
തിരുവനന്തപുരം : സംസ്ഥാനത്ത് വ്യാപക മഴ.പത്തനംതിട്ടയിൽ രണ്ടിടത്ത് ഉരുൾപൊട്ടൽ. ഇലന്തൂരിലും ചെന്നീർക്കരയിലുമാണ് ഉരുൾപൊട്ടൽ ഉണ്ടായിരിക്കുന്നത്. കനത്ത മഴയെ തുടർന്ന് പത്തനംതിട്ട ജില്ലയിൽ റെഡ് അല്ലേർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, ഇടുക്കി ജില്ലകളിൽ ഓറഞ്ച് അലേർട്ടാണുള്ളത്. കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ യല്ലോ അലേർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.
പത്തനംതിട്ട ജില്ലയിലാണ് മഴ കനക്കുന്നത്. ജില്ലയിലെ മിക്ക റോഡുകളിലും വെള്ളം കയറി. ഇലന്തൂരിലും ചെന്നീർക്കരയിലുമുണ്ടായ ഉരൾപ്പൊട്ടലിനെ തുടർന്ന് 11 കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു. കലഞ്ഞൂരിൽ രണ്ട് വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചു. ജില്ലയിൽ വെള്ളിയാഴ്ച വരെ മലയോമേഖലകളിലേക്കുള്ള രാത്രി യാത്ര നിരോധിച്ചു. അതേസമയം ശബരിമല തീർഥാടർകർക്ക് വിലക്ക് ബാധകമല്ല. പമ്പയാറിലും കക്കാട്ടാറിലും ജലനിരപ്പ് ഉയർന്നു; തീരത്തുള്ളവർ ജാഗ്രത പുലർത്താൻ നിർദേശം. കഴിഞ്ഞ 24 മണിക്കൂറിനിടെ 204.4 മില്ലിമീറ്റര്‍ മഴയാണ് ജില്ലയിൽ പെയ്തത്.
തലസ്ഥാന നഗരിയായ തിരുവനന്തപുരത്ത് ദുരിതപ്പെയ്ത്താണ് തുടരുന്നത്. തിരുവനന്തപുരം നഗരത്തിൽ ശക്തമായ മഴയും ഇടിമിന്നലും കാറ്റും കഴിഞ്ഞ ദിവസം രാത്രിയിൽ ഉണ്ടായത്. പേരൂർക്കട, കവടിയാർ അമ്പലമുക്ക്, ഉള്ളൂർ അട്ടക്കുളങ്ങര, ഭാഗങ്ങളിൽ രൂക്ഷമായ വെള്ളക്കെട്ട് അനുഭപ്പെട്ടിരിക്കുന്നത്. ജില്ലയിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിൽ പൊന്മുടി ഇക്കോ ടൂറിസം കേന്ദ്രം അടച്ചു. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ പൊന്മുടി തുറക്കില്ല. ജില്ലയില്‍ ഖനന പ്രവര്‍ത്തനങ്ങളും കടലോര-കായലോര-മലയോര യാത്രകള്‍ക്കും നിരോധനമേർപ്പെടുത്തിയിട്ടുണ്ട്.