പ്രവാസ ലോകത്തും തരംഗമായി കോഴിക്കോട് ജില്ലാ പഞ്ചായത്ത് കുറ്റ്യാടി ഡിവിഷൻ
Kozhikode District Panchayat Kuttyadi Division is making waves in the expatriate world
ദോഹ: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിന്റെ മൂന്നാം ഘട്ടത്തിൽ വിധിയെഴുത്ത് നടക്കുന്ന വടക്കൻ കേരളത്തിൽ ഇതിനകം തന്നെ ഏറെ ശ്രദ്ധേയമായിത്തീർന്ന കോഴിക്കോട് ജില്ലാ പഞ്ചായത്ത് കുറ്റ്യാടി ഡിവിഷൻ യുഡിഎഫ് സ്വതന്ത്ര സ്ഥാനാർഥി പനയുള്ളകണ്ടി സാജിദയുടെ വിജയമുറപ്പ് വരുത്തുന്നതിന്എല്ലാം മറന്ന് പ്രവാസ ലോകവും രംഗത്ത്.നേരത്തെ മുൻ എം.എൽ.എ കെ.കെ ലതിക സാജിദയെക്കുറിച്ച് നടത്തിയ വർഗീയ പരാമർശങ്ങൾ കേരളം മുഴുക്കെ ശ്രദ്ധിച്ചതും പ്രതിഷേധത്തിനിടയാക്കിയതുമാണ്.
2015 ൽ വേളം പഞ്ചായത്ത് ഏഴാം വാർഡിൽ മത്സരിച്ച സാജിദയുടെ വിജയാർഥം കെ.കെ ലതിക തന്നെ പലതവണ വാർഡിൽ പ്രചാരണത്തിന് വന്നത് മറച്ചുവെച്ചായിരുന്നു സിപിഎം ന്റെ ഈ മലക്കം മറിച്ചിൽ. വോട്ടെടുപ്പിന്റെ തൊട്ടുമുമ്പുള്ള ദിവസങ്ങളിൽ സി പി എം ഇനിയും ഇത്തരം ധ്രുവീകരണ അജണ്ടയുമായി രംഗത്തുവരുമെന്ന സാധ്യത മുന്നിൽ കണ്ടാണ് ,അതിനെ പ്രതിരോധിക്കുന്നതിനും സ്ഥാനാർഥിയുടെയും മറ്റ് ബ്ലോക്ക് ഡിവിഷനുകളിലെയും, പഞ്ചായത്ത് വാർഡുകളിലെയും യു ഡി എഫ് സ്ഥാനാർഥികളെ വിജയിപ്പിക്കുന്നതിനുമുള്ള പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന്റെ ഭാഗമായി ഖത്തറിൽ യു ഡി എഫ് – വെൽഫെയർ പാർട്ടി പ്രവർത്തകർ സംയുക്ത തിരഞ്ഞെടുപ്പ് യോഗം വിളിച്ചു ചേർത്തത്.
കേരളത്തിലെ ജനവിരുദ്ധ ഗവ: മെന്റിന്റെ സമീപനങ്ങൾ വിചാരണക്ക് വിധേയമാക്കപ്പെട്ടാൽ കനത്ത പരാജയം ഏറ്റുവാങ്ങേണ്ടിവരുമെന്ന ഭീതിയാലാണ് തെരഞ്ഞെടുപ്പ് ചർച്ചയുടെ ഗതി തിരിച്ചു വിടാൻ സി പി എം ശ്രമിക്കുന്നതെന്ന് യോഗത്തിൽ പങ്കെടുത്ത കെ എം സി സി, ഇൻകാസ് , കൾച്ചറൽ ഫോറം നേതാക്കൾ അഭിപ്രായപ്പെട്ടു. ജില്ലാ പഞ്ചായത്ത് കുറ്റ്യാടി ഡിവിഷൻ സ്ഥാനാർഥി പനയുള്ള കണ്ടിസാജിദ ഉൾപടെ മുഴുവൻ യു ഡി എഫ് സ്ഥാനാർഥികളെയും വിജയിപ്പിക്കണമെന്ന് യോഗം ആഹ്വാനം ചെയ്തു. നൗഷാദ് കാഞ്ഞായി വിഷയമവതരിപ്പിച്ചു സംസാരിച്ചു.കെ.ടി.മുബാറക് അധ്യക്ഷത വഹിച്ചു.
ജിതേഷ് നരിപ്പറ്റ, മുഹമ്മദ് റാഫി, ഇസ്മാഈൽ കാക്കുനി, ജാഫർ വടയം, ശാഹിദ് കൂരി, കെ.പി മുഹമ്മദ്, നജ്മൽ ടി, ലത്തീഫ് പാതിരപ്പറ്റ, സൈഫുദ്ധീൻ കെ ടി. ഡോ നൗഷാദ് തുടങ്ങിയവർ സംസാരിച്ചു. പി.പി നൗഫൽ സമാപന പ്രഭാഷണം നടത്തി.