Kerala

ലൈഫ് മിഷൻ പദ്ധതി; കരാർ ഒപ്പിട്ടത് യൂണിടാക്കും യുഎഇ കോൺസുൽ ജനറലും തമ്മിൽ

Life Mission Project; The agreement was signed between the unit and the UAE Consul General

2018 ജൂലൈ 31ന് യൂണിടാക് കമ്പനി എംഡി സന്തോഷ് ഈപ്പനും കോൺസുൽ ജനറലും തമ്മിലാണ് ഒപ്പുവെച്ചിട്ടുള്ളത്. യുഎഇ കമ്പനിയായ റെഡ് ക്രസന്റുമായാണ് സംസ്ഥാന സർക്കാർ ഫ്ലാറ്റ് നിർമിക്കുന്നതിന് ധാരണാപത്രം ഒപ്പുവെച്ചിരുന്നത്. പിന്നീട് ഉപകരാർ നൽകിയപ്പോഴാകട്ടെ റെഡ് ക്രസന്റും സർക്കും കരാറിൽ നിന്ന് അപ്രത്യക്ഷമാകുകയും ചെയ്തിരുന്നു. പിന്നീട് കോൺസുലേറ്റും ഒരു വിദേശ കമ്പനിയും മാത്രം തമ്മിലുള്ള കരാറായി മാറുകയും ചെയ്തിരുന്നു.

കോൺസുലേറ്റ് നേരിട്ട് കരാറുകാരന് കരാർ നൽകിയെന്ന വിവരമാണ് ഇപ്പോൾ പുറത്തുവരുന്നത്. ലൈഫ് മിഷൻ പദ്ധതിയ്ക്ക് കീഴിൽ വടക്കാഞ്ചേരിയിൽ സർക്കാർ ഭൂമിയിൽ നിർമിക്കുന്ന ഫ്ലാറ്റിന് യുഎഇ റെഡ്ക്രോസ് പണം നൽകുമെന്ന പരാമർശമാണ് ധാരണാപത്രത്തിലുള്ളത്. കരാർ ഒപ്പുവെച്ചിട്ടുള്ളതാകട്ടെ യുണിടാക്കും യുഎഇ കോൺസുൽ ജനറലും തമ്മിലുമാണ്.

ലൈഫ് മിഷൻ പദ്ധതിയുമായി ബന്ധപ്പെട്ട വിഷയത്തിൽ യുഎഇ കോൺസുലേറ്റും റെഡ്ക്രസന്റും തമ്മിൽ മറ്റേതെങ്കിലും തരത്തിലുള്ള കരാരോ ധാരണയോ ഉണ്ടാക്കിയിട്ടുണ്ടോ എന്ന കാര്യം വ്യക്തമല്ല. ഇക്കാര്യം യുഎഇ കോൺസുലേറ്റാണ് വ്യക്തമാക്കേണ്ടത്. ഇത്തരത്തിലൊരു ധാരണയുടെ രേഖയോ വിവരങ്ങളോ സംസ്ഥാന സർക്കാരോ ലൈഫ് മിഷനോ പുറത്തുവിട്ടിട്ടില്ല.

കരാരിൽ യുഎഇ കോൺസുൽ ജനറൽ ഒന്നാം കക്ഷിയും യുണിടാക്ക് രണ്ടാം കക്ഷിയുമാണ്. റെഡ് ക്രസന്റ് ഉദ്യോഗസ്ഥർ കേരളത്തിലേക്ക് നടത്തിയ യാത്ര ഉൾപ്പെടെയുള്ള വിവരങ്ങൾ അടക്കം കേന്ദ്രസർക്കാർ പരിശോധിക്കുന്നുണ്ടെന്നാണ് വിവരം. കരാർ ഒപ്പിടാൻ വന്ന ഉദ്യോഗസ്ഥരുടെ യാത്രാരേഖകളും വിലയിരുത്തും. ലൈഫ് മിഷൻ പദ്ധതിയ്ക്ക് വേണ്ടി 20 കോടി രൂപ റെഡ് ക്രസന്റിൽ നിന്ന് വാങ്ങുന്നതിനായി സംസ്ഥാന സർക്കാർ അനുമതി തേടിയിട്ടില്ലെന്ന് കേന്ദ്രസർക്കാർ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു.

20 കോടിയുടെ ലൈഫ് മിഷൻ പദ്ധതിയുടെ നാല് കോടി 30 ലക്ഷം രൂപ കമ്മീഷനായി നൽകിയെന്നാണ് യൂണീടാക് ഉടമ സന്തോഷ് ഈപ്പൻ എൻഫോഴ്സ്മെന്റിന് നൽകിയ മൊഴിയിൽ പറയുന്നത്. സ്വപ്ന പുറമേ സരിത്ത്, സന്ദീപ് നായർ, ഈജിപ്ഷ്യൻ പൌരൻ എന്നിവർ ചേർന്നാണ് വീതിച്ചെടുത്തിട്ടുള്ളത്. ഇതിൽ ബാക്കിവന്ന ഒരു കോടിയാണ് ലോക്കറിൽ സൂക്ഷിച്ച നിലയിൽ പിടിച്ചെടുത്തിട്ടുള്ളത്. ബിനാമി ഇടപാടിൽ ഉൾപ്പെട്ട മറ്റാർക്കോ വേണ്ടിയാണ് പണം സൂക്ഷിച്ചതെന്നാണ് കരുതുന്നത്.

എം ശിവശങ്കറിന്റെ നിർദേശ പ്രകാരം ആരംഭിച്ച ലോക്കർ ഇദ്ദേഹത്തിന്റെ ചാർട്ടേർഡ് അക്കൌണ്ടന്റാണ് കൈകാര്യം ചെയ്തിരുന്നതെന്നും തെളിഞ്ഞിരുന്നു.

ലൈഫ് പദ്ധതിയുമായി ബന്ധപ്പെട്ട് ചേർന്ന യോഗങ്ങളുടെ മിനുട്സ്, നിയമോപദേശം, കരാർ, കരാർ സംബന്ധിച്ച രേഖകൾ എന്നിവ ആവശ്യപ്പെട്ടുകൊണ്ടാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചീഫ് സെക്രട്ടറിയ്ക്ക് നോട്ടീസ് അയച്ചിട്ടുള്ളത്. വിദേശ ഏജൻസിയിൽ നിന്ന് ഫണ്ട് സ്വീകരിക്കുമ്പോൾ കേന്ദ്രസർക്കാരിൽ നിന്ന് അനുമതി തേടിയോ എന്നും എൻഫോഴ്സ്മെന്റ് ചോദിച്ചിരുന്നു.

വിദേശത്തുള്ള സ്വകാര്യ ഏജൻസിയിൽ നിന്ന് ഫണ്ട് സ്വീകരിക്കുന്നതിന് കേന്ദ്രത്തിന്റെ അനുമതി വേണ്ടെന്നാണ് ചട്ടമെന്നാണ് നിയമമന്ത്രി എകെ ബാലൻ വ്യക്തമാക്കിയിരുന്നത്. ഈ വാദം തള്ളിക്കൊണ്ടാണ് കേന്ദ്രസർക്കാരും രംഗത്തെത്തിയിട്ടുള്ളത്. ഫണ്ട് സ്വീകരിച്ചത് ഒരു പദ്ധതിയ്ക്ക് വേണ്ടിയായിരുന്നുവെന്നതിനാൽ കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്റെ അനുമതി വേണമായിരുന്നുവെന്നാണ് കേന്ദ്രസർക്കാർ സ്വീകരിച്ച നിലപാട്.

ലൈഫ് മിഷൻ ഇടപാടിൽ വിദേശ കമ്പനിയായ യൂണിടാക്ക് കമ്പനി നൽകിയ 4.5 രൂപ കമ്മീഷനല്ലെന്നാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയത്. 4.5 കോടി രൂപ സംബന്ധിച്ച് ലഭിച്ച മൊഴികൾ വസ്തുതാ വിരുദ്ധമാണെന്ന് കണ്ടെത്തിയതോടെയാണ് എൻഫോഴ്സ്മെന്റ് സ്ഥാപനങ്ങളുടെ സാമ്പത്തിക ഇടപാടുകൾ കേന്ദ്രീകരിച്ചുള്ള അന്വേഷണം ആരംഭിക്കുന്നത്.

സ്വർണ്ണക്കടത്ത് കേസിലെ പ്രതികളായ സ്വപ്ന സുരേഷ്, സരിത്ത്, സന്ദീപ് നായർ, എന്നിവരുടെ പാർട്ണർഷിപ്പ് കമ്പനിയായായ ഐസോമോങ്കിന്റെ അക്കൌണ്ട് വഴി 75 ലക്ഷം രൂപ കൈമാറിയിട്ടുണ്ട്. ഇതാണ് ലൈഫ് സ്കീമിലെ കമ്മീഷൻ. ബാക്കിയുള്ള തുക മറ്റാർക്കോ ഉള്ള കമ്മീഷനാണെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ വിലയിരുത്തൽ.

അതിവേഗ വാർത്തകൾക്ക് ടെലഗ്രാം ചാനലിൽ അംഗമാവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Leave a Reply

Your email address will not be published. Required fields are marked *

Back to top button