കേരള പിതാവ് എന്ന വിശേഷണം അർഹിക്കുന്ന ഏക വ്യക്തിത്വം കേരള ഗാന്ധി എന്ന പേരിൽ അറിയപ്പെടുന്ന കെ. കേളപ്പൻ, ബ്രിട്ടീഷ് അധിനിവേശത്തിന്റെ ഭാഗമായ കേരളത്തിൽ കോഴിക്കോട് ജില്ലയിലെ കോയിലാണ്ടി താലുക്കിലുള്ള മൂടാടി പഞ്ചായത്തിലെ മുച്ചുകുന്ന് ഗ്രാമത്തിൽ, 1889 ആഗസ്റ്റ് 24ന് തേൻ പൊയിൽ കണാരൻ നായർ കൊഴപ്പള്ളി കുഞ്ഞമ്മു അമ്മ ദമ്പതികളുടെ മകനായി ഒരു സാധാരണ നായർ കുടുംബത്തിലാണ് ജനിച്ചത്. കോഴിക്കോടും മദ്രാസിലുമായി വിദ്യാഭ്യാസം പൂർത്തീകരിച്ച കേളപ്പൻ നായർ ചങ്ങനാശേരി എസ്. ബി. സ്കൂളിൽ അദ്ധ്യാപകനായി ഔദ്യോഗിക ജീവിതം ആരംഭിച്ചു.
കേളപ്പൻ നായർ ചങ്ങനാശ്ശേരി സെൻറ്. ബർക്കുമാൻസ് സ്കൂളിൽ അധ്യാപകനായി കഴിയുന്ന കാലത്താണ് മന്നത്ത് പത്മനാഭ പിള്ളയെ പരിചയപ്പെടുന്നത്. ഇവർ രണ്ട് പേരും ചേർന്ന് മറ്റു പന്ത്രണ്ട് പേരെയും കൂട്ടി ഉണ്ടാക്കിയ ഒരു സംഘടനയാണ് നായർ സമുദായ ഭൃത്യ ജന സംഘം അഥവാ ഇന്നത്തെ നായർ സർവീസ് സൊസൈറ്റി. ഇങ്ങനെ കേളപ്പൻ നായർ നായർ സർവീസ് സൊസൈറ്റിയുടെ സ്ഥാപക അംഗമാവുകയും ആദ്യ ജനറൽ സെക്രട്ടറിയായി മന്നത്ത് പത്മനാഭ പിള്ളയെയും, ആദ്യ പ്രസിഡണ്ടായി കെ. കേളപ്പൻ നായരെയും തിരഞ്ഞെടുത്തു. പിന്നീട് ഇവിടെ നിന്ന് തന്നെയാണ് മന്നത്തിനും കൂട്ടാളികൾക്കും ഒപ്പം തന്റെയും പേരിനൊപ്പമുള്ള ജാതി പേര് നീക്കം ചെയ്തത്.
ഒരു വക്കീൽ ഗുമസ്തനായ തന്റെ പിതാവിന്റെ ആഗ്രഹം നിറവേറ്റുവാനായി ബോംബെയിൽ തൊഴിൽ ചെയ്ത് നിയമ പഠനം നടത്തുകയുണ്ടായി കൊഴപ്പള്ളി കേളപ്പൻ. ഇതിനിടയിലാണ് ഗാന്ധിജിയുടെ ആദർശങ്ങളിൽ പ്രചോദിതനായി ജോലിയും പഠനവുമുപേക്ഷിച്ച്, തന്റെ ജീവിതം മാതൃ രാജ്യത്തിനായി ഉഴിഞ്ഞുവെക്കുവാൻ തീരുമാനിക്കുന്നത്. ജിവിതത്തിൽ നില നിർത്തിയ ലാളിത്യവും ഉയർന്ന ചിന്തയും കേളപ്പൻ എന്ന വ്യക്തിയെ മാതൃകാ പുരുഷനാക്കിമാറ്റി.
ദേശീയ വിമോചന സമരങ്ങളിൽ സജിവമായ കെ. കേളപ്പൻ സമൂഹത്തിലെ അനാചാരങ്ങൾക്ക് എതിരെ പോരാടിയ ഊർജസ്വലനായ ഒരു പരിഷ്കൃത വിപ്ലവകാരിയായിരുന്നു. 1921 ലെ മാപ്പിള ലഹളയുടെ കാലത്ത് പൊന്നാനി ഖജനാവ് കൊള്ളയടിക്കുവാൻ എത്തിയ ഒരു കൂട്ടം അക്രമികളെ, താൻ സ്വായത്തമാക്കിയ ഗാന്ധി മാർഗത്തിലുടെ പറഞ്ഞ് മനസിലാക്കി തിരിച്ച് വിടുവാൻ കേളപ്പന് സാധ്യമായി.
