ഒരുകാലത്തു മണിയടിക്കാൻ മടിച്ചവരെ മണിയടിപ്പിച്ച് കെഎസ്ആർടിസിയുടെ പുതിയ തീരുമാനം
KSRTC's new decision to ring the bell for those who were once reluctant to ring the bell
തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ പുതിയ നിർദേശങ്ങളും തീരുമാനങ്ങളുമായി കെഎസ്ആർടിസി. അനുവദിച്ചിരിക്കുന്ന സ്‌റ്റോപ്പുകൾക്ക് പുറമേ യാത്രക്കാർ ആവശ്യപ്പെടുന്ന എവിടെയും ഇനിമുതൽ കെഎസ്ആർടിസി ബസുകൾ നിർത്തും. തെക്കൻ ജില്ലകളിൽ സർവീസ് നടത്തുന്ന അൺലിമിറ്റഡ് ഓർഡിനറി ബസുകളിലാണ് ഈ പരീക്ഷണമെന്ന് എംഡി ബിജുപ്രഭാകർ വ്യക്തമാക്കി.
ഇത്തരത്തിൽ തെക്കൻ ജില്ലകളിൽ നടത്തുന്ന സർവീസുകളിലൂടെ യാത്രക്കാരുടെ അഭിപ്രായവും തീരുമാനങ്ങളും മനസിലാക്കാൻ സാധിക്കും. അനുകൂല നിലപാടാണ് യാത്രക്കാരിൽ നിന്ന് ലഭിക്കുന്നതെങ്കിൽ മറ്റ് ജില്ലകളിലും സമാനമായ സർവീസുകൾ ആരംഭിക്കും. യാത്രക്കാരിൽ നിന്ന് ലഭിക്കുന്ന അഭിപ്രായമനുസരിച്ചാകും അൺലിമിറ്റഡ് ഓർഡിനറി ബസുകളുടെ റൂട്ട് നിശ്ചയിക്കുകയെന്ന് എംഡി പറഞ്ഞു. കൊവിഡ് പശ്ചാത്തലത്തിൽ യാത്രക്കാരില്ലാത്ത ഷെഡ്യൂളുകൾ തുടർന്ന് കൊണ്ട് പോകാൻ കഴിയില്ല.
യാത്രക്കാർ കുറഞ്ഞതും ഡീസൽ ചെലവ് വർധിച്ചതും സാമ്പത്തിക പ്രതിസന്ധി രൂക്ഷമാക്കുന്നുണ്ട്. വരുമാനത്തിന്റെ മുക്കാൽ ശതമാനവും ഡീസൽ ചെലവിനായി മാറ്റിവെക്കേണ്ടതുണ്ടെന്നും കെഎസ്ആർടിസി വിലയിരുത്തി. ഇൻപെക്‌ടർമാരുമായും യാത്രക്കാരുമായും കൂടിയാലോചിച്ച് അൺലിമിറ്റഡ് ഓർഡിനറികൾ ഓടിക്കാനുള്ള റൂട്ട് കണ്ടെത്തി റിപ്പോർട്ട് സമർപ്പിക്കണമെന്നും 29ന് മുൻപായി റിപ്പോർട്ട് കൈമാറണമെന്നും യൂണിറ്റ് ഓഫീസർമാർ നിർദേശം നൽകിയിട്ടുണ്ട്.
സംസ്ഥാനത്ത് കൊവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യം തുടരുകയാണ്. യാത്രക്കാരുടെ എണ്ണം കുറഞ്ഞതോടെ സ്വകാര്യ ബസുകൾ സർവീസുകൾ നടത്തുന്നില്ല. സർക്കാർ നൽകിയ ഇളവുകൾ പര്യാപ്‌തമാണെന്നാണ് ബസുടമകൾ വ്യക്തമാക്കുന്നത്. കെഎസ്ആർടിസി ബസുകൾ മാത്രമാണ് സർവീസ് നടത്തുന്നത്. ഈ പശ്ചാത്തലത്തിലാണ് സാമ്പത്തിക പ്രതിസന്ധി മറികടക്കാനുള്ള ആലോചനകൾ കെഎസ്ആർടിസി നടത്തുന്നത്.