ആപ്പ് വഴി വായ്പ; അന്വേഷിക്കാൻ ക്രൈം ബ്രാഞ്ച് പ്രത്യേക സംഘം
Loan through app; Crime Branch Special Team to Investigate
തിരുവനന്തപുരം: മൊബൈൽ ആപ്പ് വഴി വായ്പ നൽകിയുള്ള തട്ടിപ്പുകൾ സംബന്ധിച്ച് വിവിധ ജില്ലകളിൽ രജിസ്റ്റർ ചെയ്ത കേസുകൾ അന്വേഷിക്കാൻ ക്രൈം ബ്രാഞ്ചിന്റെ പ്രത്യേക സംഘം രൂപീകരിച്ചു. ഇതുസംബന്ധിച്ച് സംസ്ഥാന പോലീസ് മേധാവി ഉത്തരവിറക്കി.
ക്രൈം ബ്രാഞ്ച് എറണാകുളം റേഞ്ച് ഐ ജി ഗോപേഷ് അഗർവാളാണ് സംഘത്തിന് നേതൃത്വം നൽകുക. എറണാകുളം റേഞ്ച് ഡി ഐ ജി കാളിരാജ് മഹേഷ് കുമാർ, ക്രൈംബ്രാഞ്ച് എസ്പി മാരായ സാബു മാത്യു, എം ജെ സോജൻ, ഡിവൈഎസ്പിമാരായ പി വിക്രമൻ, കെ ആർ ബിജു, പി അനിൽകുമാർ എന്നിവർ അടങ്ങുന്നതാണ് പ്രത്യേക അന്വേഷണ സംഘം.
തട്ടിപ്പുസംഘത്തിന് മറ്റു സംസ്ഥാനങ്ങളിൽ നിന്നും വിദേശത്തുനിന്നും സഹായം ലഭിക്കുന്നുണ്ടെന്ന് സംശയം ഉള്ളതിനാൽ മറ്റു സംസ്ഥാനങ്ങളിലെ പോലീസ്, സിബിഐ, ഇൻറർപോൾ എന്നിവയുടെ സഹകരണത്തോടെ ആയിരിക്കും അന്വേഷണം.
ഓൺലൈൻ വായ്പാതട്ടിപ്പ് സംബന്ധിച്ച് സംസ്ഥാനത്തെ വിവിധ പോലീസ് സ്റ്റേഷനുകളിൽ രജിസ്റ്റർ ചെയ്തിട്ടുള്ള കേസുകൾ ക്രൈം ബ്രാഞ്ചിന്റെ പ്രത്യേക അന്വേഷണസംഘത്തിന് കൈമാറാനും സംസ്ഥാന പോലീസ് മേധാവി നിർദേശിച്ചിട്ടുണ്ട്.