Kerala

പൊതുവിദ്യാഭ്യാസ മേഖലയില്‍ രാജ്യത്തെ ആദ്യത്തെ സമ്പൂര്‍ണ്ണ ഡിജിറ്റല്‍ സംസ്ഥാനമായി കേരളം

Kerala has become the first fully digital state in the country in the field of public education

തിരുവനന്തപുരം: ആരോഗ്യരംഗത്തും പൊതുവിദ്യാഭ്യാസ രംഗത്തും കേരളം രാജ്യത്തിന് മുന്നില്‍ എന്നും മികച്ച മാതൃകയാണ്. പൊതുവിദ്യാഭ്യാസ മേഖലയില്‍ രാജ്യത്തെ ആദ്യത്തെ സമ്പൂര്‍ണ്ണ ഡിജിറ്റല്‍ സംസ്ഥാനം എന്ന നേട്ടമാണ് ഏറ്റവും ഒടുവിലായി കേരളം സ്വന്തമാക്കിയിരിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയന്‍ ആണ് പ്രഖ്യാപനം നടത്തിയിരിക്കുന്നത്. സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ ഹൈടെക് ക്‌ളാസ്മുറി, ഹൈടെക് ലാബ് പദ്ധതികൾ പൂർത്തിയായതോടെയാണിത്. വിദ്യാഭ്യാസരംഗത്ത് സമ്പൂർണ ഡിജിറ്റൽ സംസ്ഥാനമാകുന്നതോടെ 41 ലക്ഷം കുട്ടികൾക്കാണ് പ്രയോജനം ലഭിക്കുന്നത്.

ഒന്നു മുതൽ 12 വരെയുള്ള ക്‌ളാസുകളിലേക്ക് 16,027 സ്‌കൂളുകളിലായി 3,74,274 ഡിജിറ്റൽ ഉപകരണങ്ങളാണ് സ്മാർട് ക്ലാസ്റൂം പദ്ധതിക്കായി വിതരണം ചെയ്തത്. 4752 ഹൈസ്‌കൂൾ, ഹയർ സെക്കൻഡറി സ്‌കൂളുകളിലായി 45,000 ഹൈടെക് ക്ലാസ് മുറികൾ ഒന്നാം ഘട്ടത്തിൽ സജ്ജമാക്കി. പ്രൈമറി- അപ്പർ പ്രൈമറി തലങ്ങളിൽ 11,275 സ്‌കൂളുകളിൽ ഹൈടെക് ലാബും തയ്യാറാക്കി. 12, 678 സ്‌കൂളുകളിൽ ഹൈസ്പീഡ് ഇന്റർനെറ്റ് സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്. സ്‌കൂളുകളിലെ ഐ.ടി. ഉപകരണങ്ങൾക്ക് അഞ്ച് വർഷത്തെ വാറന്റിയും ഇൻഷുറൻസ് പരിരക്ഷയും ഉറപ്പാക്കിയിട്ടുണ്ട്. 1,83,440 അധ്യാപകർക്കാണ് പരിശീലനം നൽകിയത്.

പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായാണ് ഹൈടെക് ക്ലാസ് റൂം പദ്ധതി നടപ്പാക്കിയത്. 2017ലാണ് കൈറ്റിന്റെ നേതൃത്വത്തിൽ സംസ്ഥാനത്തെ എൽ. പി, യു. പി വിഭാഗങ്ങളിൽ ആദ്യഘട്ട പ്രവർത്തനം തുടങ്ങിയത്. കിഫ്ബിയുടെ ധനസഹായത്തോടെയായിരുന്നു പദ്ധതി. എം പി മാർ, എം എൽ എ മാർ എന്നിവരുടെ ആസ്തിവികസനഫണ്ട്, തദ്ദേശ സ്ഥാപനഫണ്ട് എന്നിവ ഉപയോഗിച്ചും ഹൈടെക് ക്ലാസ് മുറികൾ സജ്ജമാക്കിയിട്ടുണ്ട്.

കേരളം ലോകത്തിന് മുന്നിൽ അവതരിപ്പിക്കുന്ന, ജനകീയ പങ്കാളിത്തത്തോടെയുള്ള വികസന പദ്ധതിയുടെ, ഏറ്റവും മികച്ച മാതൃകയാണ് പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. പൊതുവിദ്യാഭ്യാസ രംഗത്ത് കേരളം സമ്പൂർണ ഡിജിറ്റൽ സംസ്ഥാനമായതിന്റെ പ്രഖ്യാപനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.

കിഫ്ബിയിൽ നിന്ന് 793.5 കോടി രൂപയാണ് ഇതിനായി വകയിരുത്തിയതെങ്കിലും 595 കോടി രൂപയ്ക്ക് പണി പൂർത്തിയാക്കാനായതായി മുഖ്യമന്ത്രി പറഞ്ഞു. കുറഞ്ഞ ചെലവിൽ കുറഞ്ഞ സമയത്തിൽ പദ്ധതി പൂർത്തീകരിക്കാനായി. ക്‌ളാസ് മുറികളുടെ തറയും സീലിങും നിർമാണവും വൈദ്യുതീകരണവുമെല്ലാം വലിയ തോതിലുള്ള പ്രാദേശിക ഇടപെടലോടെയാണ് പൂർത്തിയാക്കിയത്. 135.5 കോടി രൂപയാണ് നാടിന്റെ വകയായി പദ്ധതിയിൽ ചെലവഴിച്ചത്. ജനപ്രതിനിധികൾ, തദ്ദേശസ്ഥാപനങ്ങൾ, അധ്യാപകർ, രക്ഷകർത്താക്കൾ, പൂർവവിദ്യാർത്ഥികൾ തുടങ്ങി വിദ്യാഭ്യാസ തത്പരരായ മുഴുവൻ ജനങ്ങളും സഹകരിച്ചു. ഈ പദ്ധതിയുടെ ഭാഗമാവുകയും സഹകരിക്കുകയും ചെയ്ത എല്ലാവരെയും മുഖ്യമന്ത്രി അഭിനന്ദിച്ചു.

അതിവേഗ വാർത്തകൾക്ക് ടെലഗ്രാം ചാനലിൽ അംഗമാവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Leave a Reply

Your email address will not be published. Required fields are marked *

Back to top button