ലൈഫ് പദ്ധതി സര്‍ക്കാരിന് താത്കാലിക ആശ്വാസം; സിബിഐ അന്വേഷണത്തിന് ഹൈക്കോടതിയുടെ സ്റ്റേ
Life Mission Temporary Relief for Government; High Court stays CBI probe
കൊച്ചി: ലൈഫില്‍ സിബിഐ അന്വേഷണത്തിന് താത്കാലിക സ്‌റ്റേ. രണ്ട് മാസത്തേക്കാണ് സ്‌റ്റേ. സര്‍ക്കാരിന്റെ ഹര്‍ജി പരിഗണിച്ചുകൊണ്ടാണ് ഹൈക്കോടതിയുടെ നടപടി. വടക്കാഞ്ചേരി ലൈഫ് മിഷനിലെ സിബിഐ അന്വേഷണം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാരും യുണിടാക്കും ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചിരുന്നു. ജസ്റ്റിസ് വി ജി അരുണിന്റെ സിംഗിള്‍ ബെഞ്ച് രാവിലെ 10.15 നാണ് കേസിന് വിധി പറഞ്ഞത്. വിദേശ സംഭാവന നിയന്ത്രണ നിയമം (എഫ്‌സിആര്‍എ) ബാധകമാണെന്ന് സ്ഥാപിക്കാന്‍ സിബിഐയ്ക്ക് കഴിഞ്ഞിട്ടില്ലെന്ന് കോടതി നിരീക്ഷിച്ചു. അതേസമയം, എഫ്‌ഐആര്‍ റദ്ദാക്കണമെന്ന സര്‍ക്കാര്‍ ആവശ്യം കോടതി അംഗീകരിച്ചില്ല. ഹര്‍ജികളില്‍ നേരിട്ട് വാദം കേള്‍ക്കും. കഴിഞ്ഞയാഴ്ച ഇരുഭാഗത്തിന്റെയും വാദം ജസ്റ്റിസ് വി ജി അരുണ്‍ കേട്ടിരുന്നു.
ലൈഫ് മിഷനുമായി ബന്ധപ്പെട്ട് എഫ്‌സിആര്‍എ ചട്ടം ബാധകമാകില്ലെന്നും യുണിടാക്കും റെഡ് ക്രസന്‍റും തമ്മിലാണ് ഇടപാടെന്നും സര്‍ക്കാരിന് ബന്ധമില്ലെന്നുമാണ് സര്‍ക്കാര്‍ വാദം. സംസ്ഥാന സര്‍ക്കാരോ ഹൈക്കോടതിയോ നിര്‍ദേശിക്കാതെ സിബിഐയ്ക്ക് കേസ് അന്വേഷിക്കുന്നതിന് അധികാരമില്ലെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. ‘ലൈഫ് മിഷന്‍ യുണിടാക്കിന് ഫ്‌ളാറ്റ് പണിയുന്നതിനുള്ള സ്ഥലം നല്‍കുക മാത്രമാണ് ചെയ്തത്.
റെഡ് ക്രസന്റ് പണം നല്‍കിയത് യുണിടാക്കിനാണ്. അതുകൊണ്ടുതന്നെ എഫ്‌സിആര്‍എ ചട്ടങ്ങള്‍ ഇടപാടിന് ബാധകമാകില്ല. നിലവിലുള്ള ആരോപണങ്ങള്‍ രാഷ്ട്രീയ പ്രേരിതം മാത്രമാണെന്നായിരുന്നു സര്‍ക്കാര്‍ വാദം’. അതേസമയം, കേന്ദ്രസര്‍ക്കാരിന്റെ അനുമതിയില്ലാതെയാണ് സംസ്ഥാന സര്‍ക്കാര്‍ ലൈഫ് പദ്ധതിയ്ക്കായി വിദേശ സഹായം സ്വീകരിച്ചതെന്നും ഇതുമായി ബന്ധപ്പെട്ട് ഗൂഢാലോചനയും അഴിമതിയും നടന്നതെന്നും സിബിഐ കോടതിയെ അറിയിച്ചിരുന്നു.
ലൈഫ് പദ്ധതിയ്ക്കായി കേന്ദ്ര സര്‍ക്കാര്‍ ചട്ടങ്ങള്‍ ലംഘിച്ച് വിദേശ സഹായം സ്വീകരിച്ചെന്ന കുറ്റം ചുമത്തിയാണ് സിബിഐ കേസെടുത്തത്.