കിറ്റെക്സ് തെലങ്കാനയിൽ; 1000 കോടിയുടെ നിക്ഷേപം, 4000 പേർക്ക് തൊഴിൽ
Kitex in Telangana; 1000 crore investment and employment for 4000 people
ഹൈദരാബാദ്: തെലങ്കാനയിൽ ആയിരം കൂടി രൂപയുടെ നിക്ഷേപം നടത്തുമെന്ന് പ്രഖ്യാപിച്ച് കിറ്റക്സ്. തെലങ്കാന വ്യവസായ മന്ത്രി കെ ടി രാമ റാവുവുമായി നടത്തിയ ചർച്ചയ്ക്ക് ശേഷമാണ് നിർണായക പ്രഖ്യാപനം ഉണ്ടായത്.
തെലങ്കാന സർക്കാരുമായി നടത്തിയ ചർച്ച വിജയകരമായിരുന്നുവെന്ന് കിറ്റെക്‌സ് മാനേജിങ് ഡയറക്ടര്‍ സാബു എം. ജേക്കബ് വ്യക്തമാക്കി. ചർച്ച വിജയകരമായിരുന്നുവെന്ന് മന്ത്രി രാമ റാവു ട്വിറ്ററിലൂടെ വ്യക്തമാക്കി. സാബുവിനെ അഭിനന്ദിക്കുവെന്നും അദ്ദേഹം പറഞ്ഞു. വാറങ്കലിലുള്ള കകതിയ മെഗാ ടെക്സ്റ്റൈൽസ് പാർക്കിൽ കിറ്റെക്സിൻ്റെ ഫാക്ടറികൾ സ്ഥാപിക്കും.
ടെക്സ്റ്റൈൽ പ്രോജക്ടിനായി വാറങ്കലിൽ ആയിരം കോടി നിക്ഷേപിക്കാനുള്ള കരാർ സ്ഥിരീകരിക്കുന്നതായി സാബു പ്രസ്താവനയിലൂടെ അറിയിച്ചു. ഈ നിക്ഷേപത്തിലൂടെ 4,000 പേർക്ക് തൊഴിൽ ലഭ്യമാകുമെന്നും അദ്ദേഹം പറഞ്ഞു. രണ്ട് വർഷം കൊണ്ടാകും ആയിരം കോടി നിക്ഷേപിക്കുക. ഭാവിയിൽ തെലങ്കാനയിൽ കൂടുതൽ നിക്ഷേപങ്ങൾ നടത്തുമെന്ന് സാബു ജേക്കബ് അറിയിച്ചു.
കേരളത്തിൽ നിക്ഷേപിക്കാൻ പദ്ധതിയിട്ട് പിന്നീട് ഉപേക്ഷിച്ച 3,500 കോടിയുടെ പദ്ധതികളുടെ ചര്‍ച്ചയുടെ ഭാഗമായിട്ടാണ് കിറ്റെക്സ് ഗ്രൂപ്പ് ഹൈദരാബാദിലെത്തിയത്. കേരള സര്‍ക്കാരും കിറ്റെക്‌സും തമ്മിലുള്ള പ്രശ്‌നങ്ങള്‍ തുടരുന്നതിനിടെയാണ് തെലങ്കാനയിലേക്ക് നിക്ഷേപം നടത്താൻ കമ്പനി തീരുമാനിച്ചത്. തങ്ങളുടെ സംസ്ഥാനത്ത് വ്യവസായം തുടങ്ങാന്‍ എല്ലാ സഹായങ്ങളും ചെയ്തുനല്‍കാമെന്ന് നേരത്തെ തെലങ്കാന വ്യവസായ വകുപ്പ് മന്ത്രി കെ ടി രാമറാവു ഇ – മെയില്‍ വഴി സാബു ജേക്കബിനെ അറിയിച്ചിരുന്നു. സര്‍ക്കാര്‍ പ്രധാനപ്പെട്ട ആദ്യ വാഗ്ദാനം മൂലധന സബ്സിഡിയാണ്. 50 മുതല്‍ ആയിരം പേർക്ക് വരെ ജോലി നല്‍കിയാല്‍ സ്ഥാപനങ്ങൾക്ക് മുതല്‍മുടക്കില്‍ 35 ശതമാനം സബ്സിഡി. 40 കോടി രൂപവരെ ഇതുവഴി നിക്ഷേപകർക്ക് ലാഭിക്കാം.