India

കൊവിഡ്; പ്രധാനമന്ത്രി സർവകക്ഷിയോഗം വിളിച്ചു

Kovid; The Prime Minister called an all-party meeting

ന്യൂഡല്‍ഹി: രാജ്യത്തെ കോവിഡ് സാഹചര്യം ചര്‍ച്ച ചെയ്യാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി സര്‍വകക്ഷിയോഗം വിളിച്ചു. പ്രധാനമന്ത്രി അധ്യക്ഷനാവുന്ന യോഗം വെള്ളിയാഴ്ച രാവിലെ വീഡിയോ കോണ്‍ഫറന്‍സിങ്ങിലൂടെയാവും നടക്കുക. ഇത് രണ്ടാം തവണയാണ് കേന്ദ്ര സർക്കാർ കൊവിഡ് സാഹചര്യം ചർച്ചചെയ്യാനായി സർവകക്ഷിയോഗം വിളിക്കുന്നത്.

പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്, ആഭ്യന്തരമന്ത്രി അമിത് ഷാ, ആരോഗ്യമന്ത്രി ഹര്‍ഷ വര്‍ധന്‍, പാര്‍ലമെന്ററി കാര്യമന്ത്രി പ്രഹ്ലാദ് ജോഷി തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുക്കും. സർക്കാർ വൃത്തങ്ങളെ ഉദ്ധരിച്ച് പിടിഐ റിപ്പോർട്ട് ചെയ്തു.

നിലവിൽ കേരളം, മഹാരാഷ്ട്ര, ഡൽഹി തുടങ്ങിയ സംസ്ഥാനങ്ങളിലെ പ്രതിദിന കൊവിഡ് കേസുകളാണ് രാജ്യത്തിന് ആശങ്കയാകുന്നത്. ആന്ധ്രാപ്രദേശ് ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ രോഗവ്യാപനം കുറഞ്ഞിട്ടുണ്ട്. രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം 94 ലക്ഷം കടന്ന സാഹചര്യത്തിലാണ് കേന്ദ്രം യോഗം വിളിച്ചിരിക്കുന്നത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 38,772 കൊവിഡ് കേസുകളാണ് സ്ഥിരീകരിച്ചത്. ഇതോടെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 94,31,692 ആയി ഉയർന്നിരിക്കുകയാണ്. 4,46,952 സജീവ രോഗികളാണ് നിലവിൽ രാജ്യത്തുള്ളത്. 88,47,600 പേർക്ക് രോഗമുക്തി ലഭിച്ചതായും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. കഴിഞ്ഞദിവസം 45,333 പേരാണ് രോഗം ഭേദമായി ആശുപത്രി വിട്ടത്.

24 മണിക്കൂറിനിടെ 443 മരണമാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് മരണങ്ങൾ 1,37,139 ആയി ഉയർന്നിരിക്കുകയാണ്.

അതിവേഗ വാർത്തകൾക്ക് ടെലഗ്രാം ചാനലിൽ അംഗമാവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Leave a Reply

Your email address will not be published. Required fields are marked *

Back to top button