കാര്‍ഷിക ബില്ലുകള്‍ക്കെതിരെ കേരള സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിക്കും; മന്ത്രിസഭാ തീരുമാനം
Kerala government to approach Supreme Court against agriculture bills; Cabinet decision
തിരുവനന്തപുരം: വിവാദമായ കാര്‍ഷിക ബില്ലുകള്‍ക്കെതിരെ സുപ്രീം കോടതിയെ സമീപിക്കാനുള്ള നീക്കവുമായി സംസ്ഥാന സര്‍ക്കാര്‍. ബില്ലുകള്‍ക്കെതിരെ സുപ്രീം കോടതിയെ സമീപിക്കാൻ മന്ത്രിസഭ തീരുമാനിച്ചെന്നും ഇതിനു മുന്നോടിയായി സര്‍ക്കാര്‍ നിയമോപദേശം തേടിയെന്നും വിവിധ വാര്‍ത്താ ചാനലുകള്‍ റിപ്പോര്‍ട്ടു ചെയ്തു. കേന്ദ്രസര്‍ക്കാര്‍ പാര്‍ലമെന്റിന്റെ ഇരുസഭകളിലും പാസാക്കിയ ബില്ലുകള്‍ ‘ഗുരുതരമായ ഭരണഘടനാവിഷയ’മാണെന്ന് മന്ത്രിസഭ വിലയിരുത്തിയെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാൽ കോൺട്രാക്ട് ഫാമിങ് അനുവദിക്കുകയും വിളകള്‍ ആര്‍ക്കു വേണമെങ്കിലും വിൽക്കാൻ കര്‍ഷകരെ അനുവദിക്കുകയും ചെയ്യുന്ന ബില്ലുകള്‍ ‘ചരിത്രപര’മെന്നാണ് കേന്ദ്രസര്‍ക്കാര്‍ അവകാശപ്പെടുന്നത്.
ബിൽ രാജ്യസഭ പാസാക്കിയതിനു പിന്നാലെ പഞ്ചാബും ഹരിയാനയും ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളിൽ കര്‍ഷകരുടെയും കോൺഗ്രസ് പ്രവര്‍ത്തകരുടെയും നേതൃത്വത്തിൽ വൻ പ്രതിഷേധമാണ് നടക്കുന്നത്. പുതിയ ബില്ലുകള്‍ താങ്ങുവില സമ്പ്രദായം അവസാനിക്കാൻ ഇടയാക്കുമെന്നാണ് വിമര്‍ശകരുടെ ആരോപണം.
സംസ്ഥാന സര്‍ക്കാരിൻ്റെ അധികാര പരിധിയിൽ വരുന്ന കാര്‍ഷിക മേഖലയിലേയ്ക്കുള്ള കടന്നുകയറ്റമാണ് പുതിയ ബിൽ എന്ന് കൃഷിമന്ത്രി വിഎസ് സുനിൽകുമാര്‍ ഉള്‍പ്പെടെയുള്ളവര്‍ വിലയിരുത്തിയെന്നാണ് റിപ്പോര്‍ട്ടുകള്‍. സംസ്ഥആനങ്ങളുടെ അഭിപ്രായം ആരായാതെ ബിൽ അടിച്ചേൽപ്പിക്കാനാണ് ശ്രമം നടക്കുന്നതെന്നും ബില്ലുകള്‍ക്കെതിരെ സുപ്രീം കോടതിയെ സമീപിക്കാൻ നിയമവകുപ്പിനോട് ആവശ്യപ്പെട്ടതായും രണ്ട് ദിവസം മുൻപ് മന്ത്രി സുനിൽകുമാര്‍ മാധ്യമങ്ങളോടു പറഞ്ഞിരുന്നു.
കാര്‍ഷിക ബിൽ ‘കരിനിയമ’മാണെന്നും കര്‍ഷകരുടെ ‘മരണ വാറണ്ട്’ ആണെന്നുമാണ് കോൺഗ്രസിന്റെ ആരോപണം. എന്നാൽ താങ്ങുവിലയിൽ ആശങ്ക വേണ്ടെന്നും പുതിയ ബില്ലുകള്‍ കര്‍ഷകരുടെ വരുമാനം വര്‍ധിപ്പിക്കാൻ ഇടയാക്കുമെന്നും കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി.