Kerala

കൊച്ചി – തിരുവനന്തപുരം 2.5 മണിക്കൂർ; റബ്ബർ മേഖലകളിലൂടെ പുതിയ അതിവേഗപാത കേരളത്തിൻ്റെ മുഖം മാറ്റും

Kochi - Thiruvananthapuram 2.5 hours; The new expressway through the rubber regions will change the face of Kerala

കൊച്ചി: നിലവിൽ തിരക്കുള്ള സമയത്ത് അഞ്ച് മണിക്കൂറിലധികമാണ് കൊച്ചിയിൽ നിന്ന് തിരുവനന്തപുരത്തേയ്ക്ക് റോഡ് മാർഗം സഞ്ചരിക്കാൻ എടുക്കുന്ന സമയം. ആലപ്പുഴ വഴി ദേശീയപാത 66 വഴിയോ കോട്ടയം വഴി പോകുന്ന എംസി റോഡ് ഉപയോഗിച്ചോ ആണ് നിലവിൽ വ്യവസായനഗരത്തിൽ നിന്ന് തലസ്ഥാനത്തേയ്ക്ക് യാത്ര സാധ്യമാകുക. എന്നാൽ എംസി റോഡിനു സമാന്തരമായി കിഴക്കൻ മേഖലയിലൂടെ നിർമിക്കുന്ന പുതിയ പാത യാഥാർഥ്യമാകുന്നതോടെ ട്രെയിൻ യാത്രയെക്കാളും വേഗത്തിൽ ഇരുനഗരങ്ങളിലേയ്ക്കും സഞ്ചരിക്കാം. പുതുതായി വിഭാവനം ചെയ്യുന്ന അങ്കമാലി – കുണ്ടന്നൂർ ബൈപ്പാസിൽ നിന്ന് ആരംഭിച്ച് തിരുവനന്തപുരം ഔട്ടർ ബൈപ്പാസിൽ അവസാനിക്കുന്ന തരത്തിലാണ് പുതിയ ഹൈവേ വിഭാവനം ചെയ്യുന്നത്.

എറണാകുളത്ത് തുടങ്ങി, ഇടുക്കി, കോട്ടയം, പത്തനംതിട്ട, കൊല്ലം. തിരുവനന്തപുരം ജില്ലകളിലൂടെ കടന്നുപോകുന്ന പുതിയ ഗ്രീൻഫീൽഡ് ഹൈവേയുടെ കല്ലിടൽ ഈ വര്ർഷം തന്നെ ആരംഭിക്കാനാണ് ദേശീയപാതാ അതോരിറ്റിയുടെ പദ്ധതി. ഭാരത്‍‍മാലാ പദ്ധതിയുടെ ഭാഗമല്ലെങ്കിലും ദേശീയപാതാ അതോരിറ്റിയുടെ തനതുപദ്ധതിയായാണ് പുതിയ ഹൈവേ നി‍ർമിക്കുന്നത്. ഭൂമിയേറ്റെടുക്കാനായി സംസ്ഥാന സ‍ർക്കാരിൻ്റെ സാമ്പത്തിക സഹായവുമുണ്ടാകും. പ്രധാന പട്ടണങ്ങളെയെല്ലാം ഒഴിവാക്കി കടന്നു പോകുന്ന പുതിയ പാത കിഴക്കൻ മേഖലയിലെ വികസനത്തിനും സഹായകമാകും. സ്ഥലമേറ്റെടുപ്പിനായി ഡെപ്യൂട്ടി കളക്ട‍ർമാരുടെ നേതൃത്വത്തിൽ വിവിധ ജില്ലകളിൽ യൂണിറ്റുകൾ തുടങ്ങാനും തീരുമാനമായിട്ടുണ്ട്.

പാത തിരുവനന്തപുരത്ത് അരുവിക്കരയിൽ സംഗമിക്കാനായിരുന്നു ആദ്യം പദ്ധതിയിട്ടതെങ്കിലും ഇതിനു പകരം കിളിമാനൂരിനു സമീപം പുളിമാത്ത് ആക്കാനാണ് നിലവിലെ ആലോചന. പുതുതായി നി‍ർമിക്കുന്ന വിഴിഞ്ഞം – നാവായിക്കുളം ഔട്ടർ റിങ് റോഡിലായിരിക്കും ഹൈവേ എത്തിച്ചേരുക. ഇതനുസരിച്ച് അലൈൻമെൻ്റിൽ ചില മാറ്റങ്ങളുമുണ്ടാകും. പാതയ്ക്ക് മൊത്തം ഏകദേശം 240 കിലോമീറ്ററാണ് നീളമുണ്ടാകുക. പന്ത്രണ്ട് താലൂക്കുകളിലെ 79 വില്ലേജുകളിൽ നിന്നായി മൊത്തം ആയിരത്തോളം ഹെക്ടർ സ്ഥലം ഹൈവേയ്ക്കായി ഏറ്റെടുക്കേണ്ടി വരും. ഭോപ്പാലിലെ ഹൈവേ എൻജിനീയറിങ് കൺസൾട്ടൻ്റ് എന്ന സ്ഥാപനത്തിനാണ് ഡിപിആർ തയ്യാറാക്കാനുള്ള ചുമതല.

