വേഷിക്കുന്ന സിഐഡി പറഞ്ഞു.
അടുത്തിടെ സിഐഡി റെയ്ഡ് ചെയ്ത നാല് കമ്പനികളിൽ മൂന്നെണ്ണത്തിന്റെ ഡയറക്ടർമാരും ചൈനയിൽ നിന്നുള്ളവരാണ്. ബെംഗളൂരുവിലെ മാഡ് എലിഫന്റ് ടെക്നോളജീസ്, ബോറയാൻക്സി ടെക്നോളജീസ്, പ്രോഫിറ്റൈസ് ടെക്നോളജീസ്, വിസ്പ്രോ സൊല്യൂഷൻസ് എന്നീ കമ്പനികളിലാണ് സിഐഡി റെയ്ഡ് നടത്തിയത്. ആപ്ലിക്കേഷൻ സെർവറും ആപ്ലിക്കേഷനിലൂടെ ആക്‌സസ്സ് ചെയ്‌ത ഡാഷ്‌ബോർഡും ചൈനയിൽനിന്നുള്ളതാണ്.
ഇതിൽ ബോറയാൻക്സി ടെക്നോളജീസ് പ്രൈവറ്റ് ലിമിറ്റഡിന്റെ ഡയറക്ടർ ചൈനീസ് കമ്പനിയായ ഹോങ്കു ഇൻഫർമേഷൻ ടെക്നോളജീസ് പ്രൈവറ്റ് ലിമിറ്റഡിന്റെ ഉടമയും ഡയറക്ടറുമാണ്. റൂമിംഗ്ടെക് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയുടെ പൂർണ ഉടമസ്ഥതയിലുള്ള ഉപസ്ഥാപനമാണ് മാഡ് എലിഫന്റ്. ചൈനീസുകാരനായ യാൻപെംഗ് ക്യൂയാണ് ഇതിന്റെ ഉടമ. റെയ്ഡ് ചെയ്ത കമ്പനികളുടെ പ്രവർത്തനങ്ങൾ ചൈനയിൽ നിന്നാണ് നിയന്ത്രിക്കുന്നത്. ഹാക്ക് ചെയ്‌ത മൊബൈൽ ഫോണുകളുടെ ഡാറ്റ കൈകാര്യം ചെയ്യുന്നതും ഇവിടെ നിന്നാണെന്നും സിഐഡി സൈബർ ക്രൈം പോലീസ് സൂപ്രണ്ട് എംഡി ശരത് പറഞ്ഞു.
സംഭവത്തിൽ രണ്ട് പേരാണ് അറസ്റ്റിലായത്. അറസ്റ്റിലായവരിൽനിന്ന് രേഖകൾ ശേഖരിക്കുകയും അവരെ ചോദ്യം ചെയ്ത് വരികയുമാണ്. അതേസമയം പത്തോളം തൽക്ഷണ വായ്പ ആപ്ലിക്കേഷനുകൾ സ്വന്തമാക്കിയിട്ടുള്ള ഒരു തട്ടിപ്പ് സ്ഥാപനത്തെ കൂടി കണ്ടെത്തിയിട്ടുണെന്നും അത് ഉടൻ റെയ്ഡ് ചെയ്യുമെന്നും ആവശ്യമെങ്കിൽ പ്രതികളെ അറസ്റ്റ് ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
തൽക്ഷണ വായ്പ ആപ്ലിക്കേഷനുകൾ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾ തങ്ങളുടെ വിവരങ്ങൾ മോഷ്ടിച്ചെന്നും ചോർത്തിയെന്നുമുള്ള പരാതികൾ വ്യാപകമായി ഉയർന്നത്തോടെയാണ് പോലീസ് അന്വേഷണം ആരംഭിച്ചത്. മോഷ്ടിച്ച ഡാറ്റ ഉപയോഗിച്ച് വായ്പ നൽകിയ സ്ഥാപനങ്ങൾ ബലാത്സംഗം ഉൾപ്പെടെയുള്ള ഭീഷണികൾ ഉയർത്തിയതായി ആളുകൾ പരാതിപ്പെട്ടു. മിക്ക കേസുകളിലും ആളുകളുടെ കോൺടാക്റ്റ് ലിസ്റ്റ് ചോർത്തിയതായി കണ്ടെത്തി. ഇങ്ങനെ ചോർത്തിയ മൊബൈൽ നമ്പറുകൾ ഉപയോഗിച്ച് പുതിയ വാട്ട്‌സ്ആപ്പ് ഗ്രൂപ്പുകൾ ഉണ്ടാക്കി അതിലെ അംഗങ്ങൾക്ക് മോശം സന്ദേശങ്ങൾ അയയ്ക്കുകയും ചെയ്യുന്നതായി അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.
അതേസമയം കടക്കെണിയും മാനഹാനിയും ഭയന്ന് തട്ടിപ്പിന് ഇരയായ നിരവധി പേരാണ് ആത്മഹത്യ ചെയ്തത്. തത്സമയ ലോണ്‍ ആപ്പ് വഴിയുള്ള അനധികൃത വായ്പ വിതരണത്തിനെതിരെ സൈബര്‍ പോലീസ് രംഗത്തുണ്ടെങ്കിലും തട്ടിപ്പിന് ഇരയാകുന്നവരുടെ എണ്ണം വർധിക്കുകയാണ്. ഹൈദരാബാദ്, ഗുരുഗ്രാം എന്നിവിടങ്ങിൽനിന്ന് കഴിഞ്ഞദിവസം 19 പേരെ ഇതുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തിരുന്നു.
ആപ്പ് വഴി തത്സമയം വായ്പ ലഭിക്കുന്നതിന് ആധാര്‍, പാന്‍, സെല്‍ഫി എന്നിവ ആപ്പില്‍ അപ്‍ലോഡ് ചെയ്യണം. അതോടൊപ്പം ഫോട്ടോ ഗ്യാലറിയിലേയ്ക്കും ഫോണ്‍ കോണ്ടാക്ട് ലിസ്റ്റിലേയ്ക്കും ആകസ്സ് ചോദിക്കും. വായ്പയെടുക്കുന്നവര്‍ അതൊന്നും അപ്പോൾ കാര്യമാക്കാറില്ല. ഇതിനൊക്കെ അനുമതിയും നല്‍കും. ദിവസം കണക്കാക്കിയാണ് വായ്പയ്ക്ക് പലിശ ഈടാക്കുന്നത്. ഒരുദിവസത്തിന് 0.1 ശതമാനമാണ് പലിശ. അതായത് വാര്‍ഷിക നിരക്കില്‍ കണക്കാക്കിയാല്‍ 36 ശതമാനത്തോളം വരുമിത്.
ചില ബാങ്കിതര ധനകാര്യ സ്ഥാപനങ്ങളുമായി കൂട്ടുകെട്ടുണ്ടാക്കിയും ആപ്പുകള്‍ പ്രവര്‍ത്തിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. പ്രവര്‍ത്തനം നിയമവിധേയമാണെന്ന് കാണിക്കാനുള്ള തന്ത്രമാണിതിന് പിന്നില്‍. ഇത്തരം സ്ഥാപനങ്ങള്‍ നല്‍കുന്ന പണം ആപ്പുകള്‍ ആവശ്യക്കാരിലെത്തിക്കുന്നു. ആരുടെയും നിയന്ത്രണമില്ലാതെയാണ് ഇത്തരം ആപ്പുകള്‍ വഴിയുള്ള വായ്പാ ഇടപാടുകള്‍ നടക്കുന്നത്.