India

കെപിസിസി ഭാരവാഹി പട്ടിക ഈ ആഴ്ച

KPCC office bearers list this week

ന്യൂഡൽഹി: ഈ ആഴ്ച തന്നെ കെപിസിസി ഭാരവാഹി പട്ടിക പ്രസിദ്ധീകരിക്കുമെന്ന് കേരളത്തിൻ്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി താരിഖ് അൻവര്‍. കഴിഞ്ഞ ആഴ്ച തന്നെ കേരളത്തിൽ നിന്നുള്ള പാര്‍ട്ടി നേതൃത്വം പട്ടിക സമര്‍പ്പിച്ചിരുന്നുവെന്നും എന്നാൽ ഇതുവരെ സോണിയ ഗാന്ധിയ്ക്ക് കൈമാറാൻ കഴിഞ്ഞിട്ടില്ലെന്നും താരിഖ് അൻവര്‍ വ്യക്തമാക്കി.

ജാര്‍ഖണ്ഡിൽ നിന്ന് തിരിച്ചെത്തിയാൽ ഉടൻ തന്നെ പട്ടിക കൈമാറുമെന്നാണ് അദ്ദേഹം മനോരമയോടു പ്രതികരിച്ചത്. ഇന്നു ഡൽഹിയിൽ തിരിച്ചെത്തുമെന്നും ഉടൻ തന്നെ പട്ടിക കൈമാറുമെന്നും അദ്ദേഹം വ്യക്തകമാക്കി. സാമുദായിക സന്തുലനവും ദളിത്, വനിതാ പ്രാതിനിധ്യവും ഉറപ്പാക്കിയായിരിക്കും പട്ടിക പ്രഖ്യാപിക്കുകയെന്നും താരിഖ് അൻവര്‍ വ്യക്തമാക്കി.

അതേസമയം, പുതുതായി പ്രഖ്യാപിക്കുന്ന കെപിസിസി പട്ടികയുടെ ആയുസ് മാസങ്ങള്‍ മാത്രമായിരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാൽ സംഘടനാ തെരഞ്ഞെടുപ്പ് കഴിയുന്നതോടെ പുതിയ ഭാരവാഹികള്‍ ചുമതലയേൽക്കുമെങ്കിലും പട്ടിക പുറത്തിറക്കുമെന്നു തന്നെയാണ് പാര്‍ട്ടി വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്. യുപി അടക്കമുള്ള സംസ്ഥാനങ്ങളിലേയ്ക്കുള്ള സംസ്ഥാന ഭാരവാഹി പട്ടികയും അടുത്തിടെയാണ് പുറത്തിറക്കിയത്. പുനഃസംഘടനാ നടപടികള്‍ അന്തിമഘട്ടത്തിലെത്തിയ സാഹചര്യത്തിലാണ് പട്ടിക പുറത്തിറക്കാനുള്ള സംസ്ഥാന നേതൃത്വത്തിൻ്റെ തീരുമാനം.

കഴിഞ്ഞ ദിവസം ഇ-മെയിൽ വഴിയാണ് കെപിസിസി നേതൃത്വം താരിഖ് അൻവറിന് പട്ടിക കൈമാറിയത്. ഇതിൽ ആവശ്യമായ അഭിപ്രായങ്ങള്‍ കൂടി രേഖപ്പെടുത്തിയ ശേഷമായിരിക്കും താരിഖ് അൻവര്‍ ഇത് സോണിയ ഗാന്ധിയ്ക്ക് കൈമാറുക. സോണിയ ഗാന്ധി അനുമതി നല്‍കിയാൽ അന്തിമ പട്ടിക ഉടൻ തന്നെ പുറത്തിറങ്ങും.

അതേസമയം, പാര്‍ട്ടി പുനസംഘടനയെപ്പറ്റി തങ്ങള്‍ക്ക് അറിയില്ലെന്നും നേതൃത്വം ഏകപക്ഷീയമായാണ് തീരുമാനങ്ങള്‍ എടുക്കുന്നതെന്നുമാണ് എ, ഐ ഗ്രൂപ്പുകള്‍ ആരോപിക്കുന്നത്. മൂന്നു പേര്‍ ചേര്‍ന്ന് എല്ലാം തീരുമാനിക്കുന്ന സ്ഥിതി വിശേഷമാണുള്ളത്. അന്തിമ പട്ടിക തയ്യാറാക്കിയ ശേഷം ബന്ധപ്പെടാമെന്ന് സംസ്ഥാന നേത‍‍ൃത്വം അറിയിച്ചിരുന്നെങ്കിലും അതുണ്ടായില്ലെന്നും ഇവര്‍ ആരോപിക്കുന്നു. പട്ടിക തയ്യാറാക്കിയതുമായി ബന്ധപ്പെട്ട് കെപിസിസി വര്‍ക്കിങ് പ്രസിഡൻ്റുമാര്‍ക്കും അതൃപ്തിയുണ്ട്. ഹൈക്കമാൻഡിൽ നിന്നു ബന്ധപ്പെട്ടാൽ പരാതി അറിയിക്കുമെന്നും എന്നാൽ പട്ടികയുടെ പേരിൽ പ്രതിഷേധമുണ്ടാകില്ലെന്നുമാണ് ഗ്രൂപ്പുനേതാക്കളുടെ നിലപാട്.

എന്നാൽ പട്ടിക പുറത്തു വരുമ്പോള്‍ പ്രശ്നങ്ങള്‍ ഉണ്ടാകില്ലെന്ന് കെ സുധാകരൻ നേത്തെ അറിയിച്ചിരുന്നു. പട്ടിക തയ്യാറാക്കുമ്പോള്‍ ഗ്രൂപ്പുകളുടെ ഭാഗത്തു നിന്ന് സമ്മര്‍ദ്ദം ഉണ്ടായില്ലെന്നാണ് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും വ്യക്തമാക്കിയത്. അതേസമയം, പട്ടിക പുറത്തിറക്കുന്നത് അനിശ്ചിതമായി നീളുന്നതിനു പിന്നിൽ ഹൈക്കമാൻഡിൻ്റെ ഇടപെടലുകളും നേതാക്കളുടെ അതൃപ്തിയുമാണെന്നാണ് റിപ്പോർട്ടുകൾ. പട്ടിക തയ്യാറാക്കിയ രീതി സംബന്ധിച്ച് മുതിർന്ന നേതാക്കളായ രമേശ് ചെന്നിത്തലയും ഉമ്മൻ ചാണ്ടിയും അതൃപ്തി അറിയിക്കുകയും ചെയ്തിട്ടുണ്ട്.

Source link

അതിവേഗ വാർത്തകൾക്ക് ടെലഗ്രാം ചാനലിൽ അംഗമാവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Leave a Reply

Your email address will not be published. Required fields are marked *

Back to top button