തിരുവനന്തപുരം: റബ്ബർ കർഷകർക്ക് തെല്ല് ആശ്വസിക്കാം സംസ്ഥാന ബജറ്റിൽ ഇത്തവണ റബ്ബറിൻറെ താങ്ങു വില വർധിപ്പിച്ചിരിക്കുകയാണ് സർക്കാർ. നിലവിലെ തുകയിൽ നിന്നും 10 രൂപയാണ് കൂട്ടിയത്. 180 രൂപയാണ് ഇതോടെ നിലവിലെ റബ്ബറിൻറെ താങ്ങു വിലയായി ലഭിക്കുക. റബ്ബർ വ്യവസായ സമുച്ചയം സ്ഥാപിക്കാനായി 250 കോടിയും സർക്കാർ വകയിരുത്തിയിട്ടുണ്ട്. ഇതോടെ കർഷകർക്ക് നേരിയ ആശ്വാസമാണ് ഇത്തവണത്തെ ബജറ്റിൽ ലഭിക്കുന്നത്.
അതേസമയം താങ്ങ് വില 300 രൂപയാക്കണമെന്നാണ് ആവശ്യം. ഇത് സംബന്ധിച്ച കണ്ണൂർ ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി പറഞ്ഞത് വലിയ വിവാദമായിരുന്നു. വില 300 ആക്കിയാൽ ബിജെപിക്ക് വോട്ട് ചെയ്യുന്നതിന് പ്രയാസമില്ലെന്നായിരുന്നു ബിഷപ്പ് പറഞ്ഞത്. എന്നാൽ ലോക്സഭയിൽ ഡീൻ കുര്യാക്കോസ് ഇത് സംബന്ധിച്ച് ചോദിച്ച ചോദ്യത്തിന് താങ്ങുവില ഉയർത്തുന്ന കാര്യം പരിഗണിക്കുന്നില്ലെന്നായിരുന്നു കേന്ദ്ര സർക്കാരിൻറെ മറുപടി. 16100 രൂപയാണ് സംസ്ഥാനത്തിന് റബ്ബർ ക്വിൻറലിൻറെ വില. നിലവിൽ 165- 170 രൂപ വരെയാണ് റബ്ബറിൻറെ കിലോ വില.
ബജറ്റിലെ മറ്റ് പ്രഖ്യാപനങ്ങൾ
പ്ലാന്റേഷൻ മേഖലയ്ക്കായി 10 കോടി രൂപ മാറ്റി വെക്കുമ്പോൾ കേരള സ്പൈസ് ആൻഡ് പാർക്കിന്റെ വികസനത്തായി 52 കോടിയാണ ബജറ്റിൽ വകയിരുത്തുന്നത്. കശുവണ്ടി പുനർജ്ജീവനത്തിനായി 30 കോടിയും സ്കൂളിൽ ഉച്ചഭക്ഷണം പദ്ധതിക്കായി 352.14 കോടിയും വകയിരുത്തിട്ടുണ്ട്. പൂർവ്വ വിദ്യാർത്ഥികളുടെ സഹകരണത്തോടെ സ്കൂളുകൾ നവീകരിക്കും. മെഡിക്കൽ കോളജിലൂടെ സമഗ്രവികസനത്തിനായി 217.45 കോടിയും ആർദ്രം പദ്ധതിക്ക് 28.88 കോടിയും ബജറ്റിലുണ്ട്.