India

വിവാഹം ചെയ്യാതെ ഒരുമിച്ച് താമസിക്കുന്നത് കുറ്റകൃത്യമല്ല: അലാഹാബാദ് ഹൈക്കോടതി

Living together without getting married is not a crime: Allahabad High Court

അലഹാബാദ്: വിവാഹം ചെയ്യാതെ സ്ത്രീപുരുഷന്മാര്‍ ഒരുമിച്ച് കഴിയുന്നത് കുറ്റകരമല്ലെന്ന് വ്യക്തമാക്കി അലഹാബാദ് ഹൈക്കോടതി. ഡിസംബര്‍ രണ്ടാം തീയതി ബുധനാഴ്ചയാണ് ഇതുസംബന്ധിച്ച് ഹൈക്കോടതി വിധി പുറപ്പെടുവിച്ചത്. പരസ്പരസമ്മതത്തോടെ പ്രായപൂര്‍ത്തിയായ രണ്ട് പേര്‍ കുടുംബങ്ങളുമായി ബന്ധമില്ലാതെ ഒരുമിച്ച് താമസിക്കുന്നതിൽ കുഴപ്പമില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി.

ലിവ് ഇൻ ടുഗെതര്‍ ബന്ധങ്ങള്‍ ഇന്ത്യൻ സമൂഹം അംഗീകരിക്കാതിരിക്കുകയും അത് അധാര്‍മികമാണെന്ന് കരുതുകയും ചെയ്യുന്നുണ്ടെങ്കിലും അതിൽ നിയമപ്രകാരം യാതൊരു തെറ്റുമില്ലെന്ന് കോടതി വ്യക്തമാക്കിയതായി ബാര്‍ ആൻ്റ് ബെഞ്ച് റിപ്പോര്‍ട്ട് ചെയ്തു.

‌”ലിവ് ഇൻ ടുഗെദര്‍ ബന്ധങ്ങള്‍ സാമൂഹ്യപരമായി പല രാജ്യങ്ങളെയും പോലെ ഇന്ത്യയിലും അംഗീകരിക്കപ്പെട്ടിട്ടില്ല. പക്ഷെ 2006ലെ ലത സിങ് വേഴ്സസ് സ്റ്റേറ്റ് ഓഫ് യുപി കേസിൽ ലിവ് ഇൻ ടുഗെദര്‍ ബന്ധങ്ങള്‍ അധാര്‍മികമാണെന്ന് ഇന്ത്യൻ സമൂഹം കരുതുന്നുണ്ടെങ്കിലും പരസ്പരസമ്മതത്തോടെ സ്ത്രീയും പുരുഷനും ഒരുമിച്ച് താമസിക്കുന്നതിൽ നിയമപ്രശ്നങ്ങളൊന്നുമില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്.” കോടതി പറഞ്ഞതായി ബാര്‍ ആൻ്റ് ബെഞ്ച് റിപ്പോര്‍ട്ട് ചെയ്തു. ഇക്കാര്യത്തിൽ കുടുംബങ്ങള്‍ക്ക് ഇടപെടാനാകില്ലെന്നും കോടതി വ്യക്തമാക്കി.

യുവതിയുടെ കുടുംബം ഉപദ്രവിക്കുന്നുവെന്ന് കാണിച്ച് രണ്ട് കമിതാക്കള്‍ നല്‍കിയ ഹര്‍ജിയിലാണ് കോടതിയുടെ ഉത്തരവ്. 28ഉം 24ഉം വയസ്സ് പ്രായമുള്ള രണ്ട് യുവാക്കളാണ് ഹര്‍ജിക്കാര്‍. വീട്ടുകാര്‍ മറ്റൊരാളെ വിവാഹം ചെയ്യാൻ നിര്‍ബന്ധിച്ചതിനെ തുടര്‍ന്ന് വീട്ടിൽ നിന്നിറങ്ങുകയും കാമുകനൊപ്പം ആറു മാസമായി താമസിക്കുകയും ചെയ്യുകയാണെന്നാണ് യുവതി കോടതിയെ അറിയിച്ചത്. പോലീസ് സംരക്ഷണം ആവശ്യപ്പെട്ടെങ്കിലും ലഭിച്ചില്ലെന്നും യുവതി വ്യക്തമാക്കി. എന്നാൽ ഇരുവര്‍ക്കും പ്രായപൂര്‍ത്തിയായെന്ന കാര്യം വ്യക്തമാണെന്നും കുടുംബാംഗങ്ങള്‍ക്ക് ഉള്‍പ്പെടെ ആര്‍ക്കും ഇതിൽ ഇടപെടാൻ അവകാശമില്ലെന്നും കോടതി വ്യക്തമാക്കി.ഇക്കാര്യം മുൻപ് സുപ്രീം കോടതിയും പലപ്പോഴായി വ്യക്തമാക്കിയിട്ടുള്ളതാണെന്നും ഹൈക്കോടതി പറഞ്ഞു.

പോലീസ് സംരക്ഷണം ആവശ്യമുണ്ടെങ്കിൽ യുവാക്കള്‍ക്ക് പോലീസിനെ സമീപിക്കാമെന്നും ഇക്കാര്യത്തിൽ എന്തെങ്കിലും ബുദ്ധിമുട്ടുകള്‍ നേരിട്ടാൽ എസ് പി ഓഫീസിനെ ബന്ധപ്പെടണമെന്നും കോടതി ഹര്‍ജിക്കാരോട് നിര്‍ദേശിച്ചു.

അതിവേഗ വാർത്തകൾക്ക് ടെലഗ്രാം ചാനലിൽ അംഗമാവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Leave a Reply

Your email address will not be published. Required fields are marked *

Back to top button