KeralaNews

റോഡപകടങ്ങളുടെ എണ്ണത്തിൽ കേരളം മൂന്നാം സ്ഥാനത്തേക്ക്

Kerala ranks third in the number of road accidents

റോഡപകടങ്ങളുടെ എണ്ണത്തിൽ കേരളം മൂന്നാം സ്ഥാനത്തേക്ക്‌. കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം പ്രസിദ്ധീകരിച്ച 2022-ലെ റോഡ് ആക്സിഡന്റ് വിവരപ്പട്ടികയിലാണ് സംസ്ഥാനം ഉത്തർപ്രദേശിനെയും കർണാടകത്തെയും പിൻതള്ളി മുന്നിലെത്തിയത്. സംസ്ഥാനത്ത് എ.ഐ. ക്യാമറകൾ ഘടിപ്പിക്കുന്നതിന് മുമ്പുള്ള വിവരങ്ങളാണ് കണക്കുകൾക്ക് അടിസ്ഥാനം. 2023 ജൂണിനുശേഷം കേരളത്തിൽ വാഹനാപകട മരണനിരക്ക് കുറഞ്ഞുവെന്നാണ് സർക്കാരിന്റെ കണക്ക്.

2022-ൽ സംസ്ഥാനത്ത് 43,910 അപകടങ്ങളുണ്ടായപ്പോൾ 2021-ൽ അത് 37,729 ആയിരുന്നു. 64,105 വാഹനാപകടങ്ങൾ നടന്ന തമിഴ്‌നാടാണ് ഒന്നാം സ്ഥാനത്തുള്ളത്. മധ്യപ്രദേശ് രണ്ടാം സ്ഥാനത്തുണ്ട്. 54,432. 2019 മുതൽ രാജ്യത്തെ വാഹനാപകടങ്ങളിൽ തമിഴ്‌നാട് മുന്നിലാണ്. 2019 മുതലുള്ള കണക്കുകൾ പരിശോധിച്ചാൽ കേരളം സ്ഥിരമായി അഞ്ചാം സ്ഥാനത്തായിരുന്നു. അതേസമയം 2022-ൽ അപകടമരണത്തിൽ സംസ്ഥാനം 16-ാം സ്ഥാനത്താണെന്നത് ആശ്വാസത്തിന് വക നൽകുന്നു. 2021-ൽ 17-ാമതായിരുന്നു. 2021-ൽ 3,429 പേരും 2022-ൽ 4,317 പേരും മരിച്ചു

41,746 അപകടങ്ങളിൽ 22,595 ജീവനുകൾ നഷ്ടമായ ഉത്തർപ്രദേശാണ് മരണനിരക്കിൽ മുന്നിൽ. 13.4 ശതമാനമാണ് മരണനിരക്ക്. തമിഴ്‌നാട് (17,884) രണ്ടാം സ്ഥാനത്തും മഹാരാഷ്ട്ര (15,224) മൂന്നാം സ്ഥാനത്തുമുണ്ട്. മധ്യപ്രദേശ് നാലാം സ്ഥാനത്തും (13,427), കർണാടകം (11,702) അഞ്ചാം സ്ഥാനത്തും എത്തി. ആദ്യത്തെ അഞ്ചു സംസ്ഥാനങ്ങളിലാണ് അപകടമരണത്തിന്റെ 73.8 ശതമാനവും സംഭവിച്ചിട്ടുള്ളത്.

2022-ൽ സംസ്ഥാനത്ത് 534 ഇരുചക്രവാഹന യാത്രികർ കൊല്ലപ്പെട്ടത് ഹെൽമെറ്റ് ഇല്ലാത്തതുകാരണമാണെന്ന് റിപ്പോർട്ടിലുണ്ട്. 2490 പേർക്ക് പരിക്കുണ്ട്. അപകടങ്ങളിൽ ഏറെയും ഗ്രാമീണ മേഖലകളിലാണ്. 3227 പേർ ഗ്രാമീണ റോഡുകളിലും 1090 പേർ നഗരറോഡുകളിലും കൊല്ലപ്പെട്ടു.

വാഹനാപകടങ്ങൾ: 2021 – 2022 -ലെ കണക്കുകൾ ബ്രാക്കറ്റിൽ
തമിഴ്‌നാട് 64,105 (55,682)
മധ്യപ്രദേശ് 64,105 (48,877)
കേരളം 43,910 (33,296)
ഉത്തർപ്രദേശ് 41,746 (37,729)
കർണാടകം 39,762 (34,647)

അതിവേഗ വാർത്തകൾക്ക് ടെലഗ്രാം ചാനലിൽ അംഗമാവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Leave a Reply

Your email address will not be published. Required fields are marked *

Back to top button