കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം പ്രഖ്യാപിച്ചു; മികച്ച നടന്‍ സുരാജ്, നടി കനി കുസൃതി
Kerala State Film Awards announced; Best Actor Suraj and Best Actress Kani Kusruthi
തിരുവനന്തപുരം: 50ാമത് കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം പ്രഖ്യാപിച്ചു. സാംസ്‌ക്കാരിക മന്ത്രി എ.കെ ബാലനാണ് പുരസ്‌കാരം പ്രഖ്യാപിച്ചത്.
മികച്ച നടന്‍ സുരാജ് വെഞ്ഞാറമ്മൂട് (ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്‍, വികൃതി). മികച്ച നടി കനി കുസൃതി (ബിരിയാണി),
മികച്ച സ്വഭാവ നടന്‍ ഫഹദ് ഫാസില്‍ ( കുമ്പളങ്ങി നൈറ്റ്‌സ്), മികച്ച സ്വഭാവ നടി സ്വാസിക വിജയ് ( വാസന്തി) മികച്ച സംവിധായകന്‍ ലിജോ ജോസ് പെല്ലിശ്ശേരി (ജെല്ലിക്കെട്ട്), മികച്ച ചിത്രം വാസന്തി മികച്ച ബാലതാരം കാതറിന്‍ വിജി .
119 സിനിമകളായിരുന്നു ഇക്കുറി മത്സര രംഗത്തുള്ളത്. ഛായാഗ്രാഹകനും സംവിധായകനുമായ മധു അമ്പാട്ടായിരുന്നു ജൂറി ചെയര്‍മാന്‍.
സംവിധായകരായ സലിം അഹമ്മദ്, എബ്രിഡ് ഷൈന്‍, ഛായാഗ്രാഹകന്‍ വിപിന്‍ മോഹന്‍, എഡിറ്റര്‍ എല്‍ ഭൂമിനാഥന്‍, സൗണ്ട് എഞ്ചിനീയര്‍ എസ് രാധാകൃഷ്ണന്‍, പിന്നണി ഗായിക ലതിക, നടി ജോമോള്‍, എഴുത്തുകാരന്‍ ബെന്ന്യാമിന്‍, ചലച്ചിത്ര അക്കാദമി സെക്രട്ടറി സി അജോയ് എന്നിവരായിരുന്നു ജൂറികൾ.
എല്ലാ വര്‍ഷവും ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളിലാണ് പുരസ്കാര പ്രഖ്യാപനം നടക്കാറുള്ളതെങ്കിലും ഇത്തവണ കൊവിഡ് പശ്ചാത്തലത്തിലാണ് ഒക്ടോബറിലേക്ക് പ്രഖ്യാപനം നീണ്ടുപോവുകയായിരുന്നു. പ്രധാന വിഭാഗങ്ങളിലെല്ലാം കടുത്ത മത്സരമായിരുന്നു നടന്നത്. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ടാണ് ഇക്കുറി പുരസ്കാര നിര്‍ണയം നടത്തിയിട്ടുള്ളത്. ഇഞ്ചോടിഞ്ചുള്ള മത്സരമായിരുന്നു ഇക്കുറി മികച്ച ചിത്രത്തിനും മികച്ച നടനും നടിക്കുമൊക്കെ ഉണ്ടായത്. ഇത്തവണത്തെ മത്സര രംഗത്തുള്ള സിനിമകളിൽ പലതും കൊവിഡ് കാലമായതിനാൽ പ്രേക്ഷകരുടെ മുന്നിലേക്ക് എത്തിയിരുന്നില്ല.
റിലീസാവാത്ത ചിത്രങ്ങള്‍ ഉള്‍പ്പെടെ ഇക്കുറി മത്സരത്തിന് ഉണ്ടായിരുന്നു. ബിഗ് ബജറ്റ് ചിത്രങ്ങളായ മരക്കാര്‍ അറബിക്കടലിന്‍റെ സിഹം, മാമാങ്കം, ലൂസിഫര്‍ ഇവയ്ക്കൊപ്പം തണ്ണീര്‍മത്തന്‍ ദിനങ്ങള്‍, കുമ്പളങ്ങി നൈറ്റ്സ്, വൈറസ്, പ്രതി പൂവന്‍കോഴി, ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്‍, അമ്പിളി, ഉണ്ട, പതിനെട്ടാം പടി, ഡ്രൈവിങ് ലൈസന്‍സ്, പൊറിഞ്ചു മറിയം ജോസ്, കോളാമ്പി , ഉയരെ, വികൃതി, ഹാസ്യം, മൂത്തോന്‍, സ്റ്റാന്‍ഡ് അപ്പ്, താക്കോല്‍, സത്യം പറഞ്ഞാല്‍ വിശ്വസിക്കുമോ, കെഞ്ചീര, തെളിവ്, ജലസമാധി, ഗ്രാമവൃക്ഷത്തിലെ കുയില്‍, ഫൈനല്‍സ്, അതിരന്‍, ജല്ലിക്കട്ട്, ഹെലൻ, വെയില്‍മരങ്ങള്‍, അഭിമാനിനി, കള്ളനോട്ടം, ബിരിയാണി തുടങ്ങി ഒട്ടേറെ സിനിമകളാണ് ഇക്കുറി മത്സരത്തിന് ഉണ്ടായിരുന്നത്.
മോഹൻലാലിന്‍റെ കുഞ്ഞാലി മരക്കാര്‍ (മരക്കാര്‍ അറബിക്കടലിന്‍റെ സിംഹം), മമ്മൂട്ടിയുടെ മണിസാർ (ഉണ്ട) നിവിൻ പോളിയുടെ അക്ബർ (മൂത്തോൻ ), സുരാജ് വെഞ്ഞാറമൂട് ഭാസ്കര പൊതുവാൾ (ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ, വികൃതി ), സൗബിൻ ഷാഹിറിന്‍റെ സജി (കുമ്പളങ്ങി നൈറ്റ്സ്, അമ്പിളി), ആസിഫ് അലിയുടെ സ്ലീവാച്ചൻ (കെട്ട്യോളാണ് എന്‍റെ മാലാഖ ) ഇവര്‍ തമ്മിലായിരുന്നു മികച്ച നടന്മാര്‍ക്കായുള്ള പ്രത്യേക മത്സരം നടന്നത്. മികച്ച നടിയാകാനും ശക്തമായ മത്സരം നടന്നിരുന്നു. കനി കുസൃതി(ബിരിയാണി), പാർവതി തിരുവോത്ത്(ഉയരെ), മഞ്ജു വാര്യർ(പ്രതി പൂവൻകോഴി), രജിഷ വിജയൻ(ഫൈനൽസ്, സ്റ്റാൻഡപ്പ്), നിത്യ മേനോൻ(കോളാമ്പി), അന്ന ബെൻ(ഹെലൻ, കുമ്പളങ്ങി നൈറ്റ്സ്) തുടങ്ങിയവര്‍ മികച്ച നടിയാകാൻ ഏറ്റുമുട്ടി.