നിസഹകരണ പ്രസ്ഥാനം നിർത്തിവെച്ചതോടെ അടിച്ചമർത്തപ്പെട്ട വിഭാഗങ്ങളുടെ അവകാശങ്ങൾ നേടിയെടുക്കുന്നതിനായി, ഗാന്ധിജി വിഭാവനം ചെയ്ത ഒരു പ്രവർത്തനമാണ് അയിത്തോച്ചാടനത്തിനെതിരെയുള്ള സമരങ്ങൾ. രാജ്യം മുഴുവൻ ശ്രദ്ധയാകർഷിച്ച അയിത്തത്തിനെതിരെ ഇന്ത്യയിൽ നടന്ന ആദ്യത്തെ ഐതിഹാസിക സമരമാണ് വൈക്കം സത്യഗ്രഹം. കോട്ടയം ജില്ലയിലെ വൈക്കം മഹാദേവ ക്ഷേത്രത്തിലേക്കുള്ള വഴികളിലൂടെ സമൂഹത്തിലെ എല്ലാവർക്കും സഞ്ചാര സ്വാതന്ത്ര്യം അനുവദിക്കുന്നതിനായി, 1924 മാർച്ച് 30 ന് തുടങ്ങി 1925 നവംബർ 23 വരെയുള്ള 603 ദിവസം നീണ്ട് നിന്ന സത്യഗ്രഹത്തിലെ കോൺഗ്രസ്സ് നേതാക്കളിൽ ഒരു പ്രധാനിയായിരുന്നു കെ. കേളപ്പൻ.
ഇന്ത്യൻ സ്വാതന്ത്ര്യ സമര ചരിത്രത്തിലെ നാഴികക്കല്ലായ ഉപ്പ് സത്യഗ്രഹ സമരത്തിൽ കേരളത്തെ ഒരു മാതൃകയാക്കുവാൻ കേളപ്പജിക്ക് സാധ്യമായി. നിയമ ലംഘന പ്രസ്ഥാനം ആരംഭിക്കുന്നതിന്റെ ഭാഗമായി ഗാന്ധിജി ഉപ്പ് കുറുക്കി നിയമം ലംഘിച്ചതിന്റെ തുടർച്ചയായി,1930 ഏപ്രിൽ 13 ന് കെ. കേളപ്പന്റെ നേതൃത്വത്തിൽ മലബാറിനെ ഇളക്കി മറിച്ച് കൊണ്ട്, കോഴിക്കോട് നിന്നും പയ്യന്നൂരിലേക്ക് കാൽനടയായി ജാഥ നയിച്ചാണ്, ഉളിയത്ത് കടവിൽ കേരളത്തിലെ ആദ്യത്തെ ഉപ്പ് കുറുക്കൽ സമരം നടന്നത്.
കേരളത്തിന്റെ നവോത്ഥാന ചരിത്രത്തിൽ സുവർണ്ണ ലിപികളാൽ എഴുതപ്പെട്ട ഒരേടാണ്, ഹൈന്ദവ ക്ഷേത്രങ്ങളിൽ എല്ലാ ഹിന്ദുക്കൾക്കും പ്രവേശനം ലഭിക്കുന്നതിനായി, 1931 – 1932 ൽ ഗുരുവായൂർ ക്ഷേത്രത്തിന് മുമ്പിൽ നടത്തിയ സത്യഗ്രഹം. ക്ഷേത്ര സത്യഗ്രഹത്തിനായി എ. ഐ. സി. സി. യിൽ വാദിച്ച കേളപ്പന് ഗാന്ധിജി സമ്മതം നൽകുകയും, തുടർന്ന് അദ്ദേഹം കേരള പ്രദേശ് കോൺഗ്രസ്സ് കമ്മിറ്റിയിൽ അവതരിപ്പിച്ച പ്രമേയത്തിന്റെ അടിസ്ഥാനത്തിൽ സത്യഗ്രഹം നടത്തുവാൻ കേളപ്പജിയെ ചുമതലപ്പെടുത്തുകയായിരുന്നു. ജീവൻ പോയാലും ഏറ്റെടുത്ത ദൗത്യം നിറവേറ്റുക എന്ന ലക്ഷ്യവുമായി 12 ദിവസം നീണ്ടുനിന്ന സത്യഗ്രഹം, ഒടുവിൽ ഗാന്ധിജിയുടെ അഭ്യർത്ഥന മാനിച്ചാണ് നിർത്തിയത്.
സ്വാതന്ത്ര്യ സമരത്തിന്റെ ഭാഗമായി പലതവണ ജയിൽ വാസം അനുഭവിച്ചിട്ടുള്ള കെ. കേളപ്പൻ, ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിക്കുമ്പോൾ കേരള പ്രദേശ് കോൺഗ്രസ്സ് കമ്മിറ്റിയുടെ അദ്ധ്യക്ഷനായിരുന്നു. മാതൃഭൂമി പത്രത്തിന്റെ സ്ഥാപകരിൽ ഒരാളായ കേളപ്പജി നല്ലൊരു പത്രലേഖകനുമായിരുന്നു. 1929 ലും 1936 ലും മാതൃഭൂമി പത്രത്തിന്റെ പത്രാധിപരായിരുന്ന കേളപ്പജി 1954 ൽ സമദർശിനിയുടെ പത്രാധിപത്യവും വഹിച്ചിട്ടുണ്ട്. കെ. പി. സി. സി. പ്രസിഡന്റായി ഒരുപാട് കാലം സേവനം അനുഷ്ടിച്ച കെ. കേളപ്പൻ, 1951 ൽ കോൺഗ്രസ്സ് പ്രസ്ഥാനത്തിൽ നിന്നും രാജി വെച്ച്, ആചാര്യ കൃപലാനി നേതൃത്യം നൽകിയ കിസാൻ മസ്ദൂർ പ്രജാ പാർട്ടിയിൽ ചേർന്നു. 1952 ൽ പൊന്നാനിയിൽ നിന്നും ആദ്യത്തെ ലോകസഭാംഗമായി.
സ്വദേശി പ്രസ്ഥാനത്തിന്റെ മുൻപന്തിയിൽ എന്നുമുണ്ടായിരുന്ന കെ. കേളപ്പൻ, നമ്മുടെ സംസ്ഥാനത്ത് കുടിൽ വ്യവസായങ്ങൾ വേരുറപ്പിക്കുന്നതിൽ വഹിച്ചിട്ടുള്ള പങ്ക് സുപ്രധാനമാണ്. മദ്യവർജനത്തിനായി ഗാന്ധിയൻ സമരമുറ ആവിഷ്ക്കരിച്ച കേരളത്തിലെ ആദ്യത്തെ ധർമ്മ യോദ്ധാവാണ് കേളപ്പജി. സർവോദയ സംഘത്തിന്റെ ആറ് മാസത്തിലധികം നീണ്ട പയ്യോളിയിലെ മദ്യഷാപ്പ് പിക്കറ്റിംഗിന് നേതൃത്വം കൊടുത്ത കേളപ്പൻ, നിവർത്തി പിടിച്ച കത്തിയുമായി തനിക്ക് നേരെ വരുന്ന ഷാപ്പ് ഉടമയോട്, സ്നേഹപൂർവ്വം സഹോദരാ എന്ന് വിളിച്ച സംഭവം പ്രസിദ്ധമാണ്.
ഇന്ത്യയിലെ നിശബ്ദനായ രാഷ്ട്ര സേവകൻ എന്ന് ഒരു കത്തിലൂടെ ഗാന്ധിജി വിശേഷിപ്പിച്ച കെ. കേളപ്പൻ, ഹരിജനങ്ങളുടെ ഉന്നമനത്തിനായി ചെയ്ത പ്രവർത്തികൾ സ്തുത്യർഹമാണ്. 1926 ൽ കേളപ്പൻ നാടുവാഴിയായ അവിഞ്ഞിൽ മൂപ്പിൽ നായരിൽ നിന്നും വാങ്ങിയ നല്ലമ്പ്രകുന്നിലെ ഏഴേക്കറോളം വരുന്ന ഭൂമിയിൽ, ഹരിജനങ്ങളുടെ ഉന്നമനത്തിനായി തുടങ്ങിയ ശ്രദ്ധാനന്ദ വിദ്യാലയമാണ്, 1934 ജനുവരി 13 ന് മഹാത്മ ഗാന്ധി ഉദ്ഘാടനം ചെയ്ത പയ്യോളി തുറയൂരിലെ പാക്കനാപുരത്തെ ഗാന്ധി സദൻ. തവനൂരിൽ നിളയുടെ തീരത്തെ തിരുന്നാവായ ഓത്താർ മഠത്തിന് സമീപം, പിന്നാക്ക വിഭാഗങ്ങളിലെ വിദ്യാർത്ഥികൾക്കായി കെ. കേളപ്പൻ ആരംഭിച്ച ഹോസ്റ്റലാണ്, നമ്മൾ സംസ്ഥാനത്ത് ഇന്ന് കാണുന്ന ഹരിജൻ ഹോസ്റ്റലുകൾക്ക് മാതൃകയായത്.
ഗാന്ധിയൻ വിദ്യാഭ്യാസ ദർശനങ്ങളുടെ മൂല്യങ്ങൾ ഉൾകൊണ്ട് 1960 ൽ കേളപ്പജി തുടങ്ങിയ സർവോദയപുരം പോസ്റ്റ് ബേസിക് സ്കൂളാണ്, മലപ്പുറം ജില്ലയിലെ തവനൂരിൽ ഇന്ന് കാണുന്ന കേളപ്പൻ മെമ്മോറിയൽ ഗവ: വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ. ഇന്ത്യൻ പ്രധാനമന്ത്രിയായിരുന്ന പണ്ഡിറ്റ് ജവഹർലാൽ നെഹ്റുവുമായുള്ള കേളപ്പജിയുടെ അടുപ്പം കൊണ്ട്, തന്റെ സുഹൃത്തും ദേശീയവാദിയുമായ തവനൂർ മനയിലെ പരമേശ്വരൻ നമ്പൂതിരിപ്പാട് ദാനം നൽകിയ 100 ഏക്കർ സ്ഥലത്ത്, 1963 ൽ സ്ഥാപിച്ച തവനൂർ റൂറൽ ഇൻസ്റ്റിറ്റ്യൂട്ടാണ് കേരളത്തിലെ ഏക കാർഷിക എഞ്ചിനീയറിംഗ് കലാലയമായി മാറിയ, ഇന്നത്തെ കേളപ്പജി കോളേജ് ഓഫ് അഗ്രികൾച്ചറൽ എഞ്ചിനിയറിങ് ആൻറ് ടെക്നോളജി അഥവാ KCAET.
വായുവും വെള്ളവും പോലെ ഭൂമിക്കും സ്വകാര്യ ഉടമസ്ഥാവകാശം പാടില്ലെന്ന സന്ദേശവുമായി, ഗാന്ധിജിയുടെ മരണശേഷം ശിഷ്യനും ആത്മീയ പിൻഗാമിയുമായ വിനോബാ ഭാവെ, ഭൂവുടമകളിൽ നിന്ന് ഭൂമി ദാനമായി സ്വീകരിച്ച് ഭൂരഹിതർക്ക് സൗജന്യമായി നൽകുവാൻ ആരംഭിച്ച ഭൂദാന പ്രസ്ഥാനം,1957 ൽ കേരളത്തിലൂടെ കടന്ന് പോയ 128 ദിവസത്തെ പദയാത്രയുടെ നേതൃത്വം ഏറ്റെടുത്ത് ഉദ്ഘാടനം നിർവ്വഹിച്ചത് കേളപ്പജിയായിരുന്നു. ശാക്തേയ പാരമ്പര്യമുള്ള കോഴപ്പള്ളി തറവാടിന്റെ സന്തതിയായ കേളപ്പൻ യൗവ്വനത്തിൽ തികഞ്ഞ യുക്തിവാദിയായിരുന്നിട്ടും, 1968 ൽ ഇ. എം. എസ്. സർക്കാർ സ്വീകരിച്ച ജനാധിപത്യ വിരുദ്ധ നിലപാടാണ്, ഹൈന്ദവോദ്ധാരണത്തിന് ജനാധിപത്യ രാഷ്ട്രീയം മതിയാകില്ല എന്നുറപ്പിച്ച് ധർമ്മ സമരമുറകളിലുടെ, അങ്ങാടിപ്പുറം തളി മഹാദേവ ക്ഷേത്രം പുനർനിർമ്മിച്ചതും, കേരള ചരിത്രത്തിലെ ഒരു നാഴികക്കല്ലായി മാറിയ ക്ഷേത്ര സംരക്ഷണ സമിതി രൂപീകരിച്ചതും.
ഗാന്ധിജിയുടെ സത്യഗ്രഹ പ്രസ്ഥാനത്തിൽ ചേർന്ന കേരളത്തിലെ ആദ്യത്തെ സത്യഗ്രഹിയായ കെ. കേളപ്പൻ, പാർലിമെന്റ് അംഗമായ ശേഷം രാഷ്ട്രീയം ഉപേക്ഷിച്ച് സർവോദയ പ്രസ്ഥാനത്തിൽ സജീവമായി. കേരള സര്‍വോദയ സംഘം, കേരള ഗാന്ധി സ്മാരക നിധി, കേരള സര്‍വോദയ മണ്ഡല്‍, കോഴിക്കോട് ഗാന്ധി പീസ് ഫൗണ്ടേഷന്‍ തുടങ്ങിയ കേരളത്തിലെ മിക്കവാറും എല്ലാ ഗാന്ധിയന്‍ സംഘടനകളുടെയും അദ്ധ്യക്ഷനായി കേളപ്പജി പ്രവര്‍ത്തിച്ചു. മലയാളം സംസാരിക്കുന്ന പ്രദേശങ്ങളെയെല്ലാം ചേർത്ത് ഐക്യ കേരളം രൂപീകരിക്കുന്നതിൽ മുൻപന്തിയിൽ നിന്ന കേളപ്പജി, 1969 ൽ ഇ. എം. എസ്. നേതൃത്വം കൊടുത്ത സപ്തകക്ഷി സർക്കാർ മലപ്പുറം ജില്ല രൂപീകരിച്ചപ്പോൾ, കേരളത്തിൽ ഒരു കൊച്ച് പാകിസ്ഥാൻ സൃഷ്ടിച്ച് ഇന്ത്യൻ ദേശീയതയെ വെല്ല് വിളിക്കുന്ന നടപടിയാണെന്ന് ചൂണ്ടി കാണിച്ച ദീർഘ ദർശിയാണ് കെ. കേളപ്പൻ.
കേരളം ജന്മം നൽകിയ മഹാത്മാക്കളിൽ മഹാത്മാവായ കെ. കേളപ്പൻ, 1971 ഒക്ടോബർ 7 ന് കോഴിക്കോട് ഗാന്ധി ആശ്രമത്തിൽ വെച്ച് അന്ത്യശാസം വലിച്ചു. ഭാര്യ – ടി. പി. ലക്ഷ്മി അമ്മ, മകൻ – ടി. പി. കെ. കിടാവ്. കേളപ്പജിയുടെ ആഗ്രഹപ്രകാരം ഭരണകൂടത്തിന്റെ പ്രത്യേക അനുമതിയോടെ അദ്ദേഹത്തിന്റെ കർമ്മ ഭൂമിയായ തവനൂരിൽ, ശിവക്ഷേത്രത്തിന് അരികിലൂടെ ഒഴുകുന്ന നിളയുടെ തീരത്ത് ഔദ്യോഗിക ബഹുമതികളോടെ ഭൗതിക ശരീരം സംസ്കരിച്ചു. കേരളത്തിലെ ജനങ്ങൾക്ക് ഗാന്ധിജിയുടെ ജീവിതവും ആദർശങ്ങളും പകർന്ന് നൽകിയ, രാഷ്ട്രത്തിന് വേണ്ടി നിസ്വാർത്ഥ ജീവിതം സമർപ്പിച്ച കേളപ്പജിയുടെ സമാധി ഭൂമിയിൽ, അരനൂറ്റാണ്ടായിട്ടും ഒരു സ്മാരകം ഉയരാത്തത് ആധുനിക കേരളത്തിന് ഒരു മാറാപ്പാണ്.
2014 ൽ നിളാ വിചാര വേദി നടത്തിയ നിള പരിക്രമ യാത്രയുടെ ഭാഗമായി കേളപ്പജിയുടെ അന്യാധീനപ്പെട്ട സമാധിഭൂമി കണ്ടെത്തി വീണ്ടെടുക്കുകയും, ഒരു തറ കെട്ടി എല്ലാ വർഷവും സ്മൃതിദിനം ആചരിച്ച് വരുന്നു. ധീര ദേശാഭിമാനി കേളപ്പജിയുടെ നാൽപ്പത്തി ഒമ്പതാമത് സ്മൃതിദിനം കടന്ന് പോകുന്ന ഈ വേളയിൽ, സമാധിഭൂമിയിൽ ഉചിതമായ സ്മാരകം നിർമ്മിക്കുന്നതിനായി കേന്ദ്ര സർക്കാറിനെ സമീപിക്കുമെന്ന് പറയുന്നു നിളാ വിചാര വേദി ജനറൽ സെക്രട്ടറി വിപിൻ കൂടിയേടത്ത്.
തെയ്യാറാക്കിയത്
പ്രസാദ് കെ ഷൊർണൂർ