77 കിലോമീറ്റർ നീളത്തിൽ തിരുവനന്തപുരം ഔട്ടർ റിങ് റോഡ് പദ്ധതി പൂർത്തിയാകുന്നതോടെ നഗരത്തിൽ എവിടെ നിന്നും മധ്യകേരളത്തിലേയ്ക്കുള്ള യാത്ര സുഗമമാകും. നിലവിൽ ഔട്ടർ റിങ് റോഡിനായി 65 കിലോമീറ്ററോളം ദൂരത്തിൽ കല്ലിട്ടിട്ടുണ്ട്. ഇരുവശത്തും ക്രാഷ് ബാരിയറോടു കൂടി ആക്സസ് കൺട്രോൾ ഹൈവേയായാണ് ഈ പാത നിർമിക്കുക. ഹ്രസ്വദൂരയാത്രക്കാർ ഒഴിവാകുന്നതോടെ ഹൈവേയിലൂടെയുളള അതിവേഗയാത്രയും സാധ്യമാകും. പുതിയ ദേശീയപാതയും ഔട്ടർ റിങ് റോഡും സംഗമിക്കുന്ന ജംഗ്ഷനിൽ വലിയ വികസനവുമുണ്ടാകും.

2016ൽ വിഭാവനം ചെയ്ത അങ്കമാലി – കുണ്ടന്നൂർ ബൈപ്പാസ് റോഡിന് കഴിഞ്ഞ വർഷം ഡിസംബറിലായിരുന്നു കേന്ദ്രസർക്കാർ അനുമതി നൽകിയത്. നിലവിലെ ദേശീയപാതയിൽ അങ്കമാലിയ്ക്ക് വടക്കുവശത്തു നിന്ന് തുടങ്ങി കൊച്ചി നഗരവും നിലവിലെ ബൈപ്പാസും പൂർണമായി ഒഴിവാക്കിയായിരിക്കും പുതിയ പാത കടന്നുപോകുക. ആലുവ, കുന്നത്തുനാട്, കണയന്നൂർ താലൂക്കുകളിലൂടെ കടന്നുപോകുന്ന പാത കാലടി, പട്ടിമറ്റം, പുത്തൻകുരിശ് മേഖലകളിലൂടെയായിരിക്കും കടന്നുപോകുക. ഈ പാതയിൽ നിന്നു തന്നെയായിരിക്കും എംസി റോഡിൻ്റെ സമാന്തരപാതയും ആരംഭിക്കുക എന്നാണ് കരുതപ്പെടുന്നത്. കൂടാതെ നിലവിൽ പദ്ധതിഘട്ടത്തിലുള്ള കൊച്ചി – തൂത്തുക്കുടി സാമ്പത്തിക ഇടനാഴിയും എറണാകുളം ജില്ലയിൽ പുതിയ ഹൈവേയെ മുറിച്ചുകടക്കും. ഈ ഹൈവേ കൂടി നടപ്പാകുന്നതോടെ മധ്യകേരളത്തിൽ കിഴക്കൻ മേഖലയിലേയ്ക്കും അതിവേഗയാത്ര സാധ്യമാകും.

കാസർകോട് മുതൽ തിരുവനന്തപുരം വരെ തീരദേശത്തോടു ചേ‍ർന്ന് എൻഎച്ച് 66 ആറുവരിപ്പാതയുടെ നിർമാണം നടന്നുവരികയാണ്. ഇതിനൊപ്പം മധ്യകേരളത്തിൽ നിന്ന് തെക്കൻ കേരളത്തിലേയ്ക്ക് പുതിയ സമാന്തരപാതയായാണ് സമാന്തര എംസി റോഡ് ഉപകരിക്കുക. കേരളത്തിലെ എല്ലാ ജില്ലകളിലേയ്ക്കും ഉയ‍ർന്ന വേഗത്തിൽ അതിവേഗ റോഡുയാത്ര സാധ്യമാകുകയും പ്രധാന നഗരങ്ങളിലെ തിരക്കൊഴിയുകയും ചെയ്യുന്നതോടെ കെ റെയിൽ സിൽവ‍ർലൈൻ പദ്ധതിയുടെ പ്രസക്തി കുറയാനും സാധ്യതയുണ്ട്.

Source link

അതിവേഗ വാർത്തകൾക്ക് ടെലഗ്രാം ചാനലിൽ അംഗമാവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Leave a Reply

Your email address will not be published. Required fields are marked *

Back to top button