Kerala

ലൈഫ് മിഷൻ പദ്ധതി: മുഖ്യമന്ത്രിക്ക് കത്ത്; അനിൽ അക്കരക്കെതിരെ എസി മൊയ്തീൻ

Life Mission Project: Letter to CM; AC Moyteen against Anil Akkara

തിരുവനന്തപുരം: വടക്കാഞ്ചേരി ഫ്ലാറ്റ് ഉടൻ പൂർത്തിയാക്കി അർഹരായവർക്ക് കൈമാറണമെന്നാവശ്യപ്പെട്ട് എംഎൽഎ മുഖ്യമന്ത്രിക്ക് കത്തു നൽകിയ സംഭവത്തിൽ ആഞ്ഞടിച്ച് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി . “43 വോട്ട് മാത്രം ഭൂരിപക്ഷം ലഭിച്ച താൻ വരുന്ന തിരഞ്ഞെടുപ്പിലും ഇവിടെ നിന്നും മത്സരിക്കാൻ ഉടുപ്പു തയ്പ്പിച്ചിരിക്കുന്നത് വെറുതെയാകുമെന്നും ഉറപ്പായപ്പോൾ മാലാഖയുടെ മുഖപടമണിഞ്ഞ് മുഖ്യമന്ത്രിക്ക് ഇപ്പോൾ കത്തു നൽകിയിരിക്കുകയാണ്.” മന്ത്രി ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.

14 കോടി രൂപ സർക്കാർ ഖജനാവിൽ നിന്നെടുത്ത് ചെലവാക്കണം എന്നാണ് എംഎൽഎയുടെ സൗജന്യ ഉപദേശം. പാവപ്പെട്ടവന് ഒരു തണൽ എന്ന സ്വപ്നത്തിന് മേൽ തീത്തൈലം കോരി ഒഴിച്ചത് ആരാണെന്ന് വടക്കാഞ്ചേരിക്കാർ മനസ്സിലാക്കിയിട്ടുണ്ട്.കത്ത് നൽകി നാട്ടുകാരെ പറ്റിക്കാൻ ശ്രമിക്കുന്ന ഈ ജനപ്രതിനിധി ഇനിയും വിഡ്ഢികളുടെ സ്വർഗ്ഗത്തിലാണ്- എസി മൊയ്തീൻ പറഞ്ഞു.

“പാവപ്പെട്ടവന് കിടപ്പാടം നൽകുന്ന പദ്ധതിയുമായി സഹകരിക്കാനുള്ള നന്മ എംഎൽഎയ്ക്ക് ഇല്ലാതെ പോയതാണ് ഇക്കഴിഞ്ഞ നാളുകളിൽ വടക്കാഞ്ചേരി നേരിട്ട കെടുതികളിലൊന്ന്. അഴിമതിയാരോപണമെന്ന പുകമറയിൽ പദ്ധതിയെ തകിടം മറിക്കാനായിരുന്നു അനിലിന്റെ ശ്രമം.സിബിഐയ്ക്ക് നേരിട്ട് പരാതി നൽകി. ഒക്കച്ചങ്ങായിമാരുടെ ശ്രമഫലമായി കേസ്സ് അവർ ഏറ്റെടുത്തു. അന്വേഷണം തിരുതകൃതിയായി നടത്തി. എന്നിട്ടും അനിൽ നിരാശനാണ്. ഉദ്ദേശിച്ച പദ്ധതികളൊന്നും വേണ്ടപോലെ ഫലിക്കുന്നില്ല. ഇല്ലാത്ത പൂച്ചയെ ഇരുട്ടിൽ തപ്പുന്ന പോലെ എംപിയെയും മറ്റ് വേണ്ടപ്പെട്ടവരെയും കൂട്ടി നീതു ജോൺസൺ എന്ന കുട്ടിയെത്തേടി മണ്ഡലത്തിൽ നടത്തിയ കാത്തിരിപ്പു നാടകം പോലും എട്ടു നിലയിലാണ് പൊട്ടിയത്.”

“കമ്മീഷൻ കൊടുത്തതിലുള്ള വേവലാതിയോ അഴിമതി വിരുദ്ധതയോ ഒന്നും കൊണ്ടല്ല ഇയാൾ സിബിഐക്ക് പരാതി അയച്ചതെന്ന് സാമാന്യബുദ്ധിയുള്ളവർക്കറിയാം. ആരോപണക്കൊടുങ്കാറ്റ് സൃഷ്ടിച്ച് മുഖ്യമന്ത്രിയേയും, സർക്കാരിനെയും പ്രതിസ്ഥാനത്ത് നിർത്താനുള്ള കോൺഗ്രസ്സ് – ബിജെപി ഇരട്ടകളുടെ അവിഹിത കൂട്ടുകെട്ടിന് ചൂട്ട് കത്തിച്ച് മുമ്പേ നടക്കാനുള്ള ശ്രമമാണ് ഇയാൾ നടത്തിയത് കേസ്സ് സിബിഐയെ ഏൽപ്പിക്കുക, പദ്ധതി കലക്കുക, ജനവികാരം സർക്കാരിനെതിരെ തിരിക്കുക എന്നതായിരുന്നു കുബുദ്ധി.” “പദ്ധതി സിബിഐ അന്വേഷണത്തിലേക്ക് വലിച്ചിഴച്ചതിൽ അനിലിന് ലഭിച്ച നേട്ടം വടക്കഞ്ചേരി ഫ്ലാറ്റ് പണി നിർത്തിക്കാനും, കരാർ ഏറ്റെടുത്ത നിർമ്മാണ കമ്പനിയെ അത് ഉപേക്ഷിക്കാൻ പ്രേരിപ്പിക്കാനും കഴിഞ്ഞു എന്നത് മാത്രമാണ്.” “ഇയാളുടെ ജീർണ്ണ മനസ്സ് നാട്ടുകാർ തിരിച്ചറിഞ്ഞിരിക്കുന്നു.പദ്ധതിയുടെ ഗുണഭോക്താക്കളും നാട്ടുകാരും അക്കരയുടെ വികസന വിരോധത്തിന്റെ തീവ്രതയ്ക്കെതിരെ പ്രതികരിക്കുമെന്നും പടപാളയത്തിൽ നിന്നു തന്നെ തുടങ്ങുമെന്നും അയാൾക്ക് മനസ്സിലായിരിക്കുന്നു.” എസി മൊയ്തീൻ വ്യക്തമാക്കി.

അതിവേഗ വാർത്തകൾക്ക് ടെലഗ്രാം ചാനലിൽ അംഗമാവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Leave a Reply

Your email address will not be published. Required fields are marked *

Back to top button