
2024-25 സാമ്പത്തിക വർഷത്തേക്കുള്ള സംസ്ഥാനത്തിന്റെ ബജറ്റ് ഇന്ന് അവതരിപ്പിക്കും. രണ്ടാം പിണറായി വിജയൻ സർക്കാരിന്റെ മൂന്നാമത്തെ സമ്പൂർണ ബജറ്റാണ് ഇന്ന് അവതരിപ്പിക്കുക. അതിരൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന സംസ്ഥാനത്തിന് പരമാവധി വരുമാനം എവിടെ നിന്നും കണ്ടെത്തുമെന്നാകും ബജറ്റിൽ ശ്രദ്ധേയമാകുക. ഒപ്പം ലോക് സഭ തിരഞ്ഞെടുപ്പ് മുന്നിൽക്കണ്ട് കൊണ്ടുള്ള പ്രഖ്യാപനങ്ങളും ഉണ്ടായേക്കും. ഇന്ത്യൻ സമയം രാവിലെ ഒമ്പത് മണി മുതൽ ധനകാര്യ വകുപ്പ് മന്ത്രി കെ.എൻ ബാലഗോപാൽ ബജറ്റ് അവതരിപ്പിക്കും. കെ. എൻ ബാലഗോപാലിന്റെ നാലാമത്തെ ബജറ്റ് അവതരണമാണ് ഇന്ന് നടക്കുക.
ക്ഷേമ പെൻഷൻ, സർക്കാർ ജീവനക്കാരുടെയും പെൻഷൻ ഉപയോക്താക്കളുടെയും ഡിഎ കുടിശിക തുടങ്ങിയ വിഷയങ്ങളിൽ പരിഹാരമാകും ബജറ്റിൽ കൂടുതൽ പേരും പ്രതീക്ഷിക്കുന്നത്. ക്ഷേമപെൻഷൻ ഉയർത്തില്ലയെന്ന് നേരത്തെ തന്നെ സൂചന പുറത്ത് വന്നിരുന്നു. രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിക്കിടയിൽ അധികം വരുമാനത്തിനായി സംസ്ഥാനത്തിന്റെ പദ്ധതിയെന്താകുമെന്നതും ബജറ്റിലേക്ക് ഉറ്റുനോക്കുന്നു.
ഇടിവ് രേഖപ്പെടുത്തിയ നികുതി വരുമാനം എങ്ങനെ വർധിപ്പിക്കാം, കാർഷിക മേഖലയിലേക്ക് എന്ത്? റബറിന്റെ താങ്ങ് വിലയിലെ തീരുമാനം, വരുമാനം ഉണ്ടാക്കാൻ എവിടെ വില വർധിപ്പിക്കും എവിടെയൊക്കെയാകും ഫീസ് വർധന തുടങ്ങിയവയാകാം ബജറ്റിലെ മറ്റ് ശ്രദ്ധകേന്ദ്രങ്ങൾ. നികുതി വിഹിതം നൽകാത്ത കേന്ദ്രത്തിനെതിരായ വിമർശനം ഇത്തവണയും ബജറ്റിലുണ്ടായേക്കും.
സാമ്പത്തിക പ്രതിസന്ധി നിലനിൽക്കുന്നതിനാൽ വമ്പൻ പ്രഖ്യാപനങ്ങൾക്ക് സാധ്യതയില്ല. എന്നാൽ തിരഞ്ഞെടുപ്പ് മുന്നിൽക്കണ്ട് ആ സാധ്യത തള്ളക്കള്ളയാനുമാകില്ല. ഒമ്പത് മണിക്ക് ബജറ്റ് പ്രസംഗം ആരംഭിക്കും. നാളെ മുതൽ 11-ാം തീയതി വരെ നിയമസഭ ചേരില്ല. 12-ാം തീയതി മുതൽ 15 വരെയാണ് ബജറ്റിന്മേലുള്ള ചർച്